ജോയിയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി റെയില്‍വേ; തോട് മലീമസമാകുന്നത് തടയുന്നതിന് കോര്‍പ്പറേഷന്‍ നടപടി സ്വീകരിക്കണം

Jul 16, 2024
ജോയിയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി റെയില്‍വേ; തോട് മലീമസമാകുന്നത് തടയുന്നതിന് കോര്‍പ്പറേഷന്‍ നടപടി സ്വീകരിക്കണം
തിരുവനന്തപുരം : 2024 ജൂലൈ 16

ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയില്‍ ശ്രീ ജോയിയെന്ന തൊഴിലാളിയുടെ മരണത്തില്‍ ദക്ഷിണറെയിവേ തിരുവനന്തപുരം ഡിവിഷന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. സംസ്ഥാന ജലസചന വകുപ്പിന് കീഴിലുള്ള ഈ കനാലിന്റെ മൊത്തം ദൈര്‍ഘ്യത്തിന്റെ ഒരു ശതമാനം മാത്രം വരുന്ന റെയില്‍വേയാര്‍ഡിന് അടിയിലൂടെ കടന്നുപോകുന്ന ഭാഗം സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് വൃത്തിയാക്കുന്നതിന് റെയില്‍വേ തയാറായത്. ജലസേചനവകുപ്പിലെ പരിചിതരായ കരാറുകാരെയാണ് പണി ഏല്‍പ്പിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായ കുത്തൊഴുക്കാന്‍ ദുരന്തത്തിന് വഴിവച്ചതെന്നും റെയില്‍വേ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. കോര്‍പ്പറേഷന്‍ പരിധിയില്‍ അലക്ഷ്യമായി മാലിന്യങ്ങള്‍ വലിച്ചെറിയുന്നതാണ് ആമഴിഞ്ചാന്‍ തോട്ടില്‍ മാലിന്യങ്ങള്‍ കുന്നുകൂടുന്നതിനുള്ള കാരണമെന്നും അവര്‍ കുറ്റപ്പെടുത്തി. മാലിന്യങ്ങള്‍ അടിഞ്ഞുകൂടുന്നത് തടയുന്നതിനുള്ള കര്‍ശനമായ നടപടികള്‍ ഉണ്ടാകണം. കുറ്റക്കാരെ കണ്ടെത്തുന്നതിനും അവര്‍ക്ക് പിഴചുമത്തുന്നതിനും വേണ്ട കാര്യങ്ങളും സ്വീകരിക്കണം. അതോടൊപ്പം തന്നെ ആമഴിഞ്ചാന്‍ തോടില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് തടയുന്നതിന് വേണ്ട മുന്‍കരുതലും കോര്‍പ്പറേഷന്‍ കൈക്കൊള്ളണം. തോട് കടന്നുപോകുന്ന റെയില്‍വേയുടെ ഭാഗത്ത് ഒഴുക്കിന് ഒരു തടസവുമില്ലെന്നും അവര്‍ വിശദമാക്കി.


പന്ത്രണ്ടു കിലോമീറ്ററോളം വരുന്ന ആമഴിഞ്ചാന്‍ തോട് കേരള സര്‍ക്കാരിന്റെ ജലസേചനവകുപ്പിന് കീഴിലുള്ളതാണ്. കിഴക്ക് തമ്പാനൂരിനെയും പടിഞ്ഞാറ് പവര്‍ ഹൗസ് റോഡിനെയും ബന്ധിപ്പിക്കുന്ന ഈ തോടിന്റെ 117 മീറ്റര്‍ മാത്രമാണ് റെയില്‍വേ യാര്‍ഡിന് താഴെ കടന്നുപോകുന്നത്. ജലസേചനവകുപ്പിന്റെ നിയന്ത്രണത്തിലാണെങ്കിലും തിരുവനന്തപുരം കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ അഭ്യര്‍ത്ഥനപ്രകാരമാണ് ആ സാമൂഹിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ഇക്കഴിഞ്ഞ 19ന് തോട് ശുചിയാക്കുന്നതിന് റെയില്‍വേ മുന്‍കൈയെടുത്തത്.


ജലസേചന വകുപ്പിലെ പരിചയസമ്പന്നനായ കരാറുകാരനെ തന്നെയാണ് റെയില്‍വേ ഇതിന്‍െ്ച ചുമതല ഏല്‍പ്പിച്ചതും. എന്നാല്‍ അപ്രതീക്ഷിതമായുണ്ടായ കുത്തൊഴുക്കില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ജോയി വെള്ളത്തില്‍പ്പെട്ട് കാണതാകുകയായിരുന്നു. രണ്ടുദിവസം കഴിഞ്ഞ് മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു. ഇത്തരം ജോലിയില്‍ നല്ല പ്രാവീണ്യമുള്ള വ്യക്തിയാണ് ജോയി. തോടിനാണെങ്കില്‍ ഏകദേശം 4 അടിയോളം താഴ്ചമാത്രമാണുണ്ടായിരുന്നത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ സാധ്യതകള്‍ അദ്ദേഹം വിലയിരുത്തുന്നതിനിടെയാണ് അപകടമുണ്ടായതും. സംഭവസമയത്ത് ജോയിയുടെ കരാര്‍ സൂപ്പര്‍വൈസറും ഒപ്പമുണ്ടായിരുന്നു. ജോയിയുടെ മൃതദേഹം മാലിന്യങ്ങള്‍ക്കൊപ്പം റെയില്‍വേ വളപ്പില്‍ നിന്ന് 750 മീറ്റര്‍ മാറി തകരപറമ്പ് ഭാഗത്താണ് കണ്ടെത്തിയത്. ഇത് ഈ ഭാഗത്ത് വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്.
റെയില്‍വേയാര്‍ഡിന് കീഴിലൂടെ ഒഴുകുന്ന ആമഴിഞ്ചാന്‍ തോടിന്റെ ഭാഗത്ത് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നതാണ് ഈ ദുരന്തത്തിന്റെ അടിസ്ഥാനകാരണം. യാര്‍ഡിന് അടിയിലൂടെ തോടിന്റെ വെറും 117 മീറ്റര്‍ മാത്രമാണ് ഒഴുകുന്നത്. അവിടെ ചെളിയും മാലിന്യങ്ങളും കെട്ടികിടക്കുന്നതിന് കാരണം നഗരസഭാപരിധിയിലുള്ള തോടിന്റെ ഭാഗത്ത് വലിയതോതില്‍ മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നതാണ്. മാലിന്യം തടയുന്നതിനായി റെയില്‍വേയുടെ പ്രദേശത്തേയ്ക്ക് കടക്കുന്ന തോടിന്റെ ഭാഗത്ത് ഇരുമ്പ് വല റെയില്‍വേ തന്നെ സ്ഥാപിച്ചിട്ടുണ്ട്. ഇത് വലിയതോതില്‍ മാലിന്യം വന്നുകുമിയുന്നത് തടയുന്നുമുണ്ട്. മാത്രമല്ല, റെയില്‍വേയുടെ ഭാഗത്തുള്ള തോടിന്റെ തുറന്ന വശത്ത് 13 മീറ്റര്‍ ഉയരമുള്ള ഇരുമ്പുവേലിയും സ്ഥാപിച്ചിട്ടുണ്ട്. അതുകൊണ്ട് അവിടെ മാലിന്യങ്ങള്‍ നിക്ഷേപിക്കാനും കഴിയില്ല.


റെയില്‍വേയുടെ മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിനുള്ള സംവിധാനം റെയില്‍വേയ്ക്ക് തന്നെയുണ്ട്. യാത്രക്കാര്‍ നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ സമയാസമയം റെയില്‍വേ മാറ്റുന്നുണ്ട്. അതുകൊണ്ട് അത്തരത്തില്‍ റെയില്‍വേയുടെ മാലിന്യങ്ങള്‍ തോടില്‍ വന്നുചേരുന്നുമില്ല. മാത്രമല്ല, ഇന്ത്യന്‍ റെയില്‍വേയുടെ ഓടുന്ന എല്ലാ കോച്ചുകളിലും ബയോ ടോയ്‌ലറ്റുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. അത് മാലിന്യങ്ങള്‍ തുറന്ന് പുറന്തള്ളുന്നത് തടയുന്നുമുണ്ട്.
റെയില്‍വേ പരിസരത്ത് വെള്ളം കയറുന്നത് തടയാന്‍ മുന്‍ വര്‍ഷങ്ങളിലും റെയില്‍വേ ഈ ശുചീകരണ അഭ്യാസം നടത്തിയിരുന്നു, എന്നിരുന്നാലും ഈ കനാലിന്റെ മണ്ണ് നീക്കം ചെയ്യുന്നതിനും വൃത്തിയാക്കുന്നതിനുമുള്ള പ്രാഥമിക ഉത്തരവാദിത്തം ജലസേചന വകുപ്പിനാണ്.
തോടിന്റെ ശുചീകരണത്തിന്റെയും ചെളിനീക്കലിന്റെയും പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന ജലസേചനവകുപ്പിനാണെങ്കിലും റെയില്‍വേയാര്‍ഡിലെ വെള്ളക്കെട്ട് തടയുന്നതിനായി മുന്‍കാലങ്ങളിലും റെയില്‍വേ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. റെയില്‍വേ പാലത്തിന്റെ ഭാഗത്തുള്ള ചരിവ് കുത്തനെയുള്ളതായതിനാല്‍ വെള്ളം ഉയര്‍ന്ന വേഗതയില്‍ ഒഴുകിപോകാറുണ്ട്.അതേസമയം കിഴക്കേകോട്ട റോഡിലെ റോഡ് പാലത്തിന് അപ്പുറത്തുള്ള ഭാഗം പരന്നതായത് ഒഴുക്കിനെ നിയന്ത്രിക്കുകയും മന്ദീഭവിപ്പിക്കുകയും ചെയ്യുന്നുണ്ട്, ഇതാണ് മൂടിയ/ഭൂഗര്‍ഭ തുരങ്കത്തിനുള്ളില്‍ മാലിന്യങ്ങളും ചെളിയും കെട്ടികിടക്കുന്നതിന് കാരണമാകുന്നത്. മാലിന്യം കുമിഞ്ഞുകൂടുന്നത് തടയുന്നതിനും റെയില്‍വേസ്‌റ്റേഷനും ബസ് സ്റ്റാന്‍ഡ് ഉള്‍പ്പെടെയുള്ള സമീപപ്രദേശങ്ങളിലുമുണ്ടാകുന്ന വെള്ളക്കെട്ട് തടയുന്നതിനും ജലസേചനവകുപ്പ് ഈ പ്രശ്‌നം പരിഹരിക്കുകയാണ് വേണ്ടത്.
എല്ലാ കനാലുകളും അഴുക്കുചാലുകളും പതിവായി വൃത്തിയാക്കുന്നതിനും മണ്ണ് നീക്കം ചെയ്യുന്നതിനുമുള്ള നടപടികള്‍ ജലസേചന വകുപ്പ് പതിവായി സ്വീകരിക്കേണ്ടതാണ്. 2015ല്‍ ഓപ്പറേഷന്‍ അനന്ത പദ്ധതിയിലും 2018ല്‍ ജില്ലാ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തിലും ആമയിഴഞ്ചാന്‍ തോട് ശുചീകരണം ഊര്‍ജിതമായി നടത്തിയിരുന്നു.


എന്നാല്‍ തോട് പുറത്തോട്ടുപോകുന്ന ഭാഗത്തെ ഉയരക്കൂടുതല്‍ കാരണം ഉദ്ദേശിച്ച ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടാകില്ല. അതായിരിക്കാം വീണ്ടും മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയത്. ജലസേചനവകുപ്പും പ്രത്യേകഭാഗങ്ങളുടെ ശുചീകരണം നടത്തിയെന്നത് അവരുടെ 2021 ജൂണിലെ വെള്ളപ്പൊക്ക ലഘൂകരണപ്രവര്‍ത്തനം സംബന്ധിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാണ്.


ഭൂഗര്‍ഭ പ്രദേശത്തിലെ വൃത്തിയാക്കല്‍ ഏറെ കഠിനവും സമയമെടുക്കുന്നതും വെല്ലുവിളി നിറഞ്ഞതും ആണെന്ന് ഇതിലൂടെ വ്യക്തമാണ്. റെയില്‍വേ ഏരിയയിലെ ഭൂഗര്‍ഭ ചാനലിലേക്ക് മാലിന്യവും ചെളിയും കടക്കുന്നത് തടയാന്‍ എല്ലാ തീരുമാനങ്ങളും പരിശ്രമങ്ങളും ഉണ്ടാകണം. പ്രാപ്യമാകുന്ന കോര്‍പ്പറേഷന്‍മേഖലകളിലൊക്കെ വേലികളും മാലിന്യം ശേഖരിക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കണം. ഇതിനെ പിന്തുടര്‍ന്ന് മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താനും അവര്‍ക്ക് പിഴ ചുമത്താനുമുള്ള സംവിധാനവും സജ്ജമാക്കണം. തോടിനോട് ചേര്‍ന്ന് കൃത്യമായി വേലികെട്ടുന്നതും ഏറ്റവും മോശമോയ മേഖലകളില്‍ സി.സി.ടി.വി സംവിധാനം ഒരുക്കുന്നതും കുറ്റക്കാരെ കണ്ടെത്തുന്നതിന് സഹായകരമാകും. ഖരമാലിന്യങ്ങള്‍ ശേഖരിക്കാന്‍ നഗരത്തില്‍ പ്രത്യേക സ്ഥലവും ഉണ്ടാകണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു.

 

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.