ലോക് സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ജൂൺ നാലിന്; കോട്ടയം ഒരുങ്ങി - എല്ലാം സജ്ജമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ - വോട്ടെണ്ണൽ രാവിലെ എട്ടുമുതൽ

COUNTING

May 31, 2024
ലോക് സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ജൂൺ നാലിന്; കോട്ടയം ഒരുങ്ങി - എല്ലാം സജ്ജമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ - വോട്ടെണ്ണൽ രാവിലെ എട്ടുമുതൽ

കോട്ടയം: കോട്ടയം ലോക് സഭ മണ്ഡലത്തിലെ വോട്ടെണ്ണലിനുള്ള ഒരുക്കം പൂർത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും വരണാധികാരിയുമായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി പറഞ്ഞു. കോട്ടയം പ്രസ്ക്ലബിൽ നടന്ന മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു കളക്ടർ. നാട്ടകത്തെ കോട്ടയം ഗവൺമെന്റ് കോളജാണ് വോട്ടെണ്ണൽ കേന്ദ്രം. ജൂൺ നാലിന് രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. രാവിലെ 7.30ന് സ്ട്രോങ് റൂം തുറന്ന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ അഞ്ചിടങ്ങളിലായി സജ്ജീകരിച്ച വോട്ടെണ്ണൽ കേന്ദ്രങ്ങളിലെത്തിക്കും. രാവിലെ എട്ടിന് പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തുടങ്ങും. തുടർന്ന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടെണ്ണൽ ആരംഭിക്കും. ഒൻപതുമണിക്ക് ആദ്യഫലസൂചന ലഭ്യമാകും. പിറവം, പാലാ, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂർ, കോട്ടയം, പുതുപ്പള്ളി മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് കോട്ടയം ലോക്സഭ മണ്ഡലം. 14 സ്ഥാനാർഥികളാണ് മത്സരിച്ചത്.
വോട്ടെണ്ണാൻ 675 ഉദ്യോഗസ്ഥർ
വോട്ടെണ്ണലിനായി 675 ഉദ്യോഗസ്ഥരെ നിയോഗിച്ച് പരിശീലനം നൽകി. 158 കൗണ്ടിങ് സൂപ്പർവൈസർമാരെയും 158 മൈക്രോ ഒബ്സർവർമാരെയും 315 കൗണ്ടിങ് അസിസ്റ്റന്റുമാരെയും നിയോഗിച്ചിട്ടുണ്ട്. പോസ്റ്റൽ ബാലറ്റുകളും ഇ.ടി.പി.ബി.എസും എണ്ണുന്നതിന് നേതൃത്വം നൽകാൻ 44 അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാരെയും ക്രമസമാധാനപരിപാലനത്തിനായി നാല് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെയും നിയോഗിച്ചു. ഇവർക്ക് രണ്ടുഘട്ടമായി പരിശീലനം നൽകി. മൂന്നാംഘട്ട പരിശീലനം ജൂൺ ഒന്നിന് നടക്കും. കൗണ്ടിങ് ഉദ്യോഗസ്ഥർ രാവിലെ ആറിന് വോട്ടെണ്ണൽ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. വോട്ടെണ്ണൽ ടേബിളുകളിൽ ഏത് ഉദ്യോഗസ്ഥനെയാണ് നിയോഗിക്കുന്നതെന്നു തീരുമാനിക്കുന്നതിന് രാവിലെ റാൻഡമൈസേഷൻ നടക്കും. തുടർന്നാണ് ഉദ്യോഗസ്ഥരെ വോട്ടെണ്ണൽ ടേബിളുകളിലേക്ക് നിയോഗിക്കുക. സുരക്ഷയ്ക്കായി കേന്ദ്ര സേനയെയും പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്. ഒരു സ്ഥാനാർഥിക്ക് 137 കൗണ്ടിങ് ഏജന്റുമാരെയാണ് അനുവദിക്കുക. കർശന നിയന്ത്രണങ്ങളാണ് വോട്ടെണ്ണൽ കേന്ദ്രത്തിൽ ഏർപ്പെടുത്തിയിട്ടുള്ളത്. ഇവിടെ മൊബൈൽ ഫോൺ അനുവദിക്കില്ല.

129 വോട്ടെണ്ണൽ മേശ; പരമാവധി 13 റൗണ്ട്
വോട്ടെണ്ണലിനായി മൊത്തം 129 മേശയാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടെണ്ണാൻ മൊത്തം 98 മേശ ഒരുക്കിയിട്ടുണ്ട്. ഓരോ നിയമസഭാ മണ്ഡലത്തിനും 14 മേശ വീതമാണുള്ളത്. പോസ്റ്റൽ ബാലറ്റുകളും ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റുകളും (ഇ.ടി.പി.ബി.എസ്.) എണ്ണുന്നതിനായി 31 മേശയും സജ്ജീകരിച്ചു.
ഒരു മണ്ഡലത്തിൽ പരമാവധി 13 വോട്ടെണ്ണൽ റൗണ്ടുകളാണുള്ളത്. ഒരേ സമയം 14 മേശയിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടെണ്ണും. പിറവം-12, പാലാ-13, കടുത്തുരുത്തി-13, വൈക്കം-12, ഏറ്റുമാനൂർ-12, കോട്ടയം-13, പുതുപ്പള്ളി-13 എന്നിങ്ങനെയാണ് വോട്ടെണ്ണൽ റൗണ്ടുകൾ. ഓരോ റൗണ്ടും പൂർത്തീകരിക്കുമ്പോൾ ലീഡ് നില അറിയാം.
വോട്ടെണ്ണലിന് കൂറ്റൻ പന്തൽ
വോട്ടെണ്ണലിനായി കോളജിലെ കെട്ടിടങ്ങൾക്കൊപ്പം കൂറ്റൻ പന്തലുകളും കോട്ടയം ഗവൺമെന്റ് കോളജിന്റെ മൈതാനത്ത് ഒരുക്കിയിട്ടുണ്ട്. 1600 ചതുരശ്ര മീറ്ററും 875  ചതുരശ്ര മീറ്ററും വിസ്തീർണ്ണമുള്ള രണ്ടു വലിയ പന്തലുകളാണ് ജർമൻ ടെൻഡുപയോഗിച്ചു സുരക്ഷിതമായി നിർമിച്ചിട്ടുള്ളത്. പാലാ, പിറവം, വൈക്കം നിയമസഭ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ 1600 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഒന്നാമത്തെ പന്തലിലാണ്. പോസ്റ്റൽ ബാലറ്റുകളും ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റുകളും (ഇ.റ്റി.പി.ബി.എസ്.) എണ്ണുന്നത് 875 ചതുരശ്രമീറ്റർ വിസ്തീർണ്ണമുള്ള രണ്ടാമത്തെ പന്തലിലാണ്. ഏറ്റുമാനൂർ നിയമസഭ മണ്ഡലത്തിലേത് കോളജ് ലൈബ്രറി ഹാളിലും കോട്ടയത്തേത് ഓഡിറ്റോറിയത്തിലും കടുത്തുരുത്തി, പുതുപ്പള്ളി മണ്ഡലങ്ങളിലേത് ഡി ബ്ലോക്കിലുമാണ് എണ്ണുക. കോളജിൽ മീഡിയ സെന്ററും സജ്ജീകരിച്ചിട്ടുണ്ട്.
ആകെ വോട്ടിങ് 66.72%
കോട്ടയം ലോക്സഭാ മണ്ഡലത്തിൽ തപാൽ വോട്ടുകൾ അടക്കമുള്ള ആകെ വോട്ടിങ് ശതമാനം 66.72 ശതമാനമാണ്. പോളിങ് ദിനത്തിലെ വോട്ടിങ് 65.61 ശതമാനവും. പോളിങ് ദിനത്തിൽ ലോക്സഭാ മണ്ഡലത്തിലെ 12,54,823 വോട്ടർമാരിൽ 8,23,237 പേരാണ് വോട്ട് ചെയ്തത്. 14040 തപാൽ വോട്ടുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ആകെ 12,54,823 വോട്ടർമാരിൽ 8,37,277 പേർ വോട്ട് ചെയ്തു. മേയ് 30 വരെ 553 ഇ.ടി.പി.ബി.എസ്. വോട്ടുകളും രേഖപ്പെടുത്തി ലഭ്യമായിട്ടുണ്ട്. വോട്ടെണ്ണൽ ദിവസം രാവിലെ എട്ടുമണിവരെയുള്ള ഇ.ടി.പി.ബി.എസ്. വോട്ടുകൾ സ്വീകരിക്കും.

വോട്ടിങ് നില മണ്ഡലം തിരിച്ച് (മണ്ഡലം, മൊത്തം വോട്ടർമാർ, വോട്ട് ചെയ്തവർ, ശതമാനം എന്ന ക്രമത്തിൽ)
പിറവം 206051, 135011, 65.52%
പാലാ  186153, 119128, 63.99%
കടുത്തുരുത്തി 187350, 116681, 62.28%
വൈക്കം 163469, 117192, 71.69%
ഏറ്റുമാനൂർ 168308, 112059, 66.58%
കോട്ടയം  163830, 106351, 64.92%
പുതുപ്പള്ളി 179662, 116815 65.02%
കനത്ത സുരക്ഷയിൽ വോട്ടെണ്ണൽ കേന്ദ്രം
സ്ട്രോങ് റൂമിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരമുള്ള ത്രിതല സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. സ്ട്രോങ് റൂമുകളുടെ 100 മീറ്റർ അകലെനിന്ന് ആരംഭിക്കുന്ന ആദ്യ സുരക്ഷാവലയത്തിൽ സംസ്ഥാന പൊലീസിന്റെ കാവലാണുള്ളത്. തുടർന്നുള്ള രണ്ടാം വലയത്തിൽ സംസ്ഥാന സായുധ പൊലീസും മൂന്നാം വലയത്തിൽ  കേന്ദ്ര സായുധ പൊലീസ് സേനയുമാണ് സുരക്ഷ ചുമതലയിലുള്ളത്. സ്ട്രോങ് റൂമിന് പുറത്ത് 24 മണിക്കൂറും സിസിടിവി നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രവേശനകവാടങ്ങൾ, സ്ട്രോങ് റൂം ഇടനാഴികൾ, സ്ട്രോങ് റൂമിൽനിന്ന് വോട്ടെണ്ണൽ ഹാളിലേക്കുള്ള വഴി, വോട്ടെണ്ണൽ ഹാൾ, ടാബുലേഷൻ ഏരിയ എന്നിവിടങ്ങളെല്ലാം സിസിടിവി നിരീക്ഷണത്തിലാണ്. എല്ലാ കേന്ദ്രങ്ങളിലും അഗ്നിരക്ഷാ സൗകര്യങ്ങളും ഫയർഫോഴ്സിന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.
വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എക്സിക്യൂട്ടിവ് മജിസ്ട്രേറ്റിനാണ് ഇതിന്റെ ചുമതല. വോട്ടെണ്ണുന്ന ഉദ്യോഗസ്ഥർക്കും കൗണ്ടിങ് ഏജന്റുമാർക്കും തിരിച്ചറിയൽ കാർഡുകൾ നൽകും. ഓരോ മേശയിലും ഓരോ ഘട്ടത്തിലും എണ്ണുന്ന വോട്ടിങ് യന്ത്രങ്ങളുടെ പട്ടിക സ്ഥാനാർഥികൾക്ക് നൽകും. തൽസമയ ഫലം ലഭ്യമാക്കുന്നതിന് ഓരോ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും ടെലഫോൺ, കമ്പ്യൂട്ടർ, ഫാക്സ്, ഇന്റർനെറ്റ് എന്നിവ അടക്കമുള്ള കമ്യൂണിക്കേഷൻ റൂമുകളും ഒരുക്കിയിട്ടുണ്ട്. results.eci.gov.in എന്ന വെബ് സൈറ്റിലൂടെ തെരഞ്ഞെടുപ്പ് ഫലം അറിയാം.

വോട്ടെണ്ണൽ ദിനമായ ജൂൺ നാലിന് ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്.
ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺകുമാർ, കോട്ടയം പ്രസ് ക്ലബ്  പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ , സെക്രട്ടറി റോബിൻ തോമസ് എന്നിവർ മുഖാമുഖത്തിൽ പങ്കെടുത്തു. 

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.