വൈദ്യുതി കണക്ഷന്‍ ഇനി അപേക്ഷ നൽകി 7 ദിവസത്തിനകം ലഭ്യമാകും
അപേക്ഷ നൽകി ഏഴ് ദിവസത്തിനകം കണക്-ഷൻ ലഭ്യമാക്കണം. ഇതിനായി ഇലക്‌ട്രിസിറ്റി സപ്ലൈ കോഡ് ഭേദഗതി ചെയ്‌ത് ഉത്തരവിറങ്ങി.
 
                                    തിരുവനന്തപുരം : വൈദ്യുതി കണക്ഷനെടുക്കാനും ബില്ലടക്കാതെ വിഛേദിച്ചാൽ പണമടച്ച് പുനഃസ്ഥാപിക്കാനുമുള്ള നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമീഷൻ തീരുമാനം. അപേക്ഷ നൽകി ഏഴ് ദിവസത്തിനകം കണക്-ഷൻ ലഭ്യമാക്കണം. ഇതിനായി ഇലക്‌ട്രിസിറ്റി സപ്ലൈ കോഡ് ഭേദഗതി ചെയ്‌ത് ഉത്തരവിറങ്ങി.കെഎസ്ഇബിയുടെ സേവനങ്ങൾക്ക് ഓൺലൈൻ ഉപയോഗപ്പെടുത്തണമെന്നതും പ്രധാന നിർദേശമാണ്. അപേക്ഷയിൽ ഏഴുദിവസത്തിനകം നടപടിയെടുക്കണം.
സർക്കാരിന്റെ ഊർജനയത്തിന് പിന്തുണയായി ബഹുനില കെട്ടിടങ്ങളിൽ വൈദ്യുതി ചാർജിങ് യൂണിറ്റ് സ്ഥാപിക്കും. വാടകകെട്ടിടങ്ങളിലെ സെക്യുരിറ്റി ഡെപ്പോസിറ്റുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് പരിഹാരമായി കെട്ടിട ഉടമയുടെയും വാടകക്കാരന്റെയും രേഖകൾ സൂക്ഷിക്കാം. സെക്യൂരിറ്റി ഡെപ്പോസിറ്റിന് പ്രത്യേക അക്കൗണ്ടും രൂപീകരിക്കാം.
പ്രയാസമേറിയ സ്ഥലങ്ങളിൽ ഒരുമാസംവരെ സമയമെടുക്കാം. അപേക്ഷ നൽകി 45 ദിവസത്തിനകം ഉദ്യോഗസ്ഥൻ വീട്ടിലെത്തി വൈദ്യുതി തൂണടക്കമുള്ള ഉപകരണങ്ങളുടെ തുക അറിയിക്കണം. ചെറുകിട വ്യവസായ സ്ഥാപനങ്ങൾ തുടങ്ങുമ്പോൾ നാല് കിലോവാട്ട് വരെമാത്രമാണ് ഉപയോഗമെങ്കിൽ വീട്ടിലെ കണക്-ഷൻ ഉപയോഗിക്കാം. അതിന് പ്രത്യേക വാണിജ്യകണക്-ഷൻ എടുക്കേണ്ട. കൂടുതൽ വൈദ്യുതി ചാർജിങ് സ്റ്റേഷനുകൾ തുടങ്ങാനും പുതിയ കോഡിൽ നിർദേശമുണ്ട്. അധിക ലോഡിന്റെ ഉപയോഗലംഘനത്തിന് മീറ്ററിൽ രേഖപ്പെടുത്തിയത് മാത്രം കണക്കിലെടുത്താകണം പിഴ.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            