ശ്രീലങ്ക ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് : സൂര്യയ്ക്ക് കീഴിൽ ഇന്ത്യ ഇന്ന് ഇറങ്ങും
ശ്രീലങ്കൻ പര്യടനത്തിലെ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യ ഇന്ന് ആതിഥേയരെ നേരിടും.രോഹിത് ശർമ വിരമിച്ചതിന് പിന്നാലെയാണ് സൂര്യകുമാർ യാദവിനെ നായകനായി നിയമിച്ചത്
കൊളംബോ : പരിശീലകനായി ഗംഭീറും നായകനായി സൂര്യകുമാറും സ്ഥാനമേറ്റതിന് ശേഷം ആദ്യ പരീക്ഷണത്തിന് ടി 20 ലോക ചാമ്പ്യന്മാരായ ഇന്ത്യ. ശ്രീലങ്കൻ പര്യടനത്തിലെ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യ ഇന്ന് ആതിഥേയരെ നേരിടും. ലോകകപ്പ് വിജയത്തിന് ശേഷമാണ് രാഹുൽ ദ്രാവിഡിന് പിൻഗാമിയായി മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ ഇന്ത്യൻ ടീമിന്റെ പരിശീലകസ്ഥാനമേറ്റത്. ടി20യിൽ നിന്നും രോഹിത് ശർമ വിരമിച്ചതിന് പിന്നാലെയാണ് സൂര്യകുമാർ യാദവിനെ നായകനായി നിയമിച്ചത്. അരങ്ങേറ്റം ഗംഭീരമാക്കാനുള്ള അവസരമാണ് ഇരുവർക്കും പരമ്പര.
ഐപിഎലിൽ രണ്ടുതവണ കളിക്കാരനെന്ന നിലയിലും ഒരുതവണ ടീം മെന്റർ എന്ന നിലയിലും കിരീടം നേടിയ ചരിത്രം ഗംഭീറിനുണ്ട്. ലോകകപ്പിൽ വൈസ് ക്യാപ്റ്റനായിരുന്ന ഹർദിക് പാണ്ഡ്യ അടുത്ത ക്യാപ്റ്റനാവുമെന്ന് പ്രതീക്ഷിക്കവെയാണ് സൂര്യകുമാറിനെ തേടി അപ്രതീക്ഷിത ക്യാപ്റ്റൻസിയെത്തിയത്. വിരാട് കോഹ്ലി , രോഹിത് ശർമ, രവീന്ദ്ര ജഡേജ എന്നിവർ ടി20 മത്സരങ്ങളിൽ നിന്ന് വിരമിച്ചതിന് ശേഷമുള്ള ആദ്യ ടൂർണമെന്റ് കൂടിയാണ് ഇത്. ശുഭ്മാൻ ഗിൽ, യശസ്വി ജെയ്‌സ്വാൾ, റിങ്കു സിങ്, റയാൻ പരാഗ് എന്നിവർ മികച്ച പ്രകടനത്തിലൂടെ ടീമിൽ സ്ഥിര സാന്നിധ്യമാകാനാകും ശ്രമം. ഓൾറൗണ്ടർ ജഡേജയുടെ വിടവിലേക്ക് സ്ഥിരം എൻട്രി പ്രതീക്ഷിച്ചാവും അക്‌സർ പട്ടേലും പാണ്ഡ്യയും ശിവം ദുബെയും വാഷിങ്ടൺ സുന്ദറും ഇറങ്ങുക. ബൗളിങ്ങിൽ ബുംറയ്ക്ക് വിശ്രമം നൽകിയ സാഹചര്യത്തിൽ അർഷദീപ് സിങ്ങും മുഹമ്മദ് സിറാജും പേസ് നിരയെ നയിക്കും.
ലോകകപ്പ് തോൽവിക്ക് ശേഷം ശ്രീലങ്കയും ഇടക്കാല പരിശീലകൻ സനത് ജയസൂര്യയുടെ ശിക്ഷണത്തിലാണ് ഇന്ത്യക്കെതിരെ കളിക്കാനിറങ്ങുന്നത്. ബാറ്റർ ചരിത് അസലങ്കയാണ് ടീമിനെ നയിക്കുന്നത്.