പാലായിൽ ആഴം കൂട്ടുന്നതിനിടെ കിണർ ഇടിഞ്ഞ് തൊഴിലാളി മണ്ണിനടിയിൽപ്പെട്ടു
വിളക്കുംമരുതിൽ കുടിവെള്ളപദ്ധതിയുടെ കിണറിന് ആഴം കുട്ടുന്നതിനിടെയാണ് അപകടമുണ്ടായത്
കോട്ടയം : കോട്ടയം പാലായിൽ ആഴം കൂട്ടുന്നതിനിടെ കിണർ ഇടിഞ്ഞ് തൊഴിലാളി മണ്ണിനടിയിൽപ്പെട്ടു. പാലാ വിളക്കുംമരുതിൽ കുടിവെള്ളപദ്ധതിയുടെ കിണറിന് ആഴം കുട്ടുന്നതിനിടെയാണ് അപകടമുണ്ടായത്. തമിഴ്നാട് കമ്പം സ്വദേശിയായ രാമനാണ് മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നത്.പാലാക്കാട് വട്ടോത്ത്ഭാഗം കുടിവെള്ള പദ്ധതിയുടെ കിണറാണ് ഇടിഞ്ഞത്. ബുധൻ പകൽ 12നാണ് സംഭവം. 20 അടിയോളം താഴ്ച്ചയുള്ള കിണർ ജില്ലാ പഞ്ചായത്ത് ഫണ്ട് ചിലവഴിച്ച് ആഴം കൂട്ടുന്നതിനിടെയാണ് അപകടം. രാമപുരം സ്വദേശി കരാർ എടുത്ത പദ്ധതി ഉപകരാർ എടുത്തയാളുടെ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.
തമിഴ്നാട് സ്വദേശികളായ നാല് തൊഴിലാളികളാണ് ജോലിയിൽ ഏർപ്പെട്ടിരുന്നത്. മൂന്ന് പേരെ രക്ഷപെടുത്തി. പാലായിൽ നിന്നുള്ള അഗ്നി രക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവത്തനം നടത്തി വരികയാണ്. കിണർ ഇടിഞ്ഞ് വെള്ളവും മണ്ണും കുഴഞ്ഞ് ചെളി രൂപപ്പെട്ട നിലയിലാണ്. മോട്ടോർ പമ്പ് ഉപയോഗിച്ച് വെള്ളം വറ്റിക്കുന്നുണ്ട്. കിണറിന് സമീപത്ത് ജെസിബി ഉപയോഗിച്ച് കാന വെട്ടി വെള്ളവും ചെളിയും നീക്കം ചെയ്യാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.