വയനാട് ദുരന്തം; തെരച്ചിലിൽ അന്തിമ തീരുമാനം ശനിയാഴ്ച
മുണ്ടക്കയിലും ചൂരൽമലയിലും പുഞ്ചിരിമറ്റത്തുമെല്ലാം ഇപ്പോൾ തെരച്ചിൽ നടക്കുന്നുണ്ട്.
കൽപ്പറ്റ : വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായി നടത്തുന്ന തെരച്ചിൽ അവസാനിപ്പിക്കാൻ നീക്കം. തെരച്ചിൽ തുടരുന്ന കാര്യത്തിൽ അന്തിമ തീരുമാനം ശനിയാഴ്ചയെടുക്കും. ഇനിയും നൂറിലേറെ പേരെ കണ്ടെത്താനുണ്ട്.എന്നാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടത്തുന്ന തെരച്ചിലിൽ കാര്യമായ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് തെരച്ചിൽ തുടരണോ എന്ന കാര്യം സർക്കാർ ആലോചിക്കുന്നത്. മുണ്ടക്കയിലും ചൂരൽമലയിലും പുഞ്ചിരിമറ്റത്തുമെല്ലാം ഇപ്പോൾ തെരച്ചിൽ നടക്കുന്നുണ്ട്.ചാലിയാറിന്റെ തീരങ്ങളിൽ വിവിധ സേനാവിഭാഗങ്ങൾ തെരച്ചിൽ തുടരുന്നുണ്ടെങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശരീര ഭാഗങ്ങൾ അല്ലാതെ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.ദുരിത ബാധിതരോ കാണാതായവരുടെ ബന്ധുക്കളോ ആവശ്യപ്പെട്ടാൽ തെരച്ചിൽ തുടരും. ഇക്കാര്യത്തിൽ എല്ലാം അന്തിമ തീരുമാനം ശനിയാഴ്ച ഉണ്ടാകും.