ഇന്ത്യയിൽ സൃഷ്ടിക്കാനും ലോകത്തിനായി സൃഷ്ടിക്കാനുമുള്ള ശരിയായ സമയമാണിത്: പ്രധാനമന്ത്രി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘വേവ്സ് 2025’ ഉദ്ഘാടനം ചെയ്തു WAVES ഇന്ത്യയുടെ സർഗാത്മകവൈദഗ്ധ്യത്തെ ആഗോള വേദിയിൽ ഉയർത്തിക്കാട്ടുന്നു: പ്രധാനമന്ത്രി ലോക ശ്രവ്യ-ദൃശ്യ വിനോദ ഉച്ചകോടി, WAVES എന്ന​ വെറും ചുരുക്കപ്പേരല്ല; സംസ്കാരത്തിന്റെയും സർഗാത്മകതയുടെയും സാർവത്രിക വിനിമയക്ഷമതയുടെയും തരംഗമാണ്: പ്രധാനമന്ത്രി ശതകോടിയിലധികം ജനസംഖ്യയുള്ള ഇന്ത്യ, ശതകോടിയിലധികം കഥകളുടെ നാടു കൂടിയാണ്: പ്രധാനമന്ത്രി ഇന്ത്യയിൽ സൃഷ്ടിക്കാനും ലോകത്തിനായി സൃഷ്ടിക്കാനുമുള്ള ശരിയായ സമയമാണിത്: പ്രധാനമന്ത്രി ഇന്നു ലോകം കഥപറച്ചിലിന്റെ പുതിയ വഴികൾ തേടുമ്പോൾ, ആയിരക്കണക്കിനു വർഷങ്ങൾ പഴക്കമുള്ള കഥകളുടെ നിധി ഇന്ത്യയിലുണ്ട്; ഈ നിധി കാലാതീതവും ചിന്തോദ്ദീപകവും യഥാർഥ അർഥത്തിൽ ആഗോളവുമാണ്: പ്രധാനമന്ത്രി ഇന്ത്യയിലെ ഓറഞ്ച് സമ്പദ്‌വ്യവസ്ഥയുടെ ഉദയകാലമാണിത്; ഉള്ളടക്കം, സർഗാത്മകത, സംസ്കാരം എന്നിവയാണ് ഓറഞ്ച് സമ്പദ്‌വ്യവസ്ഥയുടെ മൂന്നു സ്തംഭങ്ങൾ: പ്രധാനമന്ത്രി സ്ക്രീൻ വലുപ്പം ചെറുതാകാം; പക്ഷേ വ്യാപ്തി അനന്തമാണ്. സ്ക്രീൻ സൂക്ഷ്മമാകുകയാണ്; പക്ഷേ സന്ദേശം ബൃഹത്തായി മാറുന്നു: പ്രധാനമന്ത്രി ഇന്ന്, ഇന്ത്യ ചലച്ചിത്രനിർമാണം, ഡിജിറ്റൽ ഉള്ളടക്കം, ഗെയിമിങ്, ഫാഷൻ, സംഗീതം, തത്സമയ കച്ചേരികൾ എന്നിവയുടെ ആഗോള കേന്ദ്രമായി ഉയർന്നുവരുന്നു: പ്രധാനമന്ത്രി ലോകത്തെ സ്രഷ്ടാക്കളേ, വലിയ സ്വപ്നങ്ങൾ കാണൂ, നിങ്ങളുടെ കഥ പറയൂ; നിക്ഷേപകരേ, പ്ലാറ്റ്‌ഫോമുകളിൽ മാത്രമല്ല, ജനങ്ങളിലും നിക്ഷേപിക്കൂ; ഇന്ത്യയി​ലെ യുവാക്കളേ, ആരും പറയാത്ത നിങ്ങളുടെ ശതകോടി കഥകൾ ലോകത്തോടു പറയൂ: പ്രധാനമന്ത്രി

May 1, 2025
ഇന്ത്യയിൽ സൃഷ്ടിക്കാനും ലോകത്തിനായി സൃഷ്ടിക്കാനുമുള്ള ശരിയായ സമയമാണിത്: പ്രധാനമന്ത്രി
waves summitt-2025
ന്യൂഡൽഹി : 2025 മെയ് 01
 
​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇന്ത്യയിലെ പ്രഥമ ലോക ശ്രവ്യ-ദൃശ്യ വിനോദ ഉച്ചകോടിയായ WAVES 2025, മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ഇന്ന് ആഘോഷിക്കുന്ന മഹാരാഷ്ട്ര ദിനത്തിലും ഗുജറാത്ത് സംസ്ഥാന രൂപീകരണ ദിനത്തിലും ഏവർക്കും ആശംസകൾ നേർന്നു. എല്ലാ അന്താരാഷ്ട്ര വിശിഷ്ട വ്യക്തികളുടെയും, അംബാസഡർമാരുടെയും, സർഗാത്മക വ്യവസായത്തിലെ പ്രമുഖരുടെയും സാന്നിധ്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം, 100-ലധികം രാജ്യങ്ങളിലെ കലാകാരർ, നൂതനാശയ ഉപജ്ഞാതാക്കൾ, നിക്ഷേപകർ, നയആസൂത്രകർ എന്നിവർ ഒത്തുചേർന്ന് കഴിവുകളുടെയും സർഗാത്മകതയുടെയും ആഗോള ആവാസവ്യവസ്ഥയ്ക്ക് അടിത്തറ പാകിയെന്നു ചൂണ്ടിക്കാട്ടി. “WAVES എന്നതു വെറും ചുരുക്കപ്പേരല്ല; മറിച്ച് സംസ്കാരം, സർഗാത്മകത, സാർവത്രിക വിനിമയക്ഷമത എന്നിവയെ പ്രതിനിധാനം ചെയ്യുന്ന തരംഗമാണ്” – അദ്ദേഹം പറഞ്ഞു. സിനിമകൾ, സംഗീതം, ഗെയിമിങ്, അനിമേഷൻ, കഥപറച്ചിൽ എന്നിവയുടെ വിപുലമായ ലോകത്തെയാണ് ഉച്ചകോടി പ്രദർശിപ്പിക്കുന്നതെന്നും, കലാകാരർക്കും സ്രഷ്ടാക്കൾക്കും ഒത്തുചേരാനും സഹകരിക്കാനുമുള്ള ആഗോള വേദി ഇതു വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചരിത്രപ്രധാനമായ ഈ വേളയിൽ പങ്കെടുത്ത ഏവരെയും പ്രധാനമന്ത്രി അഭിനന്ദിക്കുകയും ഇന്ത്യയിൽനിന്നും വിദേശത്തുനിന്നുമുള്ള വിശിഷ്ടാതിഥികൾക്ക് ഊഷ്മളമായ സ്വാഗതം ആശംസിക്കുകയും ചെയ്തു.
 
വേവ്സ് ഉച്ചകോടിയിൽ ഇന്ത്യയുടെ സമ്പന്നമായ സിനിമാചരിത്രത്തെക്കുറിച്ചു പരാമർശിക്കവേ, 1913 മെയ് മൂന്നിനാണ് പ്രമുഖ ചലച്ചിത്രകാരൻ ദാദാസാഹിബ് ഫാൽക്കെ സംവിധാനം ചെയ്ത ഇന്ത്യയിലെ ആദ്യത്തെ ഫീച്ചർ ഫിലിം ‘രാജാ ഹരിശ്ചന്ദ്ര’ പുറത്തിറങ്ങിയതെന്നു ശ്രീ മോദി ചൂണ്ടിക്കാട്ടി. ഫാൽക്കെയുടെ ജന്മവാർഷികം ഒരു ദിവസം മുമ്പ് ആഘോഷിച്ച കാര്യം അദ്ദേഹം ഓർമിപ്പിച്ചു. കഴിഞ്ഞ നൂറ്റാണ്ടിൽ ഇന്ത്യൻ സിനിമയുടെ സ്വാധീനത്തിന് അടിവരയിട്ട അദ്ദേഹം, ഇന്ത്യയുടെ സാംസ്കാരിക സത്ത ലോകത്തിന്റെ എല്ലാ കോണുകളിലേക്കും വിജയകരമായി എത്തിക്കാൻ അതിനായെന്നു ചൂണ്ടിക്കാട്ടി. റഷ്യയിൽ രാജ് കപൂറിനുള്ള ജനപ്രീതി, കാനിൽ സത്യജിത് റേക്കു ലഭിച്ച ആഗോള അംഗീകാരം, ആർആർആറിന്റെ ഓസ്കർ നേട്ടം എന്നിവ എടുത്തുകാട്ടിയ അദ്ദേഹം, ഇന്ത്യൻ ചലച്ചിത്ര പ്രവർത്തകർ ആഗോള ആഖ്യാനങ്ങൾ എങ്ങനെ രൂപപ്പെടുത്തുന്നു എന്നു വ്യക്തമാക്കി. ഗുരു ദത്തിന്റെ ചലച്ചിത്രകാവ്യം, ഋത്വിക് ഘട്ടക്കിന്റെ സാമൂഹിക പ്രതിഫലനങ്ങൾ, എ ആർ റഹ്മാന്റെ സംഗീതപ്രതിഭ, എസ് എസ് രാജമൗലിയുടെ ഇതിഹാസ കഥപറച്ചിൽ എന്നിവയും അദ്ദേഹം പരാമർശിച്ചു. ഈ കലാകാരന്മാർ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനു ജനങ്ങളിൽ ഇന്ത്യൻ സംസ്കാരത്തെ ജീവസുറ്റതാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സിനിമാ ഇതിഹാസങ്ങളെ തപാൽ സ്റ്റാമ്പുകൾ വഴി ആദരിക്കുകയും ഈ മേഖലയ്ക്ക് അവർ നൽകിയ സംഭാവനകൾക്കു ആദരമർപ്പിക്കുകയും ചെയ്തതായി ശ്രീ മോദി അഭിപ്രായപ്പെട്ടു.
 
ഇന്ത്യയുടെ സർഗാത്മക പ്രതിഭയുടെയും ആഗോള സഹകരണത്തിന്റെയും പ്രാധാന്യത്തിന് ഊന്നൽ നൽകിയ പ്രധാനമന്ത്രി, വർഷങ്ങളായി ഗെയിമിങ്, സംഗീതം, ചലച്ചിത്രനിർമാണം, അഭിനയം എന്നീ മേഖലകളിലെ പ്രൊഫഷണലുകളുമായി ഇടപഴകിയിട്ടുണ്ടെന്നും സർഗാത്മക വ്യവസായങ്ങളെക്കുറിച്ചുള്ള ധാരണ വർധിപ്പിക്കുന്ന ആശയങ്ങളും ഉൾക്കാഴ്ചകളും ചർച്ച ചെയ്തുവെന്നും അഭിപ്രായപ്പെട്ടു. നരസിംഹ മേത്ത ഏകദേശം 500-600 വർഷങ്ങൾക്കുമുമ്പ് എഴുതിയ ‘വൈഷ്ണവ് ജൻ തോ’ എന്ന ഗാനം മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തിൽ 150 രാജ്യങ്ങളിൽ നിന്നുള്ള ഗായകർ ഒത്തുചേർന്ന് അവതരിപ്പിച്ച സവിശേഷമായ ഉദ്യമത്തെക്കുറിച്ചു പ്രധാനമന്ത്രി പരാമർശിച്ചു. കലാപരമായ ഈ ആഗോള ശ്രമം സുപ്രധാന സ്വാധീനം സൃഷ്ടിച്ചെന്നും ലോകത്തെ ഒന്നിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ഹ്രസ്വ വീഡിയോ സന്ദേശങ്ങൾ സൃഷ്ടിച്ചും ഗാന്ധിജിയുടെ തത്വചിന്തകളെ മുന്നോട്ടു കൊണ്ടുപോയും ഉച്ചകോടിയിൽ പങ്കെടുത്ത നിരവധി വ്യക്തികൾ ‘ഗാന്ധി വൺ ഫിഫ്റ്റി’ സംരംഭത്തിനു സംഭാവനയേകിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ സർഗാത്മക ലോകത്തിന്റെ കൂട്ടായ ശക്തി, അന്താരാഷ്ട്ര സഹകരണത്തോടൊപ്പം, അതിന്റെ സാധ്യതകൾ ഇതിനകം പ്രകടമാക്കിയിട്ടുണ്ടെന്നും, ആ കാഴ്ചപ്പാട് ഇപ്പോൾ ‘വേവ്സി’ന്റെ രൂപത്തിൽ യാഥാർഥ്യമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
 
WAVES ഉച്ചകോടിയുടെ ആദ്യ പതിപ്പിന്റെ ഉജ്വല വിജയത്തെ ശ്രീ മോദി പ്രശംസിച്ചു. ആദ്യ നിമിഷംമുതൽ ഈ പരിപാടി ആഗോള ശ്രദ്ധ പിടിച്ചുപറ്റിയെന്നും “ലക്ഷ്യബോധത്തോടെയാണിതു മുന്നോട്ടുപോകുന്നത്” എന്നും അദ്ദേഹം പറഞ്ഞു. ഉച്ചകോടിയുടെ ഉപദേശകസമിതിയുടെ അർപ്പണബോധത്തെയും പരിശ്രമങ്ങളെയും അദ്ദേഹം പരാമർശിച്ചു. സർഗാത്മകവ്യവസായത്തിലെ നാഴികക്കല്ലായ പരിപാടിയാക്കി WAVES-നെ മാറ്റുന്നതിൽ അവർക്കുള്ള പങ്ക് അദ്ദേഹം ചൂണ്ടിക്കാട്ടി. 60 രാജ്യങ്ങളിലായി ഏകദേശം ഒരുലക്ഷം സർഗാത്മക പ്രൊഫഷണലുകളുടെ പങ്കാളിത്തത്തോടെ നടന്ന വലിയ തോതിലുള്ള ‘ക്രിയേറ്റേഴ്‌സ് ചലഞ്ചും’ ‘ക്രിയേറ്റോസ്ഫിയർ’ സംരംഭവും അദ്ദേഹം എടുത്തുപറഞ്ഞു. 32 ചലഞ്ചുകളിൽനിന്ന് 800 ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്തുവെന്നും അവരുടെ കഴിവുകൾ തിരിച്ചറിഞ്ഞതായും അവരുടെ നേട്ടത്തിന് അവരെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. ആഗോള സർഗാത്മക വേദിയിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ ഇപ്പോൾ അവർക്ക് അവസരമുണ്ടെന്നു പറഞ്ഞ അദ്ദേഹം ഫൈനലിസ്റ്റുകൾക്കു പ്രോത്സാഹനമേകി.
 
​WAVES ഉച്ചകോടിക്കിടെ ഭാരത് പവലിയനിൽ പ്രദർശിപ്പിച്ച സർഗാത്മക വികസനപാതയുടെ കാര്യത്തിൽ പ്രധാനമന്ത്രി ഉത്സാഹം പ്രകടിപ്പിച്ചു. കാര്യമായ നവീകരണം കൈവരിക്കാൻ കഴിഞ്ഞുവെന്നും ഈ സൃഷ്ടികൾ നേരിട്ടു കാണാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പുതിയ സ്രഷ്ടാക്കളെ പ്രോത്സാഹിപ്പിക്കാനും വളർന്നുവരുന്ന വിപണികളുമായി അവരെ കൂട്ടിയിണക്കാനുമുള്ള വേവ്സ് ബസാർ സംരംഭത്തിന്റെ കഴിവു പ്രധാനമന്ത്രി എടുത്തുപറഞ്ഞു. കലാവ്യവസായത്തിലെ വാങ്ങുന്നവരെയും വിൽക്കുന്നവരെയും കൂട്ടിയിണക്കുന്ന ആശയത്തെ അദ്ദേഹം പ്രശംസിച്ചു. അത്തരം സംരംഭങ്ങൾ സൃഷ്ടിപരമായ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുകയും കലാകാരന്മാർക്കു പുതിയ അവസരങ്ങൾ നൽകുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
 
സർഗാത്മകതയും മനുഷ്യാനുഭവവും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെക്കുറിച്ചു പരാമർശിച്ച ശ്രീ മോദി, ഒരു കുട്ടിയുടെ യാത്ര ആരംഭിക്കുന്നതു ശബ്ദത്തിലേക്കും സംഗീതത്തിലേക്കുമുള്ള അവരുടെ ആദ്യ ആമുഖമായ അമ്മയുടെ താരാട്ടോടെയാണ് എന്നു ചൂണ്ടിക്കാട്ടി. അമ്മ കുട്ടിക്കായി സ്വപ്നങ്ങൾ നെയ്യുന്നതുപോലെ, സർഗാത്മക പ്രൊഫഷണലുകൾ യുഗസ്വപ്നങ്ങൾക്കു രൂപമേകുന്നുവെന്നു ശ്രീ മോദി അഭിപ്രായപ്പെട്ടു. കലയിലൂടെ തലമുറകളെ പ്രചോദിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന അത്തരം ദീർഘവീക്ഷണമാർന്ന വ്യക്തികളെ ഒരുമിച്ചു കൊണ്ടുവരുന്നതിലാണ് WAVESന്റെ സാരാംശം എന്ന് അദ്ദേഹം പറഞ്ഞു.
 
കലാകാരർ, സ്രഷ്ടാക്കൾ, വ്യവസായപ്രമുഖർ എന്നിവരുടെ അർപ്പണബോധം വരുംവർഷങ്ങളിൽ WAVES നെ പുതിയ ഉയരങ്ങളിലേക്കു കൊണ്ടുപോകുമെന്ന് പറഞ്ഞ അദ്ദേഹം, കൂട്ടായ പരിശ്രമത്തിലുള്ള വിശ്വാസം ആവർത്തിച്ചുറപ്പിച്ചു. ഉച്ചകോടിയുടെ ആദ്യ പതിപ്പിനെ വിജയകരമാക്കിയ അതേ പിന്തുണയും കൈത്താങ്ങും തുടരാൻ ശ്രീ മോദി വ്യവസായപ്രമുഖരോട് ആവശ്യപ്പെട്ടു. ആവേശകരമായ നിരവധി ‘വേവ്സ്’ ഇനിയും വരാനിരിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാവിയിൽ WAVES പുരസ്കാരങ്ങൾ ആരംഭിക്കുമെന്നും, കലയുടെയും സർഗാത്മകതയുടെയും ലോകത്തിലെ ഏറ്റവും അഭിമാനകരമായ ബഹുമതികളായി അവ മാറുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള ജനങ്ങളുടെ ഹൃദയം കീഴടക്കുകയും സർഗാത്മകതയിലൂടെ തലമുറകളെ പ്രചോദിപ്പിക്കുകയും ചെയ്യുക എന്നതാണു ലക്ഷ്യമെന്നു പ്രസ്താവിച്ച അദ്ദേഹം, സുസ്ഥിരമായ പ്രതിജ്ഞാബദ്ധതയുടെ ആവശ്യകതയ്ക്കും ഊന്നൽ നൽകി.
 
ഇന്ത്യയുടെ ദ്രുതഗതിയിലുള്ള സാമ്പത്തിക പുരോഗതി എടുത്തുകാട്ടിയ അദ്ദേഹം, ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറാനുള്ള പാതയിലാണു രാജ്യമെന്നു പ്രസ്താവിച്ചു. ആഗോള ഫിൻടെക് സ്വീകാര്യതയിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണെന്നും ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ ​ഫോൺ നിർമാതാവാണെന്നും, ലോകമെമ്പാടുമുള്ള മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ രാജ്യത്തിനുയുണ്ടെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വികസിത രാഷ്ട്രമായി മാറാനുള്ള ഇന്ത്യയുടെ യാത്ര ആരംഭിച്ചിട്ടേയുള്ളൂവെന്നും, ഇനിയും വളരെയധികം കാര്യങ്ങൾ വാഗ്ദാനം ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. “ഇന്ത്യ ശതകോടിയിലധികം ജനസംഖ്യയുള്ള രാജ്യം മാത്രമല്ല; ശതകോടിയിലധികം കഥകളുടെ നാടു കൂടിയാണ്” - അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ സമ്പന്നമായ കലാചരിത്രത്തെക്കുറിച്ചു പരാമർശിച്ച അദ്ദേഹം, രണ്ടായിരം വർഷംമുമ്പ്, ഭരതമുനിയുടെ നാട്യശാസ്ത്രം വികാരങ്ങളെയും മനുഷ്യാനുഭവങ്ങളെയും രൂപപ്പെടുത്തുന്നതിൽ കലയുടെ കരുത്തിന് ഊന്നൽ നൽകിയിരുന്നെന്ന് ഓർമിപ്പിച്ചു. നൂറ്റാണ്ടുകൾക്കുമുമ്പ്, കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം ശാസ്ത്രീയ നാടകമേഖലയിൽ പുതിയ ദിശ അവതരിപ്പിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഓരോ തെരുവിനും ഒരു കഥയുണ്ടെന്നും, ഓരോ പർവതത്തിനും ഒരു ഗാനമുണ്ടെന്നും, ഓരോ നദിക്കും ഒരു രാഗം ഉണ്ടെന്നും പറഞ്ഞ അദ്ദേഹം, ഇന്ത്യയുടെ ആഴത്തിലുള്ള സാംസ്കാരിക വേരുകൾ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ആറു ലക്ഷം ഗ്രാമങ്ങൾക്ക് ഓരോന്നിനും അവരുടേതായ നാടോടി പാരമ്പര്യങ്ങളും സവിശേഷമായ കഥപറച്ചിൽ ശൈലികളുമുണ്ടെന്നും, നാടോടിക്കഥകളിലൂടെ ചരിത്രം സംരക്ഷിക്കുന്ന സമൂഹങ്ങളുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭജനകളായാലും ഗസലുകളായാലും ഇതിഹാസ രചനകളായാലും സമകാലിക രാഗങ്ങളായാലും, ഓരോ രാഗത്തിലും ഒരു കഥയുണ്ടെന്നും, ഓരോ താളത്തിലും ഒരാത്മാവുണ്ടെന്നും പറഞ്ഞ അദ്ദേഹം, ഇന്ത്യൻ സംഗീതത്തിന്റെ ആത്മീയ പ്രാധാന്യം എടുത്തുകാട്ടി.
 
​ഇന്ത്യയുടെ ആഴത്തിൽ വേരൂന്നിയ കലാപരവും ആത്മീയവുമായ പൈതൃകത്തെ WAVES ഉച്ചകോടിയിൽ ശ്രീ മോദി ഉയർത്തിക്കാട്ടി. ദിവ്യശബ്ദമായ ‘നാദബ്രഹ്മം’ എന്ന ആശയം അദ്ദേഹം പരാമർശിച്ചു. ഇന്ത്യൻ പുരാണങ്ങൾ എല്ലായ്പ്പോഴും സംഗീതത്തിലൂടെയും നൃത്തത്തിലൂടെയും ദിവ്യത്വം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ശിവന്റെ ഡമരുവിനെ ആദ്യത്തെ പ്രപഞ്ച ശബ്ദമായും സരസ്വതി ദേവിയുടെ വീണയെ ജ്ഞാനത്തിന്റെ താളമായും ശ്രീകൃഷ്ണന്റെ ഓടക്കുഴലിനെ സ്നേഹത്തിന്റെ ശാശ്വതസന്ദേശമായും ഭഗവാൻ വിഷ്ണുവിന്റെ ശംഖൊലിയെ ആശാവഹമായ ഉണർവിനുള്ള ആഹ്വാനമായും അ​ദ്ദേഹം ഉദ്ധരിച്ചു. ഉച്ചകോടിയിലെ ആകർഷകമായ സാംസ്കാരിക അവതരണവും ഈ സമ്പന്നമായ പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. “ഇതാണ് ശരിയായ സമയം” എന്നു പ്രഖ്യാപിച്ച ശ്രീ മോദി, ഇന്ത്യയുടെ കഥപറച്ചിൽ പാരമ്പര്യം ആയിരക്കണക്കിനു വർഷങ്ങളായി നിലനിൽക്കുന്ന വിലമതിക്കാനാവാത്ത നിധി വാഗ്ദാനം ചെയ്യുന്നുവെന്ന് ഉറപ്പിച്ചു പറഞ്ഞു. ‘ഇന്ത്യയിൽ സൃഷ്ടിക്കുക, ലോകത്തിനായി സൃഷ്ടിക്കുക’ എന്ന ഇന്ത്യയുടെ കാഴ്ചപ്പാട് അദ്ദേഹം ആവർത്തിച്ചു. ഇന്ത്യയുടെ കഥകൾ കാലാതീതവും ചിന്തോദ്ദീപകവും യഥാർഥ അർഥത്തിൽ ആഗോളവുമാണെന്ന് അദ്ദേഹം പറഞ്ഞു. സാംസ്കാരിക വിഷയങ്ങൾ മാത്രമല്ല, ശാസ്ത്രം, കായികമേഖല, ധൈര്യം, ശൗര്യം എന്നിവയും അതുൾക്കൊള്ളുന്നു. ഇന്ത്യയുടെ കഥപറച്ചിൽ ഭൂപ്രകൃതി ശാസ്ത്രത്തെ കൽപ്പിതകഥകളുമായി സംയോജിപ്പിക്കുന്നുവെന്നും വീരത്വത്തെ നവീകരണവുമായി സംയോജിപ്പിക്കുന്നുവെന്നും, വിശാലവും വൈവിധ്യപൂർണവുമായ സൃഷ്ടിപരമായ ആവാസവ്യവസ്ഥ രൂപപ്പെടുത്തുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ അസാധാരണ കഥകൾ ലോകവുമായി പങ്കുവയ്ക്കുന്നതിനും പുതിയതും ആകർഷകവുമായ മാതൃകകളിലൂടെ ഭാവിതലമുറകളിലേക്ക് അവ എത്തിക്കുന്നതിനുമുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാൻ അദ്ദേഹം WAVES സംവിധാനത്തോട് ആഹ്വാനം ചെയ്തു.
 
ജനങ്ങളുടെ പത്മ പുരസ്കാരവും WAVES ഉച്ചകോടിയുടെ കാഴ്ചപ്പാടും തമ്മിലുള്ള സമാനതകൾ വരച്ചുകാട്ടി, രണ്ടു സംരംഭങ്ങളും ഇന്ത്യയുടെ എല്ലാ കോണുകളിൽനിന്നുമുള്ള പ്രതിഭകളെ അംഗീകരിക്കുകയും പരിപോഷ‌ിപ്പിക്കുകയും ചെയ്യുക എന്നതാണു ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിന് ഏതാനും വർഷങ്ങൾക്കുശേഷം പത്മ പുരസ്കാരങ്ങൾ ആരംഭിച്ചെങ്കിലും, ഇന്ത്യ ജനങ്ങളുടെ പത്മ സ്വീകരിച്ചതോടെയാണ് അവ യഥാർഥത്തിൽ രൂപാന്തരപ്പെട്ടത്. ഒറ്റപ്പെട്ടയിടങ്ങളിൽനിന്നുള്ള, രാഷ്ട്രത്തെ സേവിക്കുന്ന വ്യക്തികൾക്ക് അംഗീകാരമേകിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ മാറ്റം, പുരസ്കാരങ്ങളെ ചടങ്ങ് എന്ന നിലയിൽനിന്നു ദേശീയ ആഘോഷമാക്കി പരിവർത്തനം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ, സിനിമ, സംഗീതം, അനിമേഷൻ, ഗെയിമിങ് എന്നിവയിലുടനീളം ഇന്ത്യയുടെ വിപുലമായ സർഗാത്മക പ്രതിഭകൾക്കുള്ള ആഗോള വേദിയായി WAVES പ്രവർത്തിക്കുമെന്നും, രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നുമുള്ള കലാകാരന്മാർക്ക് അന്താരാഷ്ട്ര വേദിയിൽ അംഗീകാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
 
വൈവിധ്യമാർന്ന ആശയങ്ങളെയും സംസ്കാരങ്ങളെയും സ്വീകരിക്കുന്ന ഇന്ത്യയുടെ പാരമ്പര്യത്തെ അടിവരയിട്ട്, സംസ്കൃത വാക്യം പരാമർശിച്ചു കൊണ്ട്, രാജ്യത്ത് അഭിവൃദ്ധി പ്രാപിക്കുകയും അതിന്റെ സാംസ്കാരിക ഘടനയുടെ അവിഭാജ്യ ഘടകമായി മാറുകയും ചെയ്ത പാഴ്സികളേയും, ജൂതന്മാരേയും പോലുള്ള സമൂഹങ്ങളെ ഇന്ത്യയുടെ സാംസ്കാരികതയുടെ തുറന്ന മനസ്സ്  സ്വാഗതം ചെയ്തിട്ടുണ്ടെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാരുടെയും പ്രതിനിധികളുടെയും സാന്നിധ്യം അംഗീകരിച്ച അദ്ദേഹം, ഓരോ രാജ്യത്തിനും അവരുടേതായ വിജയങ്ങളും സംഭാവനകളും ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോള കലാപരമായ നേട്ടങ്ങളെ ബഹുമാനിക്കുന്നതിലും ആഘോഷിക്കുന്നതിലുമാണ് ഇന്ത്യയുടെ ശക്തിയെന്നും, ക്രിയാത്മക സഹകരണത്തോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെ ഇത് ശക്തിപ്പെടുത്തുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വ്യത്യസ്ത സംസ്കാരങ്ങളുടെയും രാഷ്ട്രങ്ങളുടെയും നേട്ടങ്ങളെ പ്രതിഫലിപ്പിക്കുന്ന ഉള്ളടക്കം സൃഷ്ടിക്കുന്നതിലൂടെ, WAVES ന് ആഗോള കണക്റ്റിവിറ്റിയുടെയും കലാപരമായ വിനിമയത്തിന്റെയും ദർശനം ശക്തിപ്പെടുത്താൻ കഴിയുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
 
ഇന്ത്യയുടെ കഥകളുമായി ഇടപഴകുന്നത് അവരുടെ സ്വന്തം സംസ്കാരങ്ങളുമായി ആഴത്തിൽ പ്രതിധ്വനിക്കുന്ന ആഖ്യാനങ്ങൾ വെളിപ്പെടുത്തുമെന്ന് ഉറപ്പുനൽകിക്കൊണ്ട് പ്രധാനമന്ത്രി ആഗോള സർഗ്ഗാത്മക സമൂഹത്തെ ക്ഷണിച്ചു. ഇന്ത്യയുടെ സമ്പന്നമായ കഥപറച്ചിൽ പാരമ്പര്യം അതിർത്തികൾ കടന്ന് സ്വാഭാവികവും അർത്ഥവത്തായതുമായ ഒരു ബന്ധം സൃഷ്ടിക്കുന്ന പ്രമേയങ്ങളും വികാരങ്ങളും ഉൾക്കൊള്ളുന്നതായി അദ്ദേഹം  ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ കഥകൾ പര്യവേക്ഷണം ചെയ്യുന്ന അന്താരാഷ്ട്ര കലാകാരന്മാർക്കും സ്രഷ്ടാക്കൾക്കും രാജ്യത്തിന്റെ പൈതൃകവുമായി ഒരു ജൈവിക ബന്ധം അനുഭവപ്പെടുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ സാംസ്കാരിക സമന്വയം ഇന്ത്യയുടെ 'ഇന്ത്യയിൽ സൃഷ്ടിക്കുക' എന്ന കാഴ്ചപ്പാടിനെ കൂടുതൽ ആകർഷകവും ലോകത്തിന് പ്രാപ്യവുമാക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.
 
"ഇന്ത്യയിൽ ഓറഞ്ച് സമ്പദ്‌വ്യവസ്ഥയുടെ ഉദയത്തിന്റെ സമയമാണിത് - ഉള്ളടക്കം, സർഗാത്മകത, സംസ്കാരം എന്നിവയാണ് ഓറഞ്ച് സമ്പദ്‌വ്യവസ്ഥയുടെ മൂന്ന് തൂണുകൾ", ശ്രീ മോദി ഉദ്‌ഘോഷിച്ചു. ഇന്ത്യൻ സിനിമകൾ ഇപ്പോൾ 100-ലധികം രാജ്യങ്ങളിലെ പ്രേക്ഷകരിലേക്ക് എത്തിയിട്ടുണ്ടെന്നും ആഗോള പ്രേക്ഷകർ ഇന്ത്യൻ സിനിമയെ ഉപരിപ്ലവമായ അഭിനന്ദനത്തിനപ്പുറം മനസ്സിലാക്കാൻ കൂടുതൽ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര പ്രേക്ഷകർ ഇന്ത്യൻ ഉള്ളടക്കം സബ്‌ടൈറ്റിലുകൾ ഉപയോഗിച്ച് കാണുന്നതിന്റെ വർദ്ധിച്ചുവരുന്ന പ്രവണത അദ്ദേഹം എടുത്തുകാണിച്ചു, ഇത് ഇന്ത്യയുടെ കഥകളുമായി കൂടുതൽ ആഴത്തിലുള്ള ഇടപെടൽ സൂചിപ്പിക്കുന്നു. സമീപ വർഷങ്ങളിൽ ഇന്ത്യയുടെ ഒടിടി വ്യവസായം പത്തിരട്ടി വളർച്ച കൈവരിച്ചിട്ടുണ്ടെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. സ്‌ക്രീനുകളുടെ വലുപ്പം ചുരുങ്ങുന്നുണ്ടെങ്കിലും, ഉള്ളടക്കത്തിന്റെ വ്യാപ്തി അനന്തമാണെന്നും മൈക്രോ സ്‌ക്രീനുകൾ മെഗാ സന്ദേശങ്ങൾ നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ പാചകരീതി ആഗോളതലത്തിൽ പ്രിയപ്പെട്ടതായി മാറുകയാണെന്ന് അദ്ദേഹം നിരീക്ഷിച്ചു, ഇന്ത്യൻ സംഗീതത്തിന് ഉടൻ തന്നെ ലോകമെമ്പാടും സമാനമായ അംഗീകാരം ലഭിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
 
ഇന്ത്യയുടെ സർ​ഗാത്മക സമ്പദ്‌വ്യവസ്ഥയുടെ അപാരമായ സാധ്യതകൾ ഊന്നിപ്പറഞ്ഞുകൊണ്ട്, വരും വർഷങ്ങളിൽ രാജ്യത്തിന്റെ ജിഡിപിയിലേക്കുള്ള അതിന്റെ സംഭാവന ഗണ്യമായി വർദ്ധിക്കുമെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. "സിനിമാ നിർമ്മാണം, ഡിജിറ്റൽ ഉള്ളടക്കം, ഗെയിമിംഗ്, ഫാഷൻ, സംഗീതം എന്നിവയുടെ ആഗോള കേന്ദ്രമായി ഇന്ത്യ ഉയർന്നുവരുന്നു" എന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ലൈവ് സം​ഗീത പരിപാടികളുടെ വ്യവസായത്തിലെ പ്രതീക്ഷാജനകമായ വളർച്ചാ അവസരങ്ങളും ആഗോള ആനിമേഷൻ വിപണിയിലെ വിശാലമായ സാധ്യതകളും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ ഇത് 430 ബില്യൺ ഡോളറിൽ കൂടുതലാണ്. അടുത്ത ദശകത്തിൽ ഇത് ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ ആനിമേഷൻ, ഗ്രാഫിക്സ് വ്യവസായത്തിന് ഇത് ഒരു സുപ്രധാന അവസരം നൽകുന്നുവെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു, കൂടുതൽ അന്താരാഷ്ട്ര വ്യാപനത്തിനായി ഈ വികാസം പ്രയോജനപ്പെടുത്താൻ പങ്കാളികളോട് അഭ്യർത്ഥിച്ചു.
 
ഇന്ത്യയുടെ ഓറഞ്ച് സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കാൻ ഇന്ത്യയിലെ യുവ സ്രഷ്ടാക്കളോട് ആഹ്വാനം ചെയ്ത ശ്രീ മോദി, അവരുടെ അഭിനിവേശവും കഠിനാധ്വാനവും സർഗ്ഗാത്മകതയുടെ ഒരു പുതിയ തരംഗത്തെ രൂപപ്പെടുത്തുന്നുവെന്ന് കൂട്ടിച്ചേർത്തു. ഗുവാഹത്തിയിൽ നിന്നുള്ള സംഗീതജ്ഞരായാലും, കൊച്ചിയിൽ നിന്നുള്ള പോഡ്‌കാസ്റ്റർമാരായാലും, ബെംഗളൂരുവിലെ ഗെയിം ഡിസൈനർമാരായാലും, പഞ്ചാബിലെ ചലച്ചിത്ര നിർമ്മാതാക്കളായാലും, അവരുടെ സംഭാവനകൾ ഇന്ത്യയുടെ വളർന്നുവരുന്ന സർഗ്ഗാത്മക മേഖലയെ ഉത്തേജിപ്പിക്കുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സ്‌കിൽ ഇന്ത്യ, സ്റ്റാർട്ടപ്പ് പിന്തുണ, AVGC വ്യവസായത്തിനായുള്ള നയങ്ങൾ, WAVES പോലുള്ള ആഗോള പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയ സംരംഭങ്ങൾ വഴി അവരെ പിന്തുണയ്ക്കുന്നതിലൂടെ, സർഗ്ഗാത്മക പ്രൊഫഷണലുകൾക്ക് പിന്നിൽ ​ഗവൺമെന്റ് ഉറച്ചുനിൽക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. നവീകരണത്തിനും ഭാവനയ്ക്കും വില കൽപ്പിക്കുകയും, പുതിയ സ്വപ്നങ്ങൾ വളർത്തുകയും, ആ സ്വപ്നങ്ങൾക്ക് ജീവൻ പകരാൻ വ്യക്തികളെ ശാക്തീകരിക്കുകയും ചെയ്യുന്ന ഒരു അന്തരീക്ഷം കെട്ടിപ്പടുക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സർഗ്ഗാത്മകതയും കോഡിം​ഗും കണ്ടുമുട്ടുകയും, സോഫ്റ്റ്‌വെയർ കഥപറച്ചിലുമായി ലയിക്കുകയും, കല ഓഗ്‌മെന്റഡ് റിയാലിറ്റിയുമായി ഒന്നുചേരുകയും ചെയ്യുന്ന ഒരു പ്രധാന വേദിയായി WAVES പ്രവർത്തിക്കുമെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താനും, വലിയ സ്വപ്നങ്ങൾ കാണാനും,  ദർശനങ്ങൾ സാക്ഷാത്കരിക്കുന്നതിന്  സമർപ്പിതമായ ശ്രമങ്ങൾ നടത്താനും അദ്ദേഹം യുവ സ്രഷ്ടാക്കളോട് അഭ്യർത്ഥിച്ചു.
 
ഇന്ത്യയിലെ ഉള്ളടക്ക സ്രഷ്ടാക്കളിൽ അചഞ്ചലമായ ആത്മവിശ്വാസം പ്രകടിപ്പിച്ച പ്രധാനമന്ത്രി, അവരുടെ സ്വതന്ത്രമായി ഒഴുകുന്ന സർഗ്ഗാത്മകത ആഗോള സർഗ്ഗാത്മക ഭൂപ്രകൃതിയെ പുനർനിർവചിക്കുന്നുവെന്ന് എടുത്തുപറഞ്ഞു. ഇന്ത്യയിലെ സ്രഷ്ടാക്കളുടെ യുവത്വ മനോഭാവത്തിന് തടസ്സങ്ങളോ അതിരുകളോ മടിയോ ഇല്ലെന്നും, അത് നവീകരണത്തെ അഭിവൃദ്ധിപ്പെടുത്തുന്നതായും അദ്ദേഹം ഊന്നിപ്പറഞ്ഞു. യുവ സ്രഷ്ടാക്കൾ, ഗെയിമർമാർ, ഡിജിറ്റൽ കലാകാരർ എന്നിവരുമായുള്ള വ്യക്തിപരമായ ഇടപെടലുകളിലൂടെ, ഇന്ത്യയുടെ സർഗ്ഗാത്മക ആവാസവ്യവസ്ഥയിൽ നിന്ന് ഉയർന്നുവരുന്ന ഊർജ്ജവും കഴിവും താൻ നേരിട്ട് കണ്ടിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ വലിയ യുവജന സംഖ്യ റീലുകൾ, പോഡ്‌കാസ്റ്റുകൾ, ഗെയിമുകൾ എന്നിവ മുതൽ ആനിമേഷൻ, സ്റ്റാൻഡ്-അപ്പ്, എആർ-വിആർ ഫോർമാറ്റുകൾ വരെ  പുതിയ സർഗ്ഗാത്മക മാനങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. WAVES എന്നത് ഈ തലമുറയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഒരു പ്ലാറ്റ്‌ഫോമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു - യുവമനസ്സുകളെ അവരുടെ ഊർജ്ജവും കാര്യക്ഷമതയും ഉപയോഗിച്ച് സർഗ്ഗാത്മക വിപ്ലവത്തെ പുനർനിർവചിക്കാനും ഇത് പ്രാപ്തമാക്കുന്നു.
 
സാങ്കേതികവിദ്യയാൽ നയിക്കപ്പെടുന്ന 21-ാം നൂറ്റാണ്ടിൽ, ​സർ​ഗാത്മക ഉത്തരവാദിത്തത്തിന്റെ പ്രാധാന്യം അടിവരയിട്ടുകൊണ്ട്, സാങ്കേതികവിദ്യ മനുഷ്യജീവിതത്തെ കൂടുതൽ സ്വാധീനിക്കുമ്പോൾ വൈകാരിക സംവേദനക്ഷമതയും സാംസ്കാരിക സമ്പന്നതയും സംരക്ഷിക്കുന്നതിന് അധിക ശ്രമങ്ങൾ ആവശ്യമാണെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. സൃഷ്ടിപരമായ ലോകത്തിന് മനുഷ്യന്റെ അനുകമ്പ വളർത്താനും സാമൂഹിക അവബോധം ആഴത്തിലാക്കാനുമുള്ള ശക്തിയുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. റോബോട്ടുകളെ സൃഷ്ടിക്കുകയല്ല, മറിച്ച് ഉയർന്ന സംവേദനക്ഷമത, വൈകാരിക ആഴം, ബൗദ്ധിക സമ്പന്നത എന്നിവയുള്ള - വിവരങ്ങളുടെ പ്രവാഹത്തിൽ നിന്നോ സാങ്കേതികയുടെ വേഗതയിൽ നിന്നോ മാത്രം ഉത്ഭവിക്കാൻ കഴിയാത്ത ഗുണങ്ങളുള്ള - വ്യക്തികളെ വളർത്തിയെടുക്കുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. കല, സംഗീതം, നൃത്തം, കഥപറച്ചിൽ എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് ശ്രീ മോദി ഊന്നിപ്പറഞ്ഞു, ഈ രൂപങ്ങൾ ആയിരക്കണക്കിന് വർഷങ്ങളായി മനുഷ്യ സംവേദനക്ഷമതയെ സജീവമായി നിലനിർത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പാരമ്പര്യങ്ങളെ ശക്തിപ്പെടുത്താനും കൂടുതൽ അനുകമ്പയുള്ള ഒരു ഭാവി കെട്ടിപ്പടുക്കാനും അദ്ദേഹം സ്രഷ്ടാക്കളെ പ്രേരിപ്പിച്ചു. ഭിന്നിപ്പിക്കുന്നതും ദോഷകരവുമായ പ്രത്യയശാസ്ത്രങ്ങളിൽ നിന്ന് യുവതലമുറയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുകാണിച്ചു, സാംസ്കാരിക സമഗ്രത ഉയർത്തിപ്പിടിക്കുന്നതിനും പോസിറ്റീവ് മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനും WAVES ഒരു സുപ്രധാന വേദിയായി വർത്തിക്കുമെന്ന് പ്രസ്താവിച്ചു. ഈ ഉത്തരവാദിത്തത്തെ അവഗണിക്കുന്നത് ഭാവി തലമുറകൾക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
 
സൃഷ്ടിപരമായ ലോകത്ത് സാങ്കേതികവിദ്യയുടെ പരിവർത്തനാത്മക സ്വാധീനം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, അതിന്റെ പൂർണ്ണ ശേഷി പ്രയോജനപ്പെടുത്തുന്നതിന് ആഗോള ഏകോപനത്തിന്റെ പ്രാധാന്യം എടുത്തുകാട്ടി. ഇന്ത്യൻ സ്രഷ്ടാക്കളെ ആഗോള കഥപറച്ചിലുകാരുമായി ബന്ധിപ്പിക്കുന്ന ഒരു പാലമായി WAVES പ്രവർത്തിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പരിപാടി ഇന്ത്യൻ ആനിമേറ്റർമാരെ ആഗോള ദാർശനികരുമായി ബന്ധിപ്പിക്കുകയും ഗെയിമർമാരെ ആഗോള ചാമ്പ്യന്മാരാക്കി മാറ്റുകയും ചെയ്യും. അന്താരാഷ്ട്ര നിക്ഷേപകരെയും സ്രഷ്ടാക്കളെയും അവരുടെ ഉള്ളടക്കത്തിന്റെ തട്ടകമായി ഇന്ത്യയെ സ്വീകരിക്കാനും രാജ്യത്തിന്റെ വിശാലമായ സർഗ്ഗാത്മക ആവാസവ്യവസ്ഥ ഉപയോ​ഗപ്പെടുത്താനും അദ്ദേഹം ക്ഷണിച്ചു. ആഗോള സ്രഷ്ടാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി അവരോട് വലിയ സ്വപ്നങ്ങൾ കാണാനും അവരുടെ കഥ പറയാനും ആഹ്വാനം ചെയ്തു. നിക്ഷേപകരെ പ്ലാറ്റ്‌ഫോമുകളിൽ മാത്രമല്ല, വ്യക്തികളിലും നിക്ഷേപിക്കാൻ അദ്ദേഹം പ്രോത്സാഹിപ്പിച്ചു, ഇന്ത്യൻ യുവാക്കളോട് അവരുടെ പറയപ്പെടാത്ത ഒരു ബില്യൺ കഥകൾ ലോകവുമായി പങ്കിടാൻ ആഹ്വാനം ചെയ്തു. ഉദ്ഘാടന WAVES ഉച്ചകോടിയിൽ പങ്കെടുത്ത എല്ലാവർക്കും ആശംസകൾ നേർന്നുകൊണ്ട് അദ്ദേഹം പ്രസം​ഗം ഉപസംഹരിച്ചു.
 
മഹാരാഷ്ട്ര ഗവർണർ ശ്രീ സി. പി. രാധാകൃഷ്ണൻ, മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്‌നാവിസ്, ശ്രീ അശ്വിനി വൈഷ്ണവ്, ഡോ. എൽ. മുരുകൻ എന്നീ കേന്ദ്രമന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു.
 
 
പശ്ചാത്തലം
 
"Connecting Creators, Connecting Countries" എന്ന ടാഗ്‌ലൈനോടുകൂടിയ നാല് ദിവസത്തെ ഉച്ചകോടിയാണ് WAVES 2025. ലോകമെമ്പാടുമുള്ള സ്രഷ്ടാക്കൾ, സ്റ്റാർട്ടപ്പുകൾ, വ്യവസായ നേതാക്കൾ, നയരൂപകർത്താക്കൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവന്ന് ഇന്ത്യയെ മാധ്യമ, വിനോദ, ഡിജിറ്റൽ നവീകരണത്തിനുള്ള ഒരു ആഗോള കേന്ദ്രമായി സ്ഥാപിക്കാൻ ഇത് ഒരുങ്ങിയിരിക്കുന്നു.
 
ശോഭനമായ ഒരു ഭാവി രൂപപ്പെടുത്തുന്നതിന് സർഗ്ഗാത്മകത, സാങ്കേതികവിദ്യ, കഴിവുകൾ എന്നിവ പ്രയോജനപ്പെടുത്തുക എന്ന പ്രധാനമന്ത്രിയുടെ ദർശനത്തിന് അനുസൃതമായി, സിനിമകൾ, OTT, ഗെയിമിംഗ്, കോമിക്സ്, ഡിജിറ്റൽ മീഡിയ, AI, AVGC-XR, പ്രക്ഷേപണം, ഉയർന്നുവരുന്ന സാങ്കേതികവിദ്യ എന്നിവയെ WAVES സംയോജിപ്പിക്കും. ഇത് ഇന്ത്യയുടെ മാധ്യമ, വിനോദ വൈദഗ്ധ്യത്തിന്റെ സമഗ്രമായ പ്രദർശനമായി മാറും. 2029 ഓടെ 50 ബില്യൺ ഡോളർ വിപണി തുറക്കാനും ആഗോള വിനോദ സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യയുടെ പങ്ക് വികസിപ്പിക്കാനും WAVES ലക്ഷ്യമിടുന്നു.
 
WAVES 2025 ൽ, ആഗോള മാധ്യമങ്ങളുമായും വിനോദ മേഖലയുമായുള്ള രാജ്യത്തിന്റെ ഇടപെടലിൽ ഒരു നാഴികക്കല്ല് അടയാളപ്പെടുത്തിക്കൊണ്ട്, 25 രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാരുടെ പങ്കാളിത്തത്തോടെ ഇന്ത്യ ആദ്യമായി ഗ്ലോബൽ മീഡിയ ഡയലോഗ് (GMD) സംഘടിപ്പിക്കുന്നു. ഉച്ചകോടിയിൽ 6,100-ലധികം ബയർമാരും, 5,200 സെല്ലർമാരും, 2,100 പ്രോജക്ടുകളുമുള്ള ഒരു ആഗോള ഇ-വിപണിയായ WAVES ബസാറും ഉൾപ്പെടും.  ബയർമാരെയും സെല്ലർമാരെയും പ്രാദേശികമായും ആഗോളമായും ബന്ധിപ്പിക്കുക, വിശാലമായ നെറ്റ്‌വർക്കിംഗും ബിസിനസ് അവസരങ്ങളും ഉറപ്പാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
 
പ്രധാനമന്ത്രി ക്രിയേറ്റോസ്ഫിയർ സന്ദർശിക്കുകയും ഏകദേശം ഒരു വർഷം മുമ്പ് ആരംഭിച്ച 32 ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ചുകളിൽ നിന്ന് തിരഞ്ഞെടുത്ത സ്രഷ്ടാക്കളുമായി സംവദിക്കുകയും ചെയ്തു. ഒരു ലക്ഷത്തിലധികം രജിസ്ട്രേഷനുകളാണ് നടന്നത്. ഭാരത് പവലിയനും അദ്ദേഹം സന്ദർശിച്ചു.
 
90-ലധികം രാജ്യങ്ങളിൽ നിന്നുള്ള പങ്കാളിത്തത്തിന് WAVES 2025 സാക്ഷ്യം വഹിക്കുന്നു, 10,000-ത്തിലധികം പ്രതിനിധികൾ, 1,000 സ്രഷ്ടാക്കൾ, 300+ കമ്പനികൾ, 350+ സ്റ്റാർട്ടപ്പുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഉച്ചകോടിയിൽ 42 പ്ലീനറി സെഷനുകൾ, 39 ബ്രേക്ക്ഔട്ട് സെഷനുകൾ, പ്രക്ഷേപണം, ഇൻഫോടെയ്ൻമെന്റ്, AVGC-XR, സിനിമകൾ, ഡിജിറ്റൽ മീഡിയ എന്നിവയുൾപ്പെടെ വിവിധ മേഖലകളിലായി 32 മാസ്റ്റർക്ലാസുകൾ എന്നിവ ഉൾപ്പെടുന്നു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.