ഇന്ത്യ എഐ ഇംപാക്റ്റ് പ്രീ-സമ്മിറ്റ് കോൺഫറൻസിന് തിരുവനന്തപുരം വേദിയായി
എ ഐയുടെ വിവിധ വശങ്ങൾ ചർച്ച ചെയ്ത് കോൺഫറൻസ്
എ ഐയുടെ വിവിധ വശങ്ങൾ ചർച്ച ചെയ്ത് കോൺഫറൻസ്
കേന്ദ്ര ഗവൺമെന്റിന്റെ ഇന്ത്യ എഐ ദൗത്യത്തിന്റെ കീഴിലുള്ള ഇന്ത്യാ എ ഐ ഇംപാക്റ്റ് സമ്മിറ്റ് 2026 ന് മുന്നോടിയായി കേന്ദ്ര ഇലക്ട്രോണിക്സ് വിവര സാങ്കേതിക വിദ്യാ മന്ത്രാലയത്തിന് കീഴിലെ സോഫ്റ്റ്‌വെയർ ടെക്‌നോളജി പാർക്ക് ഓഫ് ഇന്ത്യ (STPI), ISACA തിരുവനന്തപുരം ചാപ്റ്ററുമായി സഹകരിച്ച് തിരുവനന്തപുരത്ത് ഇന്ത്യ എഐ ഇംപാക്റ്റ് പ്രീ-സമ്മിറ്റ് കോൺഫറൻസ് സംഘടിപ്പിച്ചു. ഫിൻടെക്, ആരോഗ്യം, പൗര സുരക്ഷ എന്നിവയ്ക്കായി സുരക്ഷിതവും വിശ്വസനീയവുമായ AI എന്ന വിഷയത്തിലൂന്നിയായിരുന്നു കോൺഫറൻസ്. തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിൽ നടന്ന കോൺഫറൻസിൽ കേരള ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക് മുഖ്യാതിഥിയായി. ഇന്ത്യയുടെ എഐ ദൗത്യം അതിന്റെ വിന്യാസത്തിൽ മാത്രമല്ല, രാജ്യത്തിനായി ധാർമ്മികവും ഏവരേയും ഉൾക്കൊള്ളുന്നതും സുരക്ഷിതവുമായ എ ഐ നിർവചിക്കുന്നതിലാണ് നിലകൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ ഭരണ മേഖലയിൽ കേരളത്തിനുള്ള മുൻകൈ ചൂണ്ടിക്കാട്ടിയ അദ്ദേഹം ഈ മേഖലയിൽ മുന്നിൽ നിന്നു നയിക്കാൻ സംസ്ഥാനം പ്രാപ്തമാണെന്നും ചൂണ്ടിക്കാട്ടി. എ ഐയുടെ സാധ്യതകൾ വളരുന്നതിനൊപ്പം അത് ഉത്തരവാദിത്തത്തോടെയും സുതാര്യതയോടെയും ഉപയോഗിക്കാൻ ശ്രദ്ധ ഉണ്ടാകണമെന്നും മേഖലയിൽ നൈതികത ഉറപ്പാക്കണമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ഡിജിറ്റൽ സാക്ഷരത പോലെ AI സാക്ഷരത സാധാരണമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളം മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര ഇലക്ട്രോണിക്സ് വിവര സാങ്കേതിക വിദ്യാ മന്ത്രാലയത്തിന് കീഴിലെ ഇന്ത്യ എഐ ഡയറക്ടർ ശ്രീ. മുഹമ്മദ് സഫിറുള്ള കെ ഇന്ത്യാ എഐ മിഷനെക്കുറിച്ചും ഇന്ത്യ-എഐ ഇംപാക്റ്റ് ഉച്ചകോടി 2026 നെക്കുറിച്ചുമുള്ള ഉൾക്കാഴ്ചകൾ കോൺഫറൻസിൽ പങ്കുവെച്ചു. ഇന്ത്യ എ ഐ മിഷന്റെ വളർച്ചയെ സൂചിപ്പിക്കും വിധം രാജ്യത്തിന്റെ AI അടിസ്ഥാന സൗകര്യങ്ങൾ അതിവേഗം വികസിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത 5 വർഷത്തിനുള്ളിൽ, ഇന്ത്യയിൽ നിലവിലുള്ളതിനേക്കാൾ ഇരട്ടി ഡാറ്റാ സെന്റർ നിക്ഷേപം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. 2026 ഫെബ്രുവരിയിൽ നടക്കുന്ന ഇന്ത്യ എ ഐ ഇംപാക്ട് സമ്മിറ്റിൽ ഈ മേഖലയിലെ ആഗോള പ്രമുഖർ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സൈബർ സുരക്ഷയും സ്വകാര്യതയും എ ഐയുടെ പശ്ചാത്തലത്തിൽ: നവീന അവസരങ്ങൾ എന്ന വിഷയത്തിൽ പ്രിൻസിപ്പൽ സയന്റിഫിക് അഡ്വൈസറുടെ (പിഎസ്എ) ഓഫീസിന്റെ കീഴിലുള്ള സൊസൈറ്റി ഫോർ ഇലക്ട്രോണിക് ട്രാൻസാക്ഷൻസ് ആൻഡ് സെക്യൂരിറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. എൻ. സുബ്രഹ്മണ്യൻ മുഖ്യപ്രഭാഷണം നടത്തി. അടിസ്ഥാന സൗകര്യ വികസന മേഖലയിൽ എ ഐക്ക് വലിയ പങ്കാണുള്ളതെന്നും വാഹന, ഗതാഗത മേഖലയിൽ എ ഐയുടെ പ്രഭാവം ദൃശ്യമാണെന്നും അദ്ദേഹം പറഞ്ഞു. നൈതികമായ ചട്ടക്കൂടിൽ നിന്നു കൊണ്ട് ആരോഗ്യമേഖലയും ആശുപത്രി ശൃംഖലയും തമ്മിലുള്ള വിവര കൈമാറ്റങ്ങൾ രോഗനിർണയ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടു വരുമെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം എസ്‌ടിപിഐ ഡയറക്ടർ ശ്രീ.ഗണേഷ് നായക് കെ. സ്വാഗത പ്രസംഗം നടത്തി. സെക്ഷൻഷുറിലെ സിഐഎസ്ഒയും സൈബർ അഷ്വറൻസ് ബിസിനസ് മേധാവിയുമായ ശ്രീ.ജോർജി കുര്യൻ നന്ദി പറഞ്ഞു.
പശ്ചാത്തലം


