പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് , വിഴിഞ്ഞം തുറമുഖം നാളെ രാജ്യത്തിന് സമർപ്പിക്കും

തിരുവനന്തപുരം : കേരളത്തിന്റെ സ്വപ്നപദ്ധതി വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി. രാത്രി 7.50ഓടെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ ടെക്നിക്കൽ ഏരിയയിൽ പ്രധാനമന്ത്രിയുടെ എയർ ഇന്ത്യ വൺ വിമാനം ലാൻഡ് ചെയ്തു. തുടർന്ന് നരേന്ദ്രമോദി രാജ്ഭവനിലേക്ക് പുറപ്പെട്ടു. രാത്രി ഗവർണർ രാജേന്ദ്ര ആർലേക്കർക്കൊപ്പം അത്താഴവിരുന്നിൽ പങ്കെടുക്കും. നാളെ രാവിലെ 10.15ന് വ്യോമസേനാ ഹെലികോപ്ടറിൽ പ്രധാനമന്ത്രി വിഴിഞ്ഞത്തെത്തും. അതിന് ശേഷം തുറമുഖം നടന്നു കാണും, തുടർന്ന് തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രി വി.എൻ.വാസവൻ, ശശി തരൂർ എം പി , അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി തുടങ്ങിയവർ സംസാരിക്കും.
പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ തലസ്ഥാന നഗരത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തുറമുഖത്തിന്റെ സുരക്ഷാ ചുമതല എസ്.പി.ജി ഏറ്റെടുത്തു. കടലിൽ കോസ്റ്റ്ഗാർഡും നേവിയും സുരക്ഷയൊരുക്കും.