സൂപ്പർ കമ്പ്യൂട്ടിങ്ങിലേക്ക് ചുവടുവെയ്ക്കാൻ എസ്.ആർ.ഐ.ബി.എസ്

കോട്ടയം: സൂപ്പർ കമ്പ്യൂട്ടിങ്ങിന്റെ വിശാലലോകത്തേക്ക് ചുവടുവെയ്ക്കാനൊരുങ്ങി പാമ്പാടിയിലെ ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസസ് (എസ്.ആർ.ഐ.ബി.എസ്). 2024 ഒക്‌ടോബർ 28ന്
ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസിന്റെ ഒന്നാംഘട്ട അടിസ്ഥാന സൗകര്യവികസന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ സൂപ്പർകമ്പ്യൂട്ടറിന്റെ പ്രാധാന്യത്തേക്കുറിച്ച് എടുത്തുപറഞ്ഞിരുന്നു. തുടർന്ന് 100 കോടി രൂപയുടെ കെ-സ്റ്റാർ (Kerala Supercomputing
for Technological Advancement and Research) എന്ന വലിയ പദ്ധതിയുടെ പ്രൊപോസൽ ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ സർക്കാരിന് സമർപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി സൂപ്പർകമ്പ്യൂട്ടിംഗ് സെന്ററിന്റെ തുടക്കം കുറിക്കാനായി 2025-26 വർഷത്തെ സംസ്ഥാന ബജറ്റിൽ 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
പാമ്പാടി എട്ടാംമൈലിലെ കാമ്പസിലാരംഭിക്കുന്ന സൂപ്പർ കമ്പ്യൂട്ടിങ്് സെന്റർ വിവിധ ശാസ്ത്ര, സാങ്കേതിക മേഖലകളിലെ ഗവേഷണങ്ങൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. അത്യാധുനിക സൂപ്പർ കമ്പ്യൂട്ടിങ് സെന്ററിലെ സൗകര്യം കേരളത്തിലെ എല്ലാ വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങൾക്കും ലഭ്യമാക്കുമെന്നതാണ് പ്രധാന സവിശേഷതയെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സി.എച്ച്. സുരേഷ് പറഞ്ഞു. പദ്ധതി പ്രവർത്തനക്ഷമമാവുന്നതോടെ സൂപ്പർകമ്പ്യൂട്ടിംഗ് ഉപയോഗിച്ചുള്ള ശാസ്ത്ര ഗവേഷണങ്ങളിൽ ആഗോളതലത്തിൽ മത്സരിക്കാൻ കഴിയുന്ന പുതിയ അവസരങ്ങളും പ്രതിഭകളും ഇവിടെ സൃഷ്ടിയ്ക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. 2026 ജനുവരിയോടെ പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ നിർമാണം പൂർത്തിയാക്കി ഇപ്പോൾ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്നതടക്കമുള്ള മുഴുവൻ പ്രവർത്തനങ്ങളും പുതിയ കാമ്പസിലേക്ക് മാറ്റാനാണ് ലക്ഷ്യമിടുന്നത്.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനു കീഴിലുള്ള എസ്.ആർ.ഐ.ബി.എസ് സൂപ്പർ കമ്പ്യൂട്ടിംഗ്് ഉൾപ്പെടെ ശാസ്ത്രഗവേഷണത്തിൽ പുതുതലമുറയ്ക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പുനൽകുന്നു.
ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം, ഗണിത
ശാസ്ത്രം, കംപ്യൂട്ടേഷണൽ സയൻസസ് തുടങ്ങിയ മേഖലകളിൽ നവീന ആശയങ്ങളെ പരിപോഷിപ്പിക്കുന്നതിലും ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ഉന്നതഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ച് അത്യാധുനിക ഗവേഷണങ്ങൾ നടത്തുന്നതിലും നിർണായകമായ പങ്കുവഹിയ്ക്കാൻ ശേഷിയുള്ള ഗവേഷണസ്ഥാപനമായി ഇത് മാറിക്കഴിഞ്ഞു.
എന്താണ് സൂപ്പർകമ്പ്യൂട്ടർ?
സാധാരണ കമ്പ്യൂട്ടറിനേക്കാൾ ലക്ഷക്കണക്കിന് മടങ്ങ് വേഗവും കമ്പ്യൂട്ടേഷണൽ ശേഷിയുമുള്ളതാണ് ഒരു സൂപ്പർകമ്പ്യൂട്ടർ. കാലാവസ്ഥാ പ്രവചനം, ഹൈ എനർജി ഫിസിക്‌സ് പഠനം, ബ്ലാക്ക് ഹോളുകളുടെ പഠനം, സിമുലേഷനുകൾ, പുതിയ മരുന്നുകൾ രൂപകൽപ്പന ചെയ്യൽ തുടങ്ങിയ ബൃഹത്തായതും സങ്കീർണ്ണവുമായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുന്നവിധത്തിലാണ് ഇതിന്റെ രൂപകൽപ്പന.
കൂടുതൽ പ്രോസസർ, കൂടുതൽ വേഗം
ഒരു സാധാരണ കമ്പ്യൂട്ടറിന് സാധാരണയായി രണ്ടു മുതൽ എട്ടുവരെ പ്രോസസർ കോറുകളാണുള്ളത്. പക്ഷേ, ഒരു സൂപ്പർകമ്പ്യൂട്ടറിൽ ആയിരക്കണക്കിനോ ലക്ഷക്കണക്കിനോ പ്രോസസറുകൾ ഉപയോഗിച്ച് ഒരേസമയം ലക്ഷക്കണക്കിന് ജോലികൾ ചെയ്യുന്നു. ആദ്യകാലത്തു ഗ്രാഫിക്‌സിനും വീഡിയോ ഗെയിമുകൾക്കുമായി നിർമിച്ച ജി.പി.യു. (ഗ്രാഫിക്‌സ് പ്രോസസിംഗ് യൂണിറ്റ്)
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, സിമുലേഷനുകൾ എന്നീ വലിയ ഗണിത പ്രശ്‌നങ്ങൾക്ക് മികച്ചതാണെന്ന് ശാസ്ത്രജ്ഞർ
കണ്ടെത്തി. ഇന്നത്തെ ഏറ്റവും വേഗമേറിയ സൂപ്പർകമ്പ്യൂട്ടറുകൾ സി.പി.യു.വും ജി.പി.യു.വും ഒരുമിച്ച് ഉപയോഗിക്കുന്നു. സി.പി.യു. നിയന്ത്രണവും വൈവിധ്യവും നൽകുന്നു. ജി.പി.യു. ആവർത്തന, ഭാരമേറിയ കണക്കുകൂട്ടലുകൾക്ക് സഹായിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലുകൾ പരിശീലിപ്പിക്കൽ (ആവർത്തന ഗണിതം ആവശ്യമാണ്), ശാസ്ത്രീയ സിമുലേഷനുകൾ (ആറ്റങ്ങൾ, ഗാലക്‌സികൾ, രോഗങ്ങൾ എന്നിവ മോഡൽ ചെയ്യൽ), ചിത്ര-വീഡിയോ പ്രോസസ്സിംഗ് തുടങ്ങിയവയ്‌ക്കൊക്കെ ജി.പി.യു. അനുയോജ്യമാണ്. കാലാവസ്ഥാ പ്രവചനം (വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് എന്നിവ പ്രവചിക്കൽ), ബഹിരാകാശ ദൗത്യങ്ങൾ (റോക്കറ്റ് വിക്ഷേപണ സിമുലേഷനുകൾ), മരുന്നുകൾ രൂപകൽപ്പന ചെയ്യൽ (മരുന്ന്കണ്ടെത്തൽ), കാലാവസ്ഥാ വ്യതിയാന പഠനം, ആണവ, പ്രതിരോധ ഗവേഷണം,ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനം എന്നിവയിലൊക്കെ സൂപ്പർ കമ്പ്യൂട്ടറുകളാണ് ഉപയോഗിക്കുന്നത്.
ഫോട്ടോ ക്യാപ്ഷൻ- 1. പാമ്പാടി ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട്‌ഫോർ ബേസിക് സയൻസസ്(എസ്.ആർ.ഐ.ബി.എസ്).