പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് സാന്ത്വന അദാലത്ത്

ജൂലൈ 19 ന് കോട്ടയത്ത്

Jul 14, 2025
പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് സാന്ത്വന അദാലത്ത്
NORKA ROOTS

നാട്ടില്‍തിരിച്ചെത്തിയ പ്രവാസികൾക്കായി (വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ താഴെ)  സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കിവരുന്ന  സാന്ത്വന ധനസഹായ പദ്ധതിയുടെ അദാലത്ത് ജൂലൈ 19 ന് കോട്ടയത്ത്. കോട്ടയം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ (തൂലിക) രാവിലെ 10 മുതല്‍ വൈകിട്ട് 3 വരെ നടക്കുന്ന അദാലത്തില്‍ മുന്‍കൂട്ടി അപേക്ഷിക്കുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം. താല്പര്യമുളളവര്‍ www.norkaroots.org  വെബ്ബ്സൈറ്റ് സന്ദര്‍ശിച്ച് ജൂലൈ 17 ന് മുൻപായി അപേക്ഷ നല്‍കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് +91-8281004905, 0481-2580033 എന്നീ നമ്പറുകളില്‍ (പ്രവൃത്തി ദിനങ്ങളില്‍, ഓഫീസ് സമയത്ത്)  ബന്ധപ്പെടാം. മരണാനന്തര ധനസഹായമായി ആശ്രിതര്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും, ചികിത്സാ സഹായമായി പരമാവധി 50,000 രൂപയും, മകളുടെ വിവാഹത്തിന് പരമാവധി 15,000 രൂപയും  അംഗപരിമിത പരിഹാര ഉപകരണങ്ങള്‍ക്ക് (കൃത്രിമ കാൽ, ഊന്നുവടി, വീൽചെയർ) പരമാവധി 10,000 രൂപയും പദ്ധതി പ്രകാരം ലഭ്യമാണ്. 

 

അപേക്ഷ നല്‍കുന്നതിന് എല്ലാ പാസ്പോർട്ടുകളും, വരുമാന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ആധാർ കാർഡ്, സേവിങ്സ് ബാങ്ക് പാസ് ബുക്ക്, ഫോട്ടോ എന്നിവയാണ് പൊതുരേഖയായി ആവശ്യമുളളത്. ചികിത്സാസഹായത്തിന് പൊതു രേഖകൾക്കൊപ്പം മെഡിക്കൽ സർട്ടിഫിക്കറ്റ്, ഡിസ്ചാർജ് സമ്മറി, മെഡിക്കൽ ബില്ലുകള്‍ എന്നിവയും മരണാനന്തര ധനസഹായത്തിന് ഡെത്ത് സർട്ടിഫിക്കറ്റ്, പുനർവിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, കുടുംബാംഗങ്ങളുടെ പേര് ഒരേ റേഷൻ കാർഡിൽ ഇല്ലെങ്കിൽ ഫാമിലി മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കേണ്ടതാണ്. മക്കളുടെ മരണാനന്തര ധനസഹായത്തിനുള്ള അപേക്ഷകർ ലീഗൽ ഹയർ ഷിപ്പ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഈ സമയത്ത് പുനർവിവാഹം ചെയ്തിട്ടില്ല എന്ന സർട്ടിഫിക്കറ്റ് ആവശ്യമില്ല. വിവാഹ ധനസഹായത്തിന് പൊതു രേഖകള്‍ക്കൊപ്പം  വിവാഹ സർട്ടിഫിക്കറ്റും ഹാജരാക്കണം. മുന്‍പ് അപേക്ഷ നല്‍കിയവരും, നിരസിക്കപ്പെട്ടവരും വീണ്ടും  അപേക്ഷിക്കേണ്ടതില്ല. ഒരാള്‍ക്ക് ഒറ്റ സ്കീം പ്രകാരം മാത്രമേ സഹായം അനുവദിക്കൂ. അപേക്ഷ സമര്‍പ്പിക്കുമ്പോഴും, ധനസഹായം സ്വീകരിക്കുമ്പോഴും അപേക്ഷകന്‍ വിദേശത്തായിരിക്കാന്‍ പാടില്ല.  കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെടാവുന്നതാണ്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.