2025ലെ റിപ്പബ്ലിക് ദിനത്തിന്റെ പൂർവസന്ധ്യയിൽ രാഷ്ട്രപതി‌ ശ്രീമതി ദ്രൗപദ‌ി മുർമു രാഷ്ട്രത്തോടു നടത്തിയ അഭിസംബോധന

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ന് ആഗോള സാമ്പത്തിക പ്രവണതകളെ സ്വാധീനിക്കുന്നു. അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയിന്ന് നേതൃസ്ഥാനങ്ങൾ ഏറ്റെടുക്കുകയാണ്

Jan 25, 2025
2025ലെ റിപ്പബ്ലിക് ദിനത്തിന്റെ പൂർവസന്ധ്യയിൽ രാഷ്ട്രപതി‌ ശ്രീമതി ദ്രൗപദ‌ി മുർമു രാഷ്ട്രത്തോടു നടത്തിയ അഭിസംബോധന
president of india
ന്യൂഡൽഹി, 2025 ജനുവരി 25
 
എന്റെ പ്രിയപ്പെട്ട സഹപൗരന്മാരേ,
നമസ്‌കാരം!
ചരിത്രപ്രധാനമായ ഈ വേളയിൽ നിങ്ങളെയേവരെയും അഭിസംബോധന ചെയ്യുന്നതിൽ എനിക്കു സന്തോഷമുണ്ട്. റിപ്പബ്ലിക് ദിനത്തിന്റെ പൂർവസന്ധ്യയിൽ, നിങ്ങൾക്കേവർക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ! 75 വർഷംമുമ്പ്, ജനുവരി 26നാണ്, നമ്മുടെ സ്ഥാപകരേഖയായ ഇന്ത്യയുടെ ഭരണഘടന നിലവിൽ വന്നത്.
ഏകദേശം മൂന്നുവർഷത്തെ വാദപ്രതിവാദങ്ങൾക്കൊടുവിൽ, 1949 നവംബർ 26ന് ഭരണഘടനാനിർമാണസഭ ഭരണഘടനയ്ക്ക് അംഗീകാരമേകി. നവംബർ 26 എന്ന ആ ദിവസം, 2015 മുതൽ ‘സംവിധാൻ ദിവസാ’യി അഥവാ ഭരണഘടനാദിനമായി ആഘോഷിക്കുന്നു.
 റിപ്പബ്ലിക് ദിനം, തീർച്ചയായും എല്ലാ പൗരന്മാർക്കും കൂട്ടായ സന്തോഷവും അഭിമാനവുമുയർത്തുന്ന ഒന്നാണ്. 75 വർഷം എന്നത് ഒരു രാഷ്ട്രത്തിന്റെ വളർച്ചയിൽ ഇമചിമ്മുന്ന സമയം മാത്രമാണെന്നു ചിലർ പറഞ്ഞേക്കാം. അങ്ങനെയല്ല എന്ന് എനിക്കു പറയാനാകും; കഴിഞ്ഞ 75 വർഷം അങ്ങനെയല്ല. ദീർഘകാലമായി നിഷ്ക്രിയമായിരുന്ന ഇന്ത്യയുടെ ആത്മാവ് വീണ്ടും ഉണർന്നെഴുന്നേറ്റ്, രാഷ്ട്രങ്ങളുടെ കൂട്ടായ്മയിൽ അതിനർഹമായ സ്ഥാനം വീണ്ടെടുക്കാൻ ചുവടുവയ്പുകൾ നടത്തിയ സമയമാണിത്. വളരെ പഴക്കംചെന്ന നാഗരികതകളിൽ ഒന്നായ ഇന്ത്യ, ഒരുകാലത്ത് അറിവിന്റെയും സാമർഥ്യത്തിന്റെയും ഉറവിടമായാണ് അറിയപ്പെട്ടിരുന്നത്. എന്നിരുന്നാലും, അവിടേക്ക് ഒരു ഇരുണ്ട ഘട്ടം വന്നുചേരുകയും കോളനിവാഴ്ചയ്ക്കു കീഴിലെ മനുഷ്യത്വരഹിതമായ ചൂഷണം കടുത്ത ദാരിദ്ര്യത്തിലേക്കു നയിക്കുകയും ചെയ്തു. 
വിദേശഭരണത്തിന്റെ ചങ്ങലകളിൽനിന്നു മാതൃഭൂമിയെ മോചിപ്പിക്കാൻ വലിയ ത്യാഗങ്ങൾ സഹിച്ച ധീരാത്മാക്കളെയാണ് ഇന്നു നാം ആദ്യം അനുസ്മരിക്കേണ്ടത്. അവരിൽ പലരും ഏറെ പ്രശസ്തരായിരുന്നു. എന്നാൽ, ചിലരാകട്ടെ അടുത്തകാലംവരെ അറിയപ്പെടാതെ പോയി. ദേശീയ ചരിത്രത്തിൽ അവരുടെ പങ്ക് ഇപ്പോൾ യഥാർഥ തോതിൽ അംഗീകരിക്കപ്പെട്ടു. അത്തരത്തിലുള്ള സ്വാതന്ത്ര്യസമരസേനാനികളുടെ പ്രതിനിധിയായി നിലകൊള്ളുന്ന ഭഗവാൻ ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷികം ഈ വർഷം നാം ആഘോഷിക്കുകയാണ്. 
 ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ, അവരുടെ പോരാട്ടങ്ങൾ സംഘടിതമായ രാജ്യവ്യാപക സ്വാതന്ത്ര്യപ്രസ്ഥാനത്തിൽ ഏകീകരിക്കപ്പെട്ടു. മഹാത്മാഗാന്ധി, രവീന്ദ്രനാഥ ടാഗോർ, ബാബാസാഹെബ് അംബേദ്കർ എന്നിവരെപ്പോലുള്ള മഹാത്മാക്കളെ ലഭിച്ചത് രാജ്യത്തിന്റെ ഭാഗ്യമാണ്. അവർ അതിന്റെ ജനാധിപത്യ ധർമചിന്ത വീണ്ടെടുക്കാൻ സഹായിച്ചു. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ആധുനിക കാലത്തു നാം പഠിച്ച സൈദ്ധാന്തിക ആശയങ്ങളല്ല; അവ എല്ലായ്പ്പോഴും നമ്മുടെ നാഗരിക പൈതൃകത്തിന്റെ ഭാഗമായിരുന്നു. പിന്നീട് ഇന്ത്യ സ്വതന്ത്രമായപ്പോൾ, ഭരണഘടനയുടെയും റിപ്പബ്ലിക്കിന്റെയും ഭാവിയുടെ കാര്യത്തിൽ ദോഷൈകദൃക്കുകളായിരുന്ന വിമർശകർ തീർത്തും തെറ്റാണെന്നു തെളിയിക്കപ്പെട്ടത് എന്തുകൊണ്ടാണെന്നും ഇതു വിശദീകരിക്കുന്നു.
 നമ്മുടെ ഭരണഘടനാ നിർമാണസഭയുടെ ഘടന നമ്മുടെ റിപ്പബ്ലിക്കൻ മൂല്യങ്ങളുടെ സാക്ഷ്യപത്രം കൂടിയായിരുന്നു. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നും എല്ലാ സമുദായങ്ങളിൽനിന്നുമുള്ള പ്രതിനിധികൾ അതിലുണ്ടായിരുന്നു. ഏറ്റവും പ്രധാനമായി, സരോജിനി നായിഡു, രാജ്‌കുമാരി അമൃത് കൗർ, സുചേത കൃപലാനി, ഹൻസ ബെൻ മേഹ്ത്ത, മാലതി ചൗധരി തുടങ്ങിയ അതികായർ ഉൾപ്പെടെയുള്ള 15 വനിതകൾ അതിൽ അംഗങ്ങളായിരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീസമത്വം എന്നതു വിദൂര ആദർശം മാത്രമായിരുന്നപ്പോൾ, ഇന്ത്യയിൽ സ്ത്രീകൾ രാജ്യത്തിന്റെ ഭാഗധേയം രൂപപ്പെടുത്തുന്നതിൽ സജീവ സംഭാവനയേകി. 
 സഹസ്രാബ്ദങ്ങളായി പൗരഗുണങ്ങൾ നമ്മുടെ ധാർമിക ദിശാസൂചകത്തിന്റെ ഭാഗമായതിനാൽ ഭരണഘടന ജീവസ്സുറ്റ രേഖയായി മാറിയിരിക്കുന്നു. ഇന്ത്യക്കാർ എന്ന നിലയിൽ നമ്മുടെ കൂട്ടായ സ്വത്വത്തിന്റെ ആത്യന്തിക അടിത്തറയാണ് ഭരണഘടന പ്രദാനം ചെയ്യുന്നത്; ഒരു കുടുംബമെന്ന നിലയിൽ അതു നമ്മെ കൂട്ടിയിണക്കുന്നു. കഴിഞ്ഞ 75 വർഷമായി, അതു നമ്മുടെ പുരോഗതിയുടെ പാതയെ നയിക്കുന്നു. കരടുസമിതി അധ്യക്ഷനായ ഡോ. അംബേദ്കറിനും, ഭരണഘടനാ നിർമാണസഭയിലെ മറ്റു വിശിഷ്ട അംഗങ്ങൾക്കും, അവരുമായി ബന്ധപ്പെട്ട വിവിധ ഉദ്യോഗസ്ഥർക്കും, കഠിനാധ്വാനം ചെയ്ത് അത്യധികം അതിശയകരമായ ഈ രേഖ നമുക്കായി കൈമാറിയ മറ്റുള്ളവർക്കും, ഇന്ന്, വിനയാന്വിതരായി നമുക്കു നന്ദി അറിയിക്കാം. 
പ്രിയപ്പെട്ട സഹപൗരന്മാരേ, 
 ഭരണഘടനയുടെ 75-ാം വാർഷികം ഒരു യുവ റിപ്പബ്ലിക്കിന്റെ സർവതോമുഖ പുരോഗതിയാൽ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. സ്വാതന്ത്ര്യലബ്ധിയുടെ സമയത്തും അതിനുശേഷവും രാജ്യത്തിന്റെ വലിയൊരു ഭാഗം കടുത്ത ദാരിദ്ര്യവും പട്ടിണിയും നേരിട്ടിരുന്നു. എന്നാൽ നമുക്കു നഷ്ടപ്പെടാത്ത ഒരു കാര്യം നമ്മിൽ നമുക്കുള്ള വിശ്വാസമായിരുന്നു. ഏവർക്കും അഭിവൃദ്ധി പ്രാപിക്കാൻ അവസരം ലഭിക്കുന്ന ശരിയായ സാഹചര്യങ്ങൾ സൃഷ്ടിക്കാൻ നാം തീരുമാനിച്ചു. നമ്മുടെ കർഷകർ കഠിനാധ്വാനം ചെയ്യുകയും ഭക്ഷ്യോൽപ്പാദനത്തിൽ നമ്മുടെ രാജ്യത്തെ സ്വയംപര്യാപ്തമാക്കുകയും ചെയ്തു. നമ്മുടെ അടിസ്ഥാനസൗകര്യ-ഉൽപ്പാദന മേഖലയെ പരിവർത്തനം ചെയ്യാൻ നമ്മുടെ തൊഴിലാളികൾ അക്ഷീണം പ്രയത്നിച്ചു. അവരുടെ മഹത്തായ പരിശ്രമങ്ങളുടെ ഫലമായി, ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ന് ആഗോള സാമ്പത്തിക പ്രവണതകളെ സ്വാധീനിക്കുന്നു. അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയിന്ന് നേതൃസ്ഥാനങ്ങൾ ഏറ്റെടുക്കുകയാണ്. നമ്മുടെ ഭരണഘടന വിഭാവനം ചെയ്ത രൂപരേഖയില്ലാതെ ഈ പരിവർത്തനം സാധ്യമാകുമായിരുന്നില്ല. 
 സമീപവർഷങ്ങളിൽ, സാമ്പത്തിക വളർച്ചാനിരക്ക് സ്ഥിരമായി ഉയർന്ന നിലയിൽ തുടരുന്നു; നമ്മുടെ യുവാക്കൾക്കായി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു; കർഷകരുടെയും തൊഴിലാളികളുടെയും കൈകളിൽ കൂടുതൽ പണം എത്തിക്കുന്നു; ഒപ്പം കൂടുതൽ ജനങ്ങളെ ദാരിദ്ര്യത്തിൽനിന്നു കരകയറ്റുകയും ചെയ്യുന്നു. ധീരവും ദീർഘവീക്ഷണമുള്ളതുമായ സാമ്പത്തിക പരിഷ്കാരങ്ങൾ വരുംവർഷങ്ങളിലും ഈ പ്രവണത നിലനിർത്തും. നമ്മുടെ വളർച്ചാഗാഥയുടെ ആധാനശിലയാണ് ഉൾപ്പെടുത്തൽ. അത‌ിലൂടെ വികസനങ്ങളുടെ ഫലങ്ങൾ കഴിയുന്നത്ര വ്യാപകമായി വിതരണം ചെയ്യപ്പെടുന്നു. 
സാമ്പത്തിക ഉൾച്ചേർക്കല‌ിനു ഗവണ്മെന്റ് പതിവായി മുൻഗണന നൽകുന്നതിനാൽ, പ്രധാൻമന്ത്രി ജൻ ധൻ യോജന, പ്രധാൻമന്ത്രി ജീവൻ ജ്യോതി ബീമാ യോജന, പ്രധാൻമന്ത്രി സുരക്ഷാ ബീമാ യോജന, മുദ്ര, സ്റ്റാൻഡ്-അപ്പ് ഇന്ത്യ, അടൽ പെൻഷൻ യോജന തുടങ്ങിയ സംരംഭങ്ങൾ, വിവിധ സാമ്പത്തിക സഹായ പദ്ധതികളിലേക്കു കൂടുതൽ പേർക്കു പ്രവേശനം നൽകുന്നതിനായി വികസിപ്പിച്ചിട്ടുണ്ട്.
 സമാനമായ പ്രാധാന്യത്തോടെ, ക്ഷേമം എന്ന ആശയത്തെ ഗവണ്മെന്റ് പുനർനിർവചിച്ചു; പാർപ്പിടം, കുടിവെള്ള ലഭ്യത തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ അവകാശമാക്കി. പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങൾക്ക്, പ്രത്യേകിച്ച് പട്ടികജാതിക്കാർക്കും പട്ടികവർഗക്കാർക്കും മറ്റു പിന്നോക്ക വിഭാഗങ്ങൾക്കും, സഹായഹസ്തമേകാനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നു. പ്രീ-മെട്രിക്, പോസ്റ്റ്-മെട്രിക് സ്കോളർഷിപ്പുകൾ, ദേശീയ ഫെലോഷിപ്പുകൾ, വിദേശ സ്കോളർഷിപ്പുകൾ, ഹോസ്റ്റലുകൾ, പട്ടികജാതി സമുദായങ്ങളിലെ യുവാക്കൾക്കുള്ള പരിശീലന സൗകര്യങ്ങൾ എന്നിവ ഇതിനുദാഹരണങ്ങളാണ്. പട്ടികജാതി സമൂഹങ്ങൾക്കിടയിലെ ദാരിദ്ര്യം കുറച്ചുകൊണ്ടും, തൊഴിലവസരങ്ങളും വരുമാനം സൃഷ്ടിക്കൽ അവസരങ്ങളും കൂട്ടിച്ചേർത്തും, പ്രധാൻമന്ത്രി അനുസൂചിത് ജാതി അഭ്യുദയ യോജന പുരോഗതി കൈവരിക്കുകയാണ്. ധർത്തി ആബ ജൻജാതിയ ഗ്രാം ഉത്കർഷ് അഭിയാൻ, പ്രധാൻ മന്ത്രി ജൻജാതി ആദിവാസി ന്യായ മഹാ അഭിയാൻ (പിഎം-ജൻമൻ) എന്നിവയുൾപ്പെടെ പട്ടികവർഗ സമുദായങ്ങളുടെ സാമൂഹ്യ-സാമ്പത്തിക വികസനം ലക്ഷ്യമിട്ടുള്ള സമർപ്പിത പദ്ധതികളും നിലവിലുണ്ട്. വിജ്ഞാപനം ചെയ്യപ്പെടാത്തവർ, നാടോടി-അർധ നാടോടി സമൂഹങ്ങൾ എന്നിവർക്കായി വികസന-ക്ഷേമ ബോർഡിനും രൂപംനൽകി. 
 അതേസമയം, കഴിഞ്ഞ ദശകത്തിൽ റോഡുകൾ, റെയിൽപ്പാതകൾ, തുറമുഖങ്ങൾ, ലോജിസ്റ്റിക്സ് ഹബ്ബുകൾ എന്നിവയുൾപ്പെടെയുള്ള ഭൗതിക അടിസ്ഥാനസൗകര്യ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്, വരുംദശകങ്ങളിലും വളർച്ചയെ പിന്തുണയ്ക്കുന്നതിനുള്ള വേദിയൊരുക്കി. 
ധനകാര്യരംഗത്ത് ഗവണ്മെന്റ് സാങ്കേതികവിദ്യ ഉപയോഗിച്ച രീതിയും മാതൃകാപരമാണ്. വൈവിധ്യമാർന്ന ഡിജിറ്റൽ പണമിടപാടു മാർഗങ്ങളും നേരിട്ടുള്ള ആനുകൂല്യക്കൈമാറ്റ സംവിധാനവും ഉൾച്ചേർക്കലിനെ പ്രോത്സാഹിപ്പിക്കുകയും, ജനങ്ങളെ വലിയ തോതിൽ ഔപചാരിക സംവിധാനത്തിന്റെ ഭാഗമാക്കുകയും ചെയ്തു. ഇത് വ്യവസ്ഥിതിയിൽ അഭൂതപൂർവമായ സുതാര്യതയും കൊണ്ടുവന്നു. ഈ പ്രക്രിയയുടെ ഭാഗമായി, ഏതാനും വർഷങ്ങൾക്കിടയിൽ കരുത്തുറ്റ ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യം നാം സൃഷ്ടിച്ചു; ഇതു ലോകത്തിലെ തന്നെ ഏറ്റവും മികച്ച സംവിധാനമാണ്. 
പാപ്പരത്ത നിയമം പോലുള്ള നിരവധി ധീരമായ നടപടികളുടെ ശ്രേണിക്കു പിന്നാലെ, ബാങ്കിങ് സംവിധാനം മികച്ച നിലയിലാണ്. ഇത് ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തികളിൽ ഗണ്യമായ കുറവു സൃഷ്ടിച്ചു. 
പ്രിയപ്പെട്ട സഹപൗരന്മാരേ, 
1947-ൽ നാം സ്വാതന്ത്ര്യം നേടി; എന്നാൽ, അധിനിവേശ മനോഭാവത്തിന്റെ പല ശേഷിപ്പുകളും നമുക്കിടയിൽ വളരെക്കാലം നിലനിന്നു. ആ മനോഭാവം മാറ്റുന്നതിനുള്ള സംഘടിത ശ്രമങ്ങൾക്കാണു നാം ഈയിടെയായി സാക്ഷ്യം വഹിക്കുന്നത്. അത്തരം ശ്രമങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് ഇന്ത്യൻ ശിക്ഷാനിയമം, ക്രിമിനൽ നടപടിച്ചട്ടം, ഇന്ത്യൻ തെളിവ് നിയമം എന്നിവയ്ക്കു പകരം ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നിവ കൊണ്ടുവരാനുള്ള തീരുമാനമാണ്. ഇന്ത്യൻ നിയമതത്വസംഹിതാ പാരമ്പര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പുതിയ ക്രിമിനൽ നിയമങ്ങൾ, ശിക്ഷയ്ക്കു പകരം നീതി നടപ്പാക്കലിനെയാണ് ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ കേന്ദ്രബിന്ദുവായി പ്രതിഷ്ഠിച്ചിരിക്കുന്നത്. മാത്രമല്ല, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിന് പുതിയ നിയമങ്ങൾ മുൻഗണന നൽകുന്നു. 
ഇത്രയും വലിയ പരിഷ്കരണങ്ങൾക്ക് ആവശ്യം കാഴ്ചപ്പാടെന്ന ധീരതയാണ്. സദ്ഭരണത്തിന്റെ നിബന്ധനകൾ പുനർനിർവചിക്കുമെന്നു വാഗ്ദാനം ചെയ്യുന്ന മറ്റൊരു നടപടി, രാജ്യത്തെ തെരഞ്ഞെടുപ്പു സമയക്രമം സമന്വയിപ്പിക്കുന്നതിനായി പാർലമെന്റിൽ അവതരിപ്പിച്ച ബില്ലാണ്. ‘ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ്’ പദ്ധതിക്ക്, ഭരണത്തിൽ സ്ഥിരത പ്രോത്സാഹിപ്പിക്കാനും, നയപരമായ സ്തംഭനാവസ്ഥ തടയാനും, വിഭവങ്ങളുടെ വ്യതിചലനം ലഘൂകരിക്കാനും, സാമ്പത്തിക ഭാരം കുറയ്ക്കാനും, ഒപ്പം, മറ്റു നിരവധി പ്രയോജനങ്ങളേകാനും കഴിയും. 
നമ്മുടെ സാംസ്‌ക്കാരിക പൈതൃകവുമായി ഉന്മേഷദായകമായ വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടിക്കുകയാണ് നാം. ആ സമ്പന്നമായ പൈതൃകത്തിന്റെ പ്രകടീഭാവമാണ് ഇപ്പോള്‍ നടക്കുന്ന മഹാകുംഭമേള. നമ്മുടെ പാരമ്പര്യങ്ങളും ആചാരങ്ങളും സംരക്ഷിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനുമായി സാംസ്‌ക്കാരിക മേഖലയില്‍ ആവേശമുണര്‍ത്തുന്ന ഒട്ടേറെ സംരംഭങ്ങളാണ് പുരോഗമിക്കുന്നത്.
ഭാഷാ വൈവിധ്യത്തിന്റെ കളിത്തൊട്ടിലാണ് ഇന്ത്യ. സമ്പന്നമായ ഈ ഭാഷാ വൈവിധ്യം സംരക്ഷിക്കുന്നതിനും ആഘോഷിക്കുന്നതിനുമായി, അസമീസ്, ബംഗാളി, മറാഠി, പാലി, പ്രാകൃത് എന്നിവയെ ശ്രേഷ്ഠ ഭാഷാ പദവിയിലേക്ക് സര്‍ക്കാര്‍ ഉയര്‍ത്തുകയുണ്ടായി. തമിഴ്, സംസ്‌കൃതം, തെലുങ്ക്, കന്നഡ, മലയാളം, ഒഡിയ ഭാഷകള്‍ മുമ്പ് തന്നെ ശ്രേഷ്ഠ ഭാഷാ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിരുന്നു. 11 ശ്രേഷ്ഠ ഭാഷകളിലെ ഗവേഷണ പ്രവര്‍ത്തനങ്ങളെ  സര്‍ക്കാര്‍ സര്‍വ്വാത്മനാ പ്രോത്സാഹിപ്പിക്കുന്നു.
 ബിസി 800 മുതല്‍ മനുഷ്യവാസമുണ്ടായിരുന്നതിന് തെളിവുകള്‍ ലഭിച്ച ഗുജറാത്തിലെ വഡ്നഗറിലുള്ള ഉത്ഖനന മേഖലയ്ക്കടുത്ത് വികസിപ്പിക്കുന്ന, ഇന്ത്യയിലെ ആദ്യ ആര്‍ക്കിയോളജിക്കല്‍ എക്‌സ്പീരിയന്‍ഷ്യല്‍ മ്യൂസിയത്തിന്റെ പൂര്‍ത്തീകരണത്തിനായി ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വ്യത്യസ്ത കാലഘട്ടങ്ങളിലെ വൈവിധ്യമാര്‍ന്ന കലകള്‍, കരകൗശല വസ്തുക്കള്‍, സാംസ്‌കാരിക മാനബിന്ദുക്കള്‍ എന്നിവയെ ഈ മ്യൂസിയം ഒരു കുടക്കീഴില്‍ ഒരുമിച്ച് കൊണ്ടുവരും.
 പ്രിയപ്പെട്ട സഹ പൗരന്മാരേ,
  സര്‍വ്വോപരി, ഇന്ത്യയുടെ ഭാവി രൂപപ്പെടുത്താന്‍ പോകുന്നത് നമ്മുടെ യുവതലമുറയാണ്. യുവ മനസ്സുകളെ രൂപപ്പെടുത്തുന്നതില്‍ വിദ്യാഭ്യാസം നിര്‍ണ്ണായക പങ്കു വഹിക്കും. അതുകൊണ്ടുതന്നെ, വിദ്യാഭ്യാസമേഖലയിലെ സര്‍ക്കാരിന്റെ നിക്ഷേപം വര്‍ദ്ധിപ്പിക്കുകയും ഈ മേഖലയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളെല്ലാം മെച്ചപ്പെടുത്താന്‍ എല്ലാ ശ്രമങ്ങളും നടത്തുകയും ചെയ്യുന്നു. ദൃശ്യമാകുന്ന ഫലങ്ങള്‍ പ്രോത്സാഹനജനകമാണ്. പഠന നിലവാരം, ഭൗതിക അടിസ്ഥാന സൗകര്യങ്ങള്‍, ഡിജിറ്റല്‍ സ്വീകാര്യത എന്നിവയുടെ കാര്യത്തില്‍ കഴിഞ്ഞ ദശകത്തില്‍ വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിക്കപ്പെട്ടു. വിദ്യാഭ്യാസത്തിന്റെ വ്യത്യസ്ത തലങ്ങളില്‍ പ്രാദേശിക ഭാഷകള്‍ അധ്യയന മാധ്യമമായി  പ്രോത്സാഹിപ്പിക്കപ്പെടുന്നു. ഈ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളുടെ പ്രകടനത്തില്‍ കാണുന്ന ശ്രദ്ധേയമായ പുരോഗതിയില്‍ തെല്ലും അതിശയിക്കാനില്ല. കഴിഞ്ഞ ദശകത്തില്‍ അധ്യാപകവൃത്തി ഏറ്റെടുത്തവരില്‍ 60 ശതമാനത്തിലധികവും വനിതകളാണെന്നും, ഈ പരിവര്‍ത്തനത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നത് അവരാണെന്നും അറിയുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.
 തൊഴിലധിഷ്ഠിത, നൈപുണ്യാധിഷ്ഠിതവിദ്യാഭ്യാസം മുഖ്യധാരയിലേക്ക് ഉയര്‍ന്നു വന്നതും അതിന്റെ വ്യാപനവും സ്വാഗതാര്‍ഹമായ സംഭവവികാസങ്ങളാണ്. കോര്‍പ്പറേറ്റ് മേഖലയില്‍ യുവാക്കള്‍ക്ക് ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍ നല്‍കുന്നതിനുള്ള പദ്ധതിയും ഇതിന് അനുബന്ധമായി ആരംഭിച്ചിട്ടുണ്ട്.
 
 സ്‌കൂള്‍തല വിദ്യാഭ്യാസത്തിന്റെ ശക്തമായ അടിത്തറയിലൂന്നി, വിവിധ വിജ്ഞാന ശാഖകളില്‍, വിശിഷ്യാ ശാസ്ത്രമേഖലയിലും സാങ്കേതികവിദ്യയിലും, ഇന്ത്യ പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്. ഉദാഹരണത്തിന്, ബൗദ്ധിക സ്വത്തവകാശ ഫയലിംഗില്‍ ഇന്ത്യ ലോകത്ത് ആറാം സ്ഥാനം കൈവരിച്ചിരിക്കുന്നു. ആഗോള നൂതനാശയ സൂചികയില്‍ (Global Innovation Index) നമ്മുടെ റാങ്കിംഗ് നിരന്തരം മെച്ചപ്പെടുന്നു. 2020 ല്‍ 48-ാം സ്ഥാനത്തായിരുന്ന റാങ്കിംഗ് 2024 ല്‍ 39-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
വര്‍ദ്ധിചു വരുന്ന ഈ ആത്മവിശ്വാസത്തോടെ, നൂതന ഗവേഷണമേഖലയിലെ അനവധി സംരംഭങ്ങളില്‍  നമ്മുടെ പങ്കാളിത്തം അതിവേഗം മെച്ചപ്പെടുകയാണ്. സാങ്കേതികവിദ്യയുടെ ഏറ്റവും പുതിയ മേഖലകളില്‍  ഊര്‍ജ്ജസ്വലവും നൂതനവുമായ  ആവാസവ്യവസ്ഥ സൃഷ്ടിക്കുക എന്നതാണ് നാഷണല്‍ ക്വാണ്ടം മിഷനിലൂടെ ലക്ഷ്യമിടുന്നത്. മറ്റൊരു ശ്രദ്ധേയമായ തുടക്കം നാഷണല്‍ മിഷന്‍ ഓണ്‍ ഇന്റര്‍ ഡിസിപ്ലിനറി സൈബര്‍ ഫിസിക്കല്‍ സിസ്റ്റമാണ്. ഇത് നിര്‍മ്മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്), മെഷീന്‍ ലേണിംഗ്, റോബോട്ടിക്‌സ്, സൈബര്‍ സുരക്ഷ എന്നിവയുള്‍പ്പെടെയുള്ള നൂതന സാങ്കേതികവിദ്യകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ സാങ്കേതികവിദ്യകളെ അടുത്ത കാലം വരെ ഫ്യൂച്ചറിസ്റ്റിക് എന്നാണ് വിശേഷിപ്പിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അവ അതിവേഗം നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുന്നു.
 
 ജീനോം ഇന്ത്യ പ്രോജക്റ്റ് പ്രപഞ്ച പര്യവേക്ഷണത്തിലെ ആവേശകരമായ ഒരു സംരംഭം മാത്രമല്ല; ഇന്ത്യന്‍ ശാസ്ത്ര ചരിത്രത്തിലെ ഒരു നിര്‍ണ്ണായക നിമിഷം കൂടിയാണ്. ഈ അഭിമാന പദ്ധതിയുടെ കീഴിലാണ്, 10,000 ഇന്ത്യക്കാരുടെ ജനിതക ശ്രേണീകരണം (ജീനോം സീക്വന്‍സിംഗ്)  കൂടുതല്‍ ഗവേഷണത്തിനായി ഈ മാസം ലഭ്യമാക്കിയത്. വിധിനിര്‍ണ്ണായകമായ ഈ പദ്ധതി ജൈവ സാങ്കേതിക വിദ്യാ ഗവേഷണത്തില്‍ പുതിയ കാഴ്ചപ്പാടുകള്‍ക്ക് അവസരമൊരുക്കുകയും പൊതുജനാരോഗ്യ സംവിധാനത്തിന് ഉത്തേജനം പകരുകയും ചെയ്യും.
 ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന സമീപകാലത്ത് ബഹിരാകാശമേഖലയില്‍ വന്‍ കുതിച്ചുചാട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഉപഗ്രഹങ്ങള്‍ കൂട്ടിയോജിപ്പിക്കുന്നതിനുള്ള സ്‌പേസ് ഡോക്കിംഗ് വിജയകരമായി പരീക്ഷിച്ചതിലൂടെ ഈ മാസം ഐഎസ്ആര്‍ഒ വീണ്ടും രാജ്യത്തെ അഭിമാനപൂരിതമാക്കി. ഈ ശേഷി കൈവരിക്കുന്ന ലോകത്തെ നാലാമത്തെ രാജ്യമായി ഇന്ത്യ ഇപ്പോള്‍ മാറിയിരിക്കുന്നു.
 ഒരു രാഷ്ട്രമെന്ന നിലയിലുള്ള വര്‍ദ്ധിതമായ ആത്മവിശ്വാസം നമ്മുടെ കായികതാരങ്ങള്‍ ആവേശോജ്വലമായ വിജയഗാഥകള്‍ രചിച്ചുകൊണ്ടിരിക്കുന്ന കായിക മേഖലയിലും പ്രകടമാണ്. കഴിഞ്ഞ വര്‍ഷം നടന്ന ഒളിമ്പിക്‌സില്‍ നമ്മുടെ അത്ലറ്റുകള്‍ വ്യക്തിമുദ്ര പതിപ്പിച്ചു. പാരാലിമ്പിക്‌സില്‍, നമ്മുടെ എക്കാലത്തെയും വലിയ സംഘമാണ് പങ്കെടുത്തത്. അവര്‍ എക്കാലത്തെയും മികച്ച പ്രകടനം കാഴ്ച വച്ചാണ് മടങ്ങിയെത്തിയത്.  FIDE ചെസ് ഒളിമ്പ്യാഡില്‍ നമ്മുടെ പുരുഷ, വനിതാ താരങ്ങള്‍ സ്വര്‍ണം നേടി. നമ്മുടെ ചെസ്സ് ചാമ്പ്യന്മാര്‍ മികച്ച പ്രകടനങ്ങളിലൂടെ ലോകത്തെ അത്ഭുതപ്പെടുത്തുകയാണ്. ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യനായ ഡി. ഗുകേഷിന്റെ പ്രകടനം 2024-ലെ കായിക നേട്ടങ്ങളില്‍ പൊന്‍ തൂവലായി മാറി.
 
 അടിസ്ഥാന തലത്തിലെ പരിശീലന സൗകര്യങ്ങളില്‍ സാധ്യമായ വമ്പിച്ച പുരോഗതിയുടെ സഹായത്താല്‍ വിജയം കൈവരിച്ച ഈ കായികതാരങ്ങള്‍, അവരുടെ പ്രകടനത്തിലൂടെ നമ്മുടെ മനസ്സുകളെ അഭിമാനപൂരിതമാക്കുകയും വരും തലമുറയെ കൂടുതല്‍ ഉന്നതമായ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പ്രചോദിപ്പിക്കുകയും ചെയ്യുന്നു.
 വിദേശത്ത് താമസിക്കുന്ന നമ്മുടെ സഹോദരീസഹോദരന്മാര്‍ സ്വന്തം സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും മികച്ച മാതൃകകളാണ് ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നത്. വൈവിധ്യമാര്‍ന്ന മേഖലകളിലെ നേട്ടങ്ങളിലൂടെ അവര്‍ നമ്മെ അഭിമാനം കൊള്ളിക്കുന്നു. ഇന്ത്യന്‍  ജൈത്രയാത്രയുടെ ഭാഗമാണെന്ന് തങ്ങളുമെന്ന് അവര്‍ സദാ വിശ്വസിക്കുന്നു. ഈ മാസം തുടക്കത്തില്‍ പ്രവാസി ഭാരതീയ ദിവസ് ആചരണ വേളയില്‍ സൂചിപ്പിച്ചതു പോലെ, 2047 ആകുമ്പോഴേക്കും വികസിത് ഭാരത് അഥവാ വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതില്‍ അവരുടെ സജീവവും ആവേശകരവുമായ പങ്കാളിത്തമുണ്ടാകുമെന്ന കാര്യത്തില്‍ എനിക്ക് ആത്മവിശ്വാസമുണ്ട്.
വ്യത്യസ്ത മേഖലകളിലെ ഗണ്യവും സുദൃഢവുമായ പുരോഗതി മൂലം, നമ്മുടെ ശിരസ്സുകള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട്, നാം ഭാവിയിലേക്ക് മുന്നേറുകയാണ്. ഭാവിയുടെ താക്കോല്‍ നമ്മുടെ യുവജനങ്ങളാണ്, പ്രത്യേകിച്ച് യുവതികളാണ്. സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന നാളെയുടെ ഇന്ത്യയെ സ്വന്തം സ്വപ്നങ്ങളിലൂടെ വാര്‍ത്തെടുക്കുകയാണ് അവര്‍. നമ്മുടെ നിരുപമമായ ഭരണഘടന നമ്മെ നേര്‍ദിശയില്‍ വഴിനടത്തിയിരുന്നില്ലെങ്കില്‍ മഹത്തായ ഈ മുന്നേറ്റം സാധ്യമാകുമായിരുന്നില്ല എന്ന്, ഇന്നത്തെ കുട്ടികള്‍ 2050 ജനുവരി 26 ന് ത്രിവര്‍ണ്ണ പതാകയെ അഭിവാദ്യം ചെയ്യുമ്പോള്‍ അവരുടെ അടുത്ത തലമുറയോട് വിശദീകരിക്കും.
നമ്മുടെ ഭാവി തലമുറ സ്വതന്ത്ര ഇന്ത്യയുടെ ആഗോള ദൗത്യം മനസ്സില്‍ കെടാതെ സൂക്ഷിക്കും. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വാക്കുകള്‍  [ഞാന്‍ ഉദ്ധരിക്കുന്നു]
 
നമ്മെ പ്രബുദ്ധരാക്കാനും നമ്മുടെ സംസ്‌ക്കാരത്തെ ദൃഢീകരിക്കാനും ശുദ്ധീകരിക്കാനും ലക്ഷ്യമിടാത്ത സ്വരാജ് സങ്കല്‍പം വിലമതിക്കപ്പെടില്ല. പൊതുവായതും  സ്വകാര്യമായതുമായ എല്ലാ കാര്യങ്ങളിലും നാം ധാര്‍മ്മികതയ്ക്ക് പരമമായ പ്രാധാന്യം നല്‍കുന്നു എന്നതിലാണ് നമ്മുടെ സംസ്‌ക്കാരത്തിന്റെ സാരാംശം കുടികൊള്ളുന്നത്.'' [ഉദ്ധരണി അവസാനിക്കുന്നു]
പ്രിയപ്പെട്ട സഹ പൗരന്മാരേ,
 ഇന്ന്, ഗാന്ധിജിയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള പ്രതിബദ്ധത നമുക്ക് വീണ്ടും ഊട്ടിയുറപ്പിക്കാം. അദ്ദേഹത്തിന്റെ ദര്‍ശനങ്ങളായ സത്യവും അഹിംസയും ആഗോള പ്രസക്തിയോടെ തുടരുക തന്നെ ചെയ്യും. അവകാശങ്ങളും കടമകളും ഒരു നാണയത്തിന്റെ രണ്ട് വശങ്ങള്‍ മാത്രമാണെന്നും, അവകാശങ്ങളുടെ യഥാര്‍ത്ഥ ഉറവിടം കടമയാണെന്നും അദ്ദേഹം നമ്മെ പഠിപ്പിച്ചു. കാരുണ്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പാഠങ്ങള്‍ ഇന്ന് നാം ഓര്‍ക്കുന്നു - മനുഷ്യരോട് മാത്രമല്ല, സസ്യജന്തുജാലങ്ങളും, നദികളും, പര്‍വ്വതങ്ങളും ഉള്‍പ്പെടെ നമ്മുടെ എല്ലാ അയല്‍ക്കാരോടും കാരുണ്യ പൂര്‍വ്വം ഇടപഴകുക.
 
കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഗോള ഭീഷണി ചെറുത്ത് തോല്‍പ്പിക്കാനുള്ള ശ്രമങ്ങളില്‍ നാം ഓരോരുത്തരും സംഭാവന നല്‍കണം. ഇക്കാര്യത്തില്‍ രണ്ട് മാതൃകാപരമായ സംരംഭങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയുണ്ടായി. ആഗോളതലത്തില്‍, പരിസ്ഥിതി സംരക്ഷണത്തിലും പരിപാലനത്തിലും വ്യക്തികളെയും സമൂഹങ്ങളെയും കൂടുതല്‍ സജീവമായി ഇടപെടാന്‍ പ്രചോദിപ്പിക്കുന്നതിനായി മിഷന്‍ ലൈഫ്സ്‌റ്റൈല്‍ ഫോര്‍ എന്‍വയോണ്‍മെന്റ് (LiFE) എന്ന ബഹുജന പ്രസ്ഥാനത്തിന് ഇന്ത്യ നേതൃത്വം നല്‍കുന്നു. കഴിഞ്ഞ വര്‍ഷം, ലോക പരിസ്ഥിതി ദിനത്തില്‍, നമ്മുടെ അമ്മമാരുടെയും പ്രകൃതിമാതാവിന്റെയും പരിപോഷണ ശക്തിക്ക് ആദരമര്‍പ്പിച്ചുകൊണ്ട് 'ഏക് പെഡ് മാ കേ നാം' എന്ന സവിശേഷമായ പ്രചാരണം ആരംഭിച്ചു. പ്രചാരണത്തിലൂടെ, 80 കോടി വൃക്ഷ തൈകള്‍ നട്ടു പിടിപ്പിക്കുകയെന്ന ലക്ഷ്യം നിശ്ചയിച്ച സമയപരിധിക്ക് മുമ്പുതന്നെ കൈവരിക്കാനായി. ജനങ്ങള്‍ നെഞ്ചിലേറ്റുന്ന ഇത്തരം നൂതന പ്രസ്ഥാനങ്ങളില്‍ നിന്ന് ലോകത്തിന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയും.
പ്രിയപ്പെട്ട സഹ പൗരന്മാരേ,
 റിപ്പബ്ലിക് ദിനത്തില്‍ നിങ്ങള്‍ ഓരോരുത്തരെയും ഞാന്‍ ഒരിക്കല്‍ കൂടി അഭിനന്ദനം അറിയിക്കുന്നു. രാജ്യത്തിന്റെ അതിര്‍ത്തികള്‍ കാക്കുന്ന സൈനികര്‍ക്കും അതിര്‍ത്തികള്‍ക്കുള്ളില്‍ നമ്മെ സുരക്ഷിതരായി കാത്തു സൂക്ഷിക്കുന്ന പോലീസ്, അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ക്കും എന്റെ അഭിനന്ദനങ്ങള്‍. നീതിന്യായ വ്യവസ്ഥ, ഭരണനിര്‍വ്വഹണ വിഭാഗം, നമ്മുടെ വിദേശദൗത്യങ്ങള്‍ തുടങ്ങി വ്യത്യസ്ത മേഖലകളില്‍ കര്‍ത്തവ്യനിരതരായ എല്ലാവര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍. നിങ്ങളുടെ എല്ലാ പരിശ്രമങ്ങള്‍ക്കും എന്റെ വിജയാശംസകള്‍.
 
നന്ദി.
ജയ് ഹിന്ദ്!
ജയ് ഭാരത്!
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.