ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എ.ഐ.) സാധ്യതകള്‍;അധ്യാപകര്‍ക്ക് കൈറ്റിന്റെ നേതൃത്വത്തില്‍ മൂന്നു ദിവസത്തെ പ്രായോഗിക പരിശീലനം മെയ് രണ്ട് മുതല്‍
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എ.ഐ.) സാധ്യതകള്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ സെക്കൻഡറിതലം തൊട്ടുള്ള അധ്യാപകര്‍ക്ക് കൈറ്റിന്റെ നേതൃത്വത്തില്‍ മൂന്നു ദിവസത്തെ പ്രായോഗിക പരിശീലനം മെയ് രണ്ട് മുതല്‍ ആരംഭിക്കുന്നു

തിരുവനന്തപുരം: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എ.ഐ.) സാധ്യതകള്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ സെക്കൻഡറിതലം തൊട്ടുള്ള അധ്യാപകര്‍ക്ക് കൈറ്റിന്റെ നേതൃത്വത്തില്‍ മൂന്നു ദിവസത്തെ പ്രായോഗിക പരിശീലനം മെയ് രണ്ട് മുതല്‍ ആരംഭിക്കുന്നു. സംസ്ഥാനത്തെ എട്ടു മുതല്‍ 12 ക്ലാസുകളില്‍ പഠിപ്പിക്കുന്ന 80,000 അധ്യാപകര്‍ക്ക് 2024 ആഗസ്റ്റ് മാസത്തോടെ എ.ഐ. പരിശീലനം പൂര്‍ത്തി യാക്കാന്‍ ഫെബ്രുവരിയില്‍ മന്ത്രി വി.ശിവന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇതുപ്രകാരമാണ് പരിശീലനം.എ.ഐ. ഉപയോഗിച്ച് ഡോക്യുമെന്റുകളെ (പി.ഡി.എഫ്, ചിത്രം, വീഡിയോ ഉള്‍പ്പെടെ) ലളിതമായ ഭാഷയില്‍ മാറ്റാനും ആശയം ചോരാതെ ഉള്ളടക്കം സംഗ്രഹിക്കാനും പുതിയവ തയ്യാറാക്കാനും സഹായകമാകുന്ന ‘സമ്മറൈസേഷന്‍' (Summarisation) സങ്കേതങ്ങള്‍ ആണ് ആദ്യഭാഗത്ത്. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ തയ്യാറാക്കാനും, എഡിറ്റ് ചെയ്യാനും അവയെ കാര്‍ട്ടൂണുകള്‍, പെയിന്റിങ്ങുകള്‍ എന്നിങ്ങനെ മാറ്റാനും, ചിത്രങ്ങളോടൊപ്പം ഉള്ളടക്കം കൂട്ടിച്ചേര്‍ക്കാനും കഴിയുന്ന 'ഇമേജ് ജനറേഷന്‍’ ആണ് രണ്ടാം ഭാഗം. എ.ഐ. ടൂളുകള്‍ ഉപയോഗിക്കുമ്പോള്‍ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട പ്രോംപ്റ്റുകള്‍ കൃത്യമായി നല്‍കാന്‍ സഹായിക്കുന്ന 'പ്രോംപ്റ്റ് എഞ്ചിനീയറിംഗ്’ ആണ് പരിശീലനത്തിന്റെ മൂന്നാം ഭാഗം. നിര്‍മിത ബുദ്ധിയുടെ ഉപയോക്താക്കള്‍ മാത്രമല്ല അവ പ്രോഗ്രാം വഴി എങ്ങനെ തയ്യാറാക്കുന്നു എന്ന് സ്വയം പരിശീലിക്കാന്‍ അധ്യാപകര്‍ക്ക് അവസരം നല്‍കുന്ന 'മെഷീന്‍ ലേണിംഗ്’ ആണ് പരിശീലനത്തിന്റെ നാലാം ഭാഗം.എ.ഐ. ഉപയോഗിച്ച് പ്രസന്റേഷനുകള്‍, അനിമേഷനുകള്‍ തുടങ്ങിയവ തയ്യാറാക്കാനും ലിസ്റ്റുകള്‍, പട്ടികകള്‍, ഗ്രാഫുകള്‍, ചാര്‍ട്ടുകള്‍ തുടങ്ങിയവ നമ്മുടെ ആവശ്യത്തിനനുസരിച്ച് നിര്‍മിക്കാനും, കസ്റ്റമൈസ് ചെയ്യാനും അഞ്ചാം ഭാഗത്തും പരിചയപ്പെടുന്നു. ആറാം ഭാഗം മൂല്യ നിര്‍ണയത്തിന് എ.ഐ. സങ്കേതങ്ങള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചാണ്. അധ്യാപകര്‍ക്ക് യൂണിറ്റ് ടെസ്റ്റുകള്‍ മുതല്‍ വിവിധ ചോദ്യമാതൃകകള്‍ തയ്യാറാക്കാന്‍ ഇതിലൂടെ അവസരം ലഭിക്കും.