സ്വാതന്ത്ര്യദിനത്തിന്റെ മഹത്വം കളങ്കപ്പെടുത്തിയെന്ന് ആരോപണം; ഡിജിപിക്ക് പരാതി
ദേശീയഗാനവും വന്ദേമാതരവും ഒരേസമയം; കോഴിക്കോട് കോർപറേഷനിൽ വിവാദം
പാലാ/കോട്ടയം: സ്വാതന്ത്ര്യദിനാഘോഷത്തിനിടെ കോഴിക്കോട് കോർപറേഷനിൽ ദേശീയഗാനമായ ‘ജനഗണമന’യും ദേശീയഗീതമായ ‘വന്ദേമാതരം’വും ഒരേസമയം ആലപിച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി.
ദേശീയഗാനാലാപനത്തെ തടസ്സപ്പെടുത്തിയിട്ടുണ്ടെങ്കിൽ 1971ലെ നാഷണൽ ഹോണർ ആക്ട് പ്രകാരം നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. ദേശീയഗാനം ആലപിക്കുന്നത് മനഃപൂർവം തടയുകയോ ദേശീയഗാനം ആലപിക്കുന്ന സംഘത്തിന് തടസ്സം സൃഷ്ടിക്കുകയോ ചെയ്യുന്നത് നിയമപ്രകാരം ശിക്ഷാർഹമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ദേശീയഗാനവും ദേശീയഗീതവും രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ച് ഉപയോഗിക്കുകയും പരസ്പരം തടസ്സപ്പെടുത്തുകയും ചെയ്തത് അപലപനീയമാണെന്ന് എബി ജെ ജോസ് പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗം അനുസ്മരിക്കേണ്ട സ്വാതന്ത്ര്യദിനത്തിൽ ദേശീയഗാനത്തെയും ദേശീയഗീതത്തെയും രാഷ്ട്രീയ ഏറ്റുമുട്ടലിന്റെ ഉപാധിയാക്കിയ നടപടി സ്വാതന്ത്ര്യദിനത്തിന്റെ മഹത്വം തന്നെ കളങ്കപ്പെടുത്തിയതായും അദ്ദേഹം ആരോപിച്ചു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടുന്ന വീഡിയോ ലിങ്ക് പരാതിക്കൊപ്പം തെളിവായി സമർപ്പിച്ചിട്ടുണ്ടെന്നും ദൃശ്യങ്ങൾ പരിശോധിച്ച് സംഭവത്തിന്റെ യഥാർഥ വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
ദേശീയഗാനത്തെയും ദേശീയഗീതത്തെയും ഒരു രാഷ്ട്രീയ പാർട്ടിയുടെയോ വിഭാഗത്തിന്റെയോ സ്വത്തായി കാണാനാകില്ലെന്നും അവയുടെ മഹത്വവും പവിത്രതയും രാഷ്ട്രീയ ഭിന്നതകൾക്കതീതമായി സംരക്ഷിക്കപ്പെടണമെന്നും പരാതിയിൽ പറയുന്നു.
സംഭവത്തിൽ പങ്കെടുത്ത ഇരു വിഭാഗം കൗൺസിലർമാരുടെയും പങ്ക് നിഷ്പക്ഷമായി അന്വേഷിക്കണമെന്നും നിയമലംഘനം കണ്ടെത്തുന്ന പക്ഷം ബാധകമായ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നും എബി ജെ ജോസ് ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


