പരിമിതികളെ മറികടന്ന് കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കും : മന്ത്രി ഡോ. ആർ.ബിന്ദു
അതിവേഗം മാറുന്ന ഈ ലോകക്രമത്തിൽ ഉന്നത വിദ്യാഭ്യാസം ഏറ്റവും നൂതനമായി പരിഷ്കരിക്കപ്പെടേണ്ടതുണ്ട്. യുവതലമുറയുടെ ഭാവി ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരത്തെ അപേക്ഷിച്ചാണിരിക്കുന്നത്
തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസരംഗം നേരിടുന്ന വെല്ലുവിളികളും പരിമിതികളും മറികടന്ന് കേരളത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രമായി മാറ്റുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ.ബിന്ദു പറഞ്ഞു. ഉന്നത വിദ്യാഭ്യാസ കോൺക്ലേവ് ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷതവഹിക്കുകയായിരുന്നു മന്ത്രി.
അതിവേഗം മാറുന്ന ഈ ലോകക്രമത്തിൽ ഉന്നത വിദ്യാഭ്യാസം ഏറ്റവും നൂതനമായി പരിഷ്കരിക്കപ്പെടേണ്ടതുണ്ട്. യുവതലമുറയുടെ ഭാവി ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരത്തെ അപേക്ഷിച്ചാണിരിക്കുന്നത്. കേരളത്തെ ഒരു നവ വൈജ്ഞാനിക സമൂഹമാക്കി മാറ്റാനുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമാണ് ഈ കോൺക്ലേവ്.ഇവിടെ ഉയർന്നുവരുന്ന ആശയങ്ങളെ പരമാവധി പ്രാവർത്തികമാക്കും. മേഖലയിലെ അതിവിദഗ്ധരായ അധ്യാപകരുടെയും പ്രൊഫഷണലുകളുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കിയാണ് കോൺക്ലേവ് രൂപകൽപ്പന ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി.
ഉന്നത വിദ്യാഭ്യാസരംഗത്തെ സമഗ്ര മാറ്റങ്ങൾ ലക്ഷ്യമിട്ടു സമഗ്രമായ പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നത്. കരിക്കുലം പരിഷ്കരണവും നാലുവർഷ ബിരുദ പ്രോഗ്രാമും എല്ലാം ഈ ശ്രമങ്ങളുടെ ഭാഗമാണ്. അനുഭവാത്മക പഠനത്തെയും സ്വയം പഠനത്തെയും പരിപോഷിപ്പിക്കും വിധമാണ് പുതിയ പാഠ്യ പദ്ധതികൾ ഒരുക്കിയിരിക്കുന്നത്. പാഠ്യപദ്ധതികൾക്ക് അനുസൃതമായി അധ്യാപന രീതിയിലും മാറ്റങ്ങൾ അനിവാര്യമാണ്.
വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള അന്തരം കുറയ്ക്കുക എന്നതാണ് മറ്റൊരു പ്രധാന കാര്യം. പഠനത്തോടൊപ്പം ഗവേഷണത്തിനും നൈപുണ്യ വികസനത്തിനും വിദ്യാർത്ഥികൾക്ക് പരമാവധി പ്രോത്സാഹനം നൽകുകയാണ് സർക്കാർ. കലാലയങ്ങൾ കേന്ദ്രീകരിച്ച് ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകളും ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പദ്ധതിയും വിജയകരമായി നടപ്പിലാക്കി കഴിഞ്ഞതായി മന്ത്രി പറഞ്ഞു.
ഗവേഷണത്തിലൂടെ ഉരുത്തിരിയുന്ന കണ്ടെലത്തലുകൾ സമൂഹത്തിന് പ്രയോജനകരമാംവിധം പരുവപ്പെടുത്തേണ്ടതുണ്ട്. നൂതന ആശയങ്ങളുള്ള വിദ്യാർത്ഥികൾക്ക് ആവശ്യമായ പിന്തുണ നൽകി അവരുടെ ആശയത്തെ സംരംഭമാക്കി രൂപപ്പെടുത്താനുള്ള അന്തരീക്ഷവും കലാലയങ്ങളിൽ ഒരുക്കുന്നുണ്ട്.
നാടിന്റെ പുരോഗതിക്ക് കൂടുതൽ ഗവേഷണങ്ങളും, ഗവേഷണ കേന്ദ്രങ്ങളും, ഗവേഷകരും ആവശ്യമാണ്. അതിനാവശ്യമായ മികവിന്റെ കേന്ദ്രങ്ങൾ സർക്കാർ സജ്ജമാക്കുന്നുണ്ട്. ജീനോമിക്സ്, ആയുര്‍വേദം, നാനോ ടെക്നോളജി, ആസ്ട്രോഫിസിക്സ്, ഗ്രാഫീൻ ടെക്നോളജി, ന്യൂറോസയൻസ് തുടങ്ങി നിരവധി മേഖലകളിൽ എക്‌സലൻസ് സെന്ററുകൾ ഇതിനകം ആരംഭിച്ചുകഴിഞ്ഞു.
ഗവേഷണത്തിനുള്ള സൗകര്യങ്ങൾ ഉയർത്തുന്നതിന് സർക്കാർ കിഫ്‌ബി വഴി 1844 കോടിയും സ്റ്റേറ്റ് പ്ലാൻ വഴി 2718 കോടിയും റൂസ പദ്ധതിവിഹിതമായി 212.8 കോടിയും ചെലവഴിച്ചു. ഈ സർക്കാരിന്റെ കാലയളവിൽ 78 പുതിയ കോളേജുകളും 866 പുതിയ കോഴ്‌സുകളും ആരംഭിച്ചു, കൂടുതലും പുതിയ തലമുറ കോഴ്‌സുകളാണ് തുടക്കമിട്ടിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.