കേരള രാഷ്ട്രീയം കണ്ടതിൽ വെച്ച് ഏറ്റവും ധീരയായ വനിത ; കെ ആർ ഗൗരിയമ്മ വിടപറഞ്ഞിട്ട് ഇന്നേക്ക് മൂന്നു വർഷം
ഗൗരിയമ്മയെ സംബന്ധിച്ചിടത്തോളം രാഷ്‌ട്രീയമായിരുന്നു ജീവിതം, ജീവിതമായിരുന്നു രാഷ്ട്രീയം
തിരുവനന്തപുരം :പോരാട്ടത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും പ്രതീകമായ ഗൗരിയമ്മ ഓർമ്മയായിട്ട് ഇന്നേക്ക് മൂന്നു വർഷം.ഗൗരിയമ്മയെ സംബന്ധിച്ചിടത്തോളം രാഷ്‌ട്രീയമായിരുന്നു ജീവിതം, ജീവിതമായിരുന്നു രാഷ്‌ട്രീയം. കാരണം പതിറ്റാണ്ടുകളോളം പാര്‍ട്ടി തന്നെയായിരുന്നു ഗൗരിയമ്മയുടെ ജീവിതവും. ഒരു കാലത്ത് സ്ത്രീ സങ്കൽപ്പങ്ങളെയെല്ലാം പൊളിച്ചെഴുതി രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ മുന്നിലേക്ക് വന്ന ആലപ്പുഴക്കാരിയുടെ മനക്കരുത്ത് അന്നും ഇന്നും എന്നും സ്ത്രീകൾക്കിടയിൽ മാതൃകയാണ്.ആലപ്പുഴയിലെ കർഷക കുടുംബത്തിൽ ജനിച്ച് വളർന്ന ഗൗരിയമ്മയുടെ വിദ്യാഭ്യാസത്തിനു വേണ്ട പിന്തുണ നൽകിയതെല്ലാം പിതാവായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ സജീവ പ്രവർത്തകനായിരുന്ന സഹോദരനെ പിന്തുടർന്ന് രാഷ്ട്രീയത്തിലേക്ക് എത്തിയ ഗൗരിയമ്മ അവിടന്നങ്ങോട്ട് കമ്മ്യൂണിസ്റ്റ് ആശയങ്ങളെ മുറുകെ പിടിക്കുകയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ട സമയത്ത് നാട്ടിലെ ജനങ്ങളോട് കമ്മ്യൂണിസ്റ്റ് ആശയങ്ങളെക്കുറിച്ച് സംസാരിക്കുകയും ഭരണകൂടത്തെ വിമര്‍ശിക്കുകയും ചെയ്തതിന് ജയിൽ വാസവും കൊടിയ പീഡനങ്ങളും ഗൗരിയമ്മയ്ക്ക് നേരിടേണ്ടി വന്നു. അതും സ്ത്രീയെന്ന പരിഗണന പോലും ഇല്ലാതെ. “ലാത്തിക്ക് കുഞ്ഞുങ്ങളെ പ്രസവിപ്പിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ എനിക്ക് ഒട്ടേറെ കുഞ്ഞുങ്ങളുണ്ടാവുമായിരുന്നു” എന്ന ഗൗരിയമ്മയുടെ ആത്മകഥയിലെ വാക്കുകളിൽ നിന്ന് തന്നെ അത് ഊഹിക്കാം. ടി വി തോമസുമായിട്ടുള്ള ഗൗരിയമ്മയുടെ വിവാഹവും പിന്നീടുള്ള ജീവിതവും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിന്‍റെ ഭാഗം കൂടിയാണ്.