സഹകരണ സംഘങ്ങളിലെ ഭരണസമിതി അംഗങ്ങൾക്കും ഉത്സവബത്ത

Aug 24, 2026
സഹകരണ സംഘങ്ങളിലെ ഭരണസമിതി അംഗങ്ങൾക്കും ഉത്സവബത്ത

ചരിത്രത്തിലാദ്യമായി സഹകരണ സംഘങ്ങളിലെ ഭരണ സമിതി അംഗങ്ങൾക്കും ഉത്സവബത്ത അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് ഉത്സവ ബത്ത സർക്കാർ അനുവദിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സഹകരണ സംഘങ്ങളിലെ ഭരണ സമിതി അംഗങ്ങൾക്കും ഉത്സവബത്ത അനുവദിക്കുന്നതെന്ന് സഹകരണ സംഘം രജിസ്ട്രാർ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി. നിലവിൽ സഹകരണ നിയമവും സർക്കുലറും അനുസരിച്ച് ഭരണസമിതി അംഗങ്ങൾക്ക് യോഗങ്ങളിൽ പങ്കെടുക്കുന്നതിനുള്ള സിറ്റിങ് ഫീസും ഔദ്യോഗിക യാത്രകൾക്കുള്ള യാത്രാ ബത്തയും മാത്രമാണ് ഇതുവരെ അനുവദിച്ചിരുന്നത്. എന്നാൽ, തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കുള്ള അതേരീതി സഹകരണ സംഘം ഭരണസമിതി അംഗങ്ങൾക്കും അനുവദിക്കാമെന്ന് സഹകരണ വകുപ്പിൻ്റെ നിർദ്ദേശം സർക്കാർ അംഗീകരിച്ചു. ഓരോ സംഘങ്ങളും അവരുടെ സ്വന്തം ഫണ്ടിൽനിന്നാണ് ഭരണസമിതി അംഗങ്ങൾക്ക് ഉത്സവ ബത്ത നൽകേണ്ടത്. ഒരംഗത്തിന് 1000 രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. ഇക്കാര്യം എല്ലാ ജോയിൻ്റ് രജിസ്ട്രാർമാരേയും രജിസ്ട്രാർ അറിയിച്ചിട്ടുണ്ട്. ഓരോ സംഘങ്ങൾക്കും ഇതിനുള്ള അറിയിപ്പ് നൽകണമെന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്.