2023ലെ ആന്റിബയോഗ്രാം കേരളം പുറത്തിറക്കി

Dec 3, 2024
2023ലെ ആന്റിബയോഗ്രാം കേരളം പുറത്തിറക്കി
veena george minister

*രാജ്യത്ത് ആദ്യമായി ആന്റി ബയോഗ്രാം മൂന്നാം തവണയും പുറത്തിറക്കി

കേരളത്തിലെ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എഎംആർ) തോത് വിലയിരുത്താനും അതിനനുസരിച്ച് ആന്റി മൈക്രോബ്രിയൽ റെസിസ്റ്റൻസ് പ്രതിരോധിക്കാനും പ്രവർത്തനങ്ങൾ ക്രോഡീകരിക്കാനുമായി 2023ലെ ആന്റിബയോഗ്രാം (എഎംആർ സർവെയലൻസ് റിപ്പോർട്ട്) ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പുറത്തിറക്കി. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെയാണ് മന്ത്രിക്ക് റിപ്പോർട്ട് കൈമാറിയത്. 2022ൽ ഈ സർക്കാരിന്റെ കാലത്താണ് രാജ്യത്ത് ആദ്യമായി 2021ലെ ആന്റി ബയോഗ്രാം പുറത്തിറക്കുന്നത്. ഇത് തുടർച്ചയായ മൂന്നാം തവണയാണ് കേരളം ചിട്ടയായ പ്രവർത്തനങ്ങളോടെ ആന്റിബയോഗ്രാം പുറത്തിറക്കുന്നത്. ലോക ആന്റിബയോട്ടിക് അവബോധ വാരാചരണത്തിന്റെ ഭാഗമായി ബഹുഭൂരിപക്ഷം പഞ്ചായത്തുകളിലുൾപ്പെടെ ശക്തമായ ബോധവത്ക്കരണ പ്രവർത്തനങ്ങളാണ് നടത്തിയത്. വീടുകളിൽ എത്തിയുള്ള ബോധവത്ക്കരണ പരിപാടിയിൽ മന്ത്രി വീണാ ജോർജ് നേരിട്ട് പങ്കാളിയായി.

കാർസ്നെറ്റ് ശൃംഖലയിൽ ഉൾപ്പെട്ട ത്രിതീയ ആരോഗ്യ കേന്ദ്രങ്ങളുടേതാണ് ഈ റിപ്പോർട്ട്. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം മനസിലാക്കാനും അതിലൂടെ കർമ്മപദ്ധതി ആവിഷ്‌ക്കരിച്ച് അത് കുറയ്ക്കാനും ആന്റിബയോഗ്രാം റിപ്പോർട്ടിലൂടെ സാധിക്കുന്നു. സംസ്ഥാന ആന്റി ബയോഗ്രാം റിപ്പോർട്ടിൽ നിന്നും ആന്റിബയോട്ടിക് റെസിസ്റ്റൻസ് തോത് വലിയ ഭീഷണിയായി തന്നെ നിലനിൽക്കുന്നതായാണ് കാണുന്നത്.

കേരള ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ (കാർസാപ്)കേരള ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് സർവൈലൻസ് നെറ്റ് വർക്ക് (കാർസ് നെറ്റ്) എന്നിവ രൂപീകരിച്ചാണ് എഎംആർ പ്രതിരോധം ശക്തമാക്കിയത്. എഎംആർ പ്രതിരോധം വിലയിരുത്തുന്നതിന് ജില്ലകളിലെ 21 ലാബുകളിൽ നിന്നും 13 ജില്ലകളിളെ 51 ലാബുകളായിലബോറട്ടറികളുടെ ശൃംഖല ഘട്ടം ഘട്ടമായി വികസിച്ചു. ആന്റിമൈക്രോബിയൽ ഡാറ്റയുടെ ശേഖരണത്തിനും വിശകലനത്തിനും ഡബ്ല്യുഎച്ച്ഒ നെറ്റ് (WHONET) സോഫ്റ്റ് വെയറാണ് ഉപയോഗിക്കുന്നത്.

2023 ജനുവരി മുതൽ ഡിസംബർ 31 വരെയുള്ള എഎംആർ ഡേറ്റയാണ് ഈ റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഈ കാലയളവിൽ 11 ജില്ലകളിൽ നിന്നുള്ള 34 നിരീക്ഷണ ലബോറട്ടറികളാണ് ഡേറ്റ സമർപ്പിച്ചത്. 45,397 മുൻഗണനാ രോഗകാരികളുടെ ആന്റിമൈക്രോബയൽ സസെപ്റ്റിബിലിറ്റി (എ.എസ്.ടി.) സംവേദ്യത ഡേറ്റയും ഈ റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പ്രാഥമിക തലത്തിലും ദ്വിതീയ തലത്തിലുമുള്ള ആശുപത്രികളിലെ ആന്റിബയോഗ്രാം തയ്യാറാക്കുന്നതിനായി രാജ്യത്തിലാദ്യമായി ഹബ്ബ് ആന്റ് സ്പോക്ക് മോഡൽ ഫോർ എഎംആർ സർവൈലൻസ് കേരളം ആരംഭിച്ചിരുന്നു. രാജ്യത്ത് കേരളത്തിൽ മാത്രമേ ഈ നിരീക്ഷണ സംവിധാനമുള്ളൂ. അതിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് ആദ്യമായി എറണാകുളം ജില്ലയിലെ ആന്റിബയോഗ്രാം കേരളം പുറത്തിറക്കി. ജില്ലാതല ആന്റിബയോഗ്രാം അടിസ്ഥാനമാക്കി എറണാകുളം ജില്ലയുടെ ആന്റിബയോട്ടിക് മാർഗരേഖ ഇന്നലെ മന്ത്രി വീണാ ജോർജ് പ്രകാശനം ചെയ്തു. ശക്തമായ ഹബ്ബ് ആന്റ് സ്പോക്ക് എഎംആർ സർവൈലൻസിലൂടെ അടുത്ത വർഷത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ജില്ലാതല ആന്റിബയോഗ്രാം പുറത്തിറക്കും.

സമ്പൂർണ ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് കേരളം പ്രവർത്തിക്കുന്നത്. എല്ലാ ജില്ലകളിലും ജില്ലാതല ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് കമ്മിറ്റികളും ബ്ലോക്ക് തല കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷൻ ഇല്ലാതെ ആന്റിബയോട്ടിക്കുകൾ മെഡിക്കൽ സ്റ്റോറുകളിൽ വിൽക്കാൻ പാടില്ല എന്ന സർക്കാർ നിർദേശത്തിന്റെ ഫലമായി കേരളത്തിൽ ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തിൽ 20 മുതൽ 30 ശതമാനം വരെ ഈ വർഷം കുറവുണ്ടായി. എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികളാക്കാനുള്ള പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.