അർഹതപ്പെട്ടവർക്ക് മുൻഗണനാ കാർഡ് ലഭ്യമാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധം: മന്ത്രി ജി ആർ അനിൽ
അൻപതിനായിരം മുൻഗണനാ റേഷൻ കാർഡുകളുടെ സംസ്ഥാനതല വിതരണം വഴുതക്കാട് ഗവണ്മെന്റ് വുമൺസ് കോളേജ് ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

തിരുവനന്തപുരം : അർഹതപ്പെട്ടവർക്ക് മുൻഗണനാ റേഷൻ കാർഡ് ലഭ്യമാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുൻഗണനാ പട്ടികയുടെ ശുദ്ധീകരണം ഒരു തുടർ പ്രക്രിയയായി നടപ്പിലാക്കുകയാണെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. അൻപതിനായിരം മുൻഗണനാ റേഷൻ കാർഡുകളുടെ സംസ്ഥാനതല വിതരണം വഴുതക്കാട് ഗവണ്മെന്റ് വുമൺസ് കോളേജ് ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. അനർഹരുടെ കൈവശമുള്ള മുൻഗണനാ കാർഡുകൾ അർഹരായവർക്ക് നൽകുന്നതിനുള്ള നടപടി സർക്കാരിന്റെ തുടക്കത്തിൽ തന്നെ ആരംഭിച്ചിരുന്നു. പരിശോധനയിലൂടെ അനർഹരുടെ കൈയിൽ നിന്നും ലഭിച്ചതും മാനദണ്ഡങ്ങളിൽ നിന്നും പുറത്തായതും ഉൾപ്പടെയുള്ള അമ്പതിനായിരം മുൻഗണനാ റേഷൻകാർഡുകളാണ് പുതിയ അംഗങ്ങൾക്ക് വിതരണം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 1,54,80,040 (ഒരു കോടി അൻപത്തിനാല് ലക്ഷത്തി എൺപതിനായിരത്തി നാൽപത്) മുൻഗണനാ കാർഡുകളാണ് അനുവദിച്ചിട്ടുള്ളത്. അതായത് ഏകദേശം 43 ശതമാനം പേർ മാത്രമാണ് കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള റേഷൻ പരിധിയിൽ വരുന്നത്. ബാക്കി 57 ശതമാനം വരുന്ന മുൻഗണനേതര ജനവിഭാഗങ്ങൾക്ക് സംസ്ഥാന സർക്കാർ എഫ്.സി.ഐ യിൽ തുക അടച്ച് അരി ലഭ്യമാക്കി റേഷൻ നൽകി വരുന്നു. 2011 സെൻസസിനെ അടിസ്ഥാനമാക്കിയാണ് മുൻഗണനാ അംഗങ്ങളുടെ എണ്ണം നിശ്ചയിച്ചിട്ടുള്ളത്. 2011 ന് ശേഷം ജനസംഖ്യയിലുണ്ടായ വർധനവ് പരിഗണിച്ച് കൂടുതൽ പേരെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും തീരുമാനമായിട്ടില്ല. സംസ്ഥാനത്ത് സ്റ്റാറ്റ്യൂട്ടറി റേഷൻ സംവിധാനം നിലനിന്നിരുന്നതും ഭക്ഷ്യധാന്യങ്ങളുടെ ഉത്പാദനത്തിൽ കുറവുള്ളതും പരിഗണിച്ച് കേരളത്തിലെ മുഴുവൻ ജനവിഭാഗങ്ങൾക്കും പൊതുവിതരണ കേന്ദ്രം വഴി ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കണം. ഈ സർക്കാർ ചുമതലയേറ്റെടുത്ത ശേഷം നാളിതുവരെയായി 55,157 അന്ത്യോദയ അന്നയോജന കാർഡുകളും 4,04,915 പ്രയോറിറ്റി ഹൗസ്‌ഹോൾഡ് കാർഡുകളും ഉൾപ്പെടെ ആകെ 4,60,072 മുൻഗണനാകാർഡുകളും അർഹരായവർക്ക് നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാർ സൗജന്യമായി നൽകുന്ന ഭക്ഷ്യധാന്യങ്ങൾ മുൻഗണനാ വിഭാഗങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ഗതാഗത കൈകാര്യ ചെലവ്, റേഷൻ വ്യാപാരി കമ്മീഷൻ എന്നീ ഇനങ്ങളിലായി വലിയ തുക സംസ്ഥാന സർക്കാർ വഹിക്കുന്നു. സംസ്ഥാന ജനസംഖ്യയുടെ 57 % വരുന്ന മുൻഗണനേതര വിഭാഗങ്ങൾക്ക് കേന്ദ്ര സർക്കാരിൽ നിന്നും ഭക്ഷ്യധാന്യങ്ങൾ വിലകൊടുത്തു വാങ്ങിയാണ് വിതരണം ചെയ്യുന്നത്. 340 കോടിയോളം രൂപ ഈ ഇനത്തിൽ ഒരു വർഷം സംസ്ഥാന സർക്കാർ ചെലവഴിക്കുന്നു. റേഷൻ വ്യാപാരികമ്മീഷൻ ഇനത്തിൽ 282 കോടി രൂപയും ഒരു വർഷം ചെലവഴിക്കുന്നുണ്ട്. സംസ്ഥാനത്തെ ഭക്ഷ്യ ധാന്യങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്കുള്ള കമ്മീഷൻ, വാതിൽപ്പടി ഗതാഗത കൈകാര്യ ചെലവ് തുടങ്ങിയ വകയിൽ ഒരു വർഷം സംസ്ഥാന സർക്കാർ ചെലവഴിക്കുന്നത് ഏകദേശം 600 കോടി രൂപയാണ്. ഇതിൽ ഏകദേശം 75 കോടി രൂപ മാത്രമാണ് കേന്ദ്ര സർക്കാർ വഹിക്കുന്നതെന്നും ബാക്കി 525 കോടി രൂപയും സംസ്ഥാന സർക്കാരാണ് ചെലവഴിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
വി കെ പ്രശാന്ത് എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യുട്ടി മേയർ പി കെ രാജു, ഭക്ഷ്യ പൊതുവിതരണ കമ്മിഷണർ മുഹമ്മദ് ഷഫീഖ് തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലെ പുതിയ അംഗങ്ങൾക്ക് ഭക്ഷ്യ മന്ത്രി മുൻഗണനാ കാർഡുകൾ നൽകി.