നവകേരള ബസ് വീണ്ടും നിരത്തിലേക്ക്; നിരക്ക് കുറച്ചു, സീറ്റുകൾ കൂട്ടി
കോഴിക്കോട് – ബംഗുളുരു റൂട്ടിൽ ബസ് സർവീസ് പുനരാരംഭിക്കും. സീറ്റുകളുടെ എണ്ണം വർധിപ്പിച്ചാണ് ബസ് നിരത്തുകളിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുന്നത്.
കോഴിക്കോട് : നവകേരള ബസ് വീണ്ടും നിരത്തിലേക്ക്. രൂപമാറ്റം വരുത്തി, കൂടുതൽ സീറ്റുകൾ ഘടിപ്പിച്ച് ബസ് ബംഗളുരുവിൽ നിന്നും കോഴിക്കോട് എത്തിച്ചു. കോഴിക്കോട് – ബംഗുളുരു റൂട്ടിൽ ബസ് സർവീസ് പുനരാരംഭിക്കും. സീറ്റുകളുടെ എണ്ണം വർധിപ്പിച്ചാണ് ബസ് നിരത്തുകളിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുന്നത്. 11 സീറ്റുകളാണ് അധികമായി ഘടിപ്പിച്ചത്. ഇതോടെ സീറ്റുകളുടെ എണ്ണം 37 ആയി.എസ്കലേറ്റർ, പിൻ ഡോർ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. പകരം മുൻഭാഗത്ത് മാത്രമാകും ഡോർ. ശൗചാലയം ബസിൽ നിലനിർത്തിയിട്ടുണ്ട്. ബസ് വീണ്ടും നിരത്തിലെത്തുമ്പോൾ മുൻപ് ഉണ്ടായിരുന്നതിനേക്കാൾ നിരക്കും കുറച്ചിട്ടുണ്ട്. ഇന്നലെ ബെംഗളൂരു-കോഴിക്കോട് യാത്രയിൽ 930 രൂപയാണ് ഈടാക്കിയത്. നേരത്തെ 1280 രൂപ ആയിരുന്നു നിരക്ക്. ബസ് കട്ടപ്പുറത്ത് ആയത് വിവാദമായിരുന്നു.
1.16 കോടി രൂപയ്ക്കാണ് നവകേരള ബസ് വാങ്ങിയത്. 26 സീറ്റാണ് നവകേരളബസിലുണ്ടായിരുന്നത്. നേരത്തേ നവകേരള ബസ്, ഗരുഡ പ്രീമിയം ലക്ഷുറി ബസായി കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തിയിരുന്നു. അത് നഷ്ടത്തിലാണ് കലാശിച്ചത്. 1171 രൂപയായിരുന്നു കോഴിക്കോടുനിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രാനിരക്ക്. ഭാരത് ബെൻസിന്റെ ബസ് ബോഡി ബിൽഡിങ് നടത്തുന്ന ബെംഗളൂരുവിലെ വർക്ക് ഷോപ്പിലായിരുന്നു ബസ്. യാത്രക്കാർ കുറഞ്ഞ് സർവീസ് നഷ്ടത്തിലായതോടെ രൂപം മാറ്റാനായി ബെംഗളൂരുവിലേക്ക് ബസ് കൊണ്ടുപോയത്.