വയനാടിനുള്ള സഹായം; നടപടികൾ പുരോഗമിക്കുന്നതായി കേന്ദ്രം ഹൈക്കോടതിയിൽ
വയനാട് ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ഈ മാസം പതിമൂന്നിന്
കൊച്ചി : വയനാട് ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ഈ മാസം പതിമൂന്നിനെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. 2219 കോടി രൂപയാണ് പുനരധിവാസത്തിന് ധനസഹായമായി ആവശ്യപ്പെട്ടത്. ഇത് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണെന്നും ചട്ടങ്ങളുടെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.153.46 കോടി രൂപ എന്‍ഡിആര്‍എഫ് ഫണ്ടായി സംസ്ഥാനത്തിന് നല്‍കിയതായും സത്യവാങ്മൂലത്തില്‍ പറയുന്നു. ദുരന്തഭൂമിയില്‍ നിന്ന് ആളുകളെ എയര്‍ഡ്രോപ്പ് ചെയ്യുന്നതിനും മറ്റ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായും ദുരന്തമേഖലയിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനും മറ്റുമായാണ് ഈ തുക ചെലവഴിച്ചതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
നവംബര്‍ 16നാണ് ഉന്നതാധികാരസമിതി ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് 153.46 കോടി രൂപ സംസ്ഥാനത്തിനായി നല്‍കിയതെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
ദുരന്തത്തിലെ കേന്ദ്രസഹായം വൈകുന്നതില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. നവംബര്‍ അവസാനത്തോടെ ഉന്നതാധികാരസമിതിയുടെ തീരുമാനം അറിയിക്കുമെന്ന് കേസ് കഴിഞ്ഞ തവണ പരിഗണിക്കുന്നതിനിടെ കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.