കത്തോലിക്ക കോൺഗ്രസ് അവകാശ സംരക്ഷണയാത്രയ്ക്ക് തുടക്കം

പാണത്തൂർ (കാസർഗോഡ്): കത്തോലിക്ക കോൺഗ്രസ് കാസർഗോഡ് മുതൽ തിരുവനന്തപുരംവരെ നടത്തുന്ന അവകാശസംരക്ഷണയാത്രയ്ക്ക് ഉജ്വല തുടക്കം. തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയും താമരശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലും ചേർന്ന് ജാഥാ ക്യാപ്റ്റൻ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻ്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിലിന് പതാക കൈമാറി യാത്രയ്ക്കു തുടക്കം കുറിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ ആമുഖഭാഷണം നടത്തി.
കോട്ടയം അതിരൂപത വികാരി ജനറാൾ മോൺ. തോമസ് ആനിമൂട്ടിൽ, തലശേരി അ തിരൂപത വികാരി ജനറാൾ മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ തുടങ്ങിയവർ പ്ര സംഗിച്ചു. 14 ജില്ലകളിലൂടെയും കടന്നുപോകുന്ന യാത്ര 24ന് തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കൽ സമാപിക്കും. മതേതരത്വവും രാജ്യത്തിൻ്റെ ഭരണഘടനയെയും സംരക്ഷിക്കുക, ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുക, വന്യമൃഗശല്യവും ഭൂപ്രശ്‌നങ്ങളും പരിഹരിക്കുക, റബറും നെല്ലും ഉൾപ്പെടെയുള്ള കാർഷിക ഉത്പന്നങ്ങളുടെ വിലത്തകർച്ചയ്ക്ക് പരിഹാരം കാണുക, വിദ്യാഭ്യാസമേഖലയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുക എന്നീ വിഷയങ്ങൾ ഉയർത്തിയാണ് യാത്ര നടത്തുന്നത്.