മാലിന്യമുക്തം: മാർച്ച് 22, 23 തീയതികളിൽ ജില്ലയിൽ മെഗാ ക്ലീനിംഗ്

കോട്ടയം: മാലിന്യമുക്ത ജില്ലയായി കോട്ടയത്തെ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും മാർച്ച് 22,23 തീയതികളിൽ മെഗാ ക്ലീനിങ് സംഘടിപ്പിക്കും. പൊതു സ്ഥലങ്ങൾ, തെരുവുകൾ, ജലാശയങ്ങൾ എന്നിവയെല്ലാം മാലിന്യമുക്തമാക്കുകയാണ് ഈ ശുചീകരണ യജ്ഞത്തിന്റെ ലക്ഷ്യം. രാഷ്ട്രീയ സംഘടനകൾ, യുവജന സംഘടനകൾ, വനിതാ സംഘടനകൾ, ട്രേഡ് യൂണിയനുകൾ, സർവീസ് സംഘടനകൾ, റസിഡന്റ് അസോസിയേഷനുകൾ, സന്നദ്ധ പ്രവർത്തകർ , ക്ലബ്ബ്-വായനശാലാ പ്രവർത്തകർ, തൊഴിലുറപ്പു തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങി മുഴുവൻ സംഘടനകളുടേയും പൊതുജനങ്ങളുടേയും സഹകരണത്തോടെയാണ് പ്രവർത്തനം സംഘടിപ്പിക്കുക. ഈ മാസം അവസാനത്തോടെ ജില്ലയിലെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളും മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ എന്നിവ മാർച്ച് 30 ന് മുമ്പ് സർക്കാർ നിർദ്ദേശിച്ച പ്രകാരം ഹരിത ഗ്രേഡ് നേടണം. പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.