അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനം : പൊതുവിതരണ വകുപ്പ് ജീവനക്കാരെ അഭിനന്ദിച്ച് മന്ത്രി
 
                                    നവംബർ 1 ന് കേരളം രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെടുന്ന അവസരത്തിൽ ഭക്ഷ്യഭദ്രതയിലൂടെ കേരളത്തെ അതിദാരിദ്ര്യ മുക്തിയിലേക്ക് കൊണ്ടുപോകുന്നതിന് സജീവമായ പങ്കാളിത്തംവഹിച്ച പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ജീവനക്കാരെ മന്ത്രി ജി.ആർ.അനിൽ അഭിനന്ദിച്ചു.
അതിദാരിദ്ര്യ മുക്തിയുടെ അടിസ്ഥാന ശിലകളിലൊന്നാണ് ഭക്ഷ്യഭദ്രതയിലൂടെ വിശപ്പുരഹിത കേരളം സൃഷ്ടിക്കാൻ കഴിഞ്ഞത്. ഫലപ്രദമായ പൊതുവിതരണ സംവിധാനവും അവശ്യവസ്തുക്കൾ ന്യായവിലയ്ക്ക് ഉറപ്പുവരുത്തുന്ന വിപണി ഇടപെടൽ ശൃംഖലയും ഈ മേഖലയിൽ നിർണ്ണായക പങ്കുവഹിച്ചു. പൊതുവിതരണ വകുപ്പിലെയും സപ്ലൈകോയിലെയും ജീവനക്കാർ, റേഷൻ വ്യാപാരികൾ, ഗതാഗത കരാറുകാർ, ചുമട്ടുതൊഴിലാളികൾ എന്നിവരെല്ലാം ഈ ദൗത്യത്തിന്റെ ഭാഗമായി പ്രവർത്തിച്ചവരും അഭിനന്ദനം അർഹിക്കുന്നവരാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി നാളെ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളിലും റേഷൻകടകളിലും മധുരം വിതരണം ചെയ്യും.
 
ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 5,58,981 കുടുംബങ്ങൾക്ക് റേഷൻ കാർഡ് അനുവദിക്കുകയും അർഹരായ 6,40,786 കുടുംബങ്ങൾക്ക് മുൻഗണനാ കാർഡുകൾ നൽകുകയും ചെയ്തിട്ടുണ്ട്. അനർഹമായി കൈവശംവച്ചിരുന്ന ഒരുലക്ഷത്തി എഴുപത്തിരണ്ടായിരത്തോളം റേഷൻ കാർഡുകൾ പിൻവലിച്ച് അർഹരായവർക്ക് അനൂകൂല്യം ലഭ്യമാക്കാനായി. പുറമ്പോക്കുകളിൽ താമസിക്കുന്നവർക്ക് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് വെല്ലുവിളിയായപ്പോഴാണ് ആധാർകാർഡിന്റെ അടിസ്ഥാനത്തിൽ റേഷൻ കാർഡുകൾ നൽകാൻ ഉത്തരവിറക്കിയത്. സമ്പൂർണ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തി അർഹമായ റേഷൻ വിഹിതം കൃത്യമായ അളവിലും തൂക്കത്തിലും യഥാർത്ഥ ഗുണഭോക്താക്കൾക്ക് എത്തിക്കാനായി.
 
ഘട്ടങ്ങളായുള്ള ദാരിദ്ര്യനിർമ്മാർജന പ്രവർത്തനങ്ങളുടെ വിജയമാണ് പ്രഖ്യാപനം. തദ്ദേശസ്വയംഭരണ വകുപ്പ് ഉൾപ്പെടെയുള്ളവർ ഇതിനായി പരിശ്രമിച്ചു. ഈ നേട്ടം കൈവരിക്കാൻ സർക്കാരിനൊപ്പം സാമൂഹിക പ്രസ്ഥാനങ്ങളും വ്യക്തികളും മതസ്ഥാപനങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും കൈകോർത്തതായി മന്ത്രി പറഞ്ഞു.
ആന്റണിരാജു എം.എൽ.എ അദ്ധ്യക്ഷനായ യോഗത്തിൽ ഭക്ഷ്യ വകുപ്പ് സെക്രട്ടറി എം. ജി. രാജമാണിക്യം, സംസ്ഥാന ഭക്ഷ്യകമ്മിഷൻ ചെയർമാൻ ഡോ. ജിനു സക്കറിയ ഉമ്മൻ, കൗൺസിലർ പാളയം രാജൻ, ലീഗൽ മെട്രോളജി കൺട്രോളർ ആർ. റീനാ ഗോപാൽ, പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് കമ്മിഷണർ ഹിമ കെ എന്നിവർ സംസാരിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            