രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയിൽ
ശബരിമല: രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിലെത്തി ദര്‍ശനം നടത്തി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദർശനം പൂർത്തിയാക്കിയിരിക്കുന്നത്. പമ്പയിലെത്തി പമ്പാസ്നാനത്തിന് ശേഷം കെച്ചുനിറച്ചത് പിന്നാലെ 11.30 ഓടെയാണ് സന്നിധാനത്തേക്കുള്ള യാത്ര തിരിച്ചത്. കനത്ത സുരക്ഷയില്‍ പ്രത്യേക വാഹനത്തിലാണ് മല കയറിയത്. ഇന്നലെ തലസ്ഥാനത്തെത്തിയ രാഷ്ട്രപതി ഇന്ന് രാവിലെ 7.30 ഓടെയാണ് രാജ്ഭവനിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് ഹെലികോപ്ടറിൽ പത്തനംതിട്ടയിലേക്ക് പോയി.. നിശ്ചയിച്ചതിലും നേരത്തെയാണ് രാഷ്ട്രപതി ശബരിമലയിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് രാവിലെ ഒമ്പതോടെ കോന്നി പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിൽ ഹെലികോപ്ടര്‍ ഇറങ്ങി റോഡ് മാര്‍ഗം പമ്പയിലേക്ക് പോവുകയായിരുന്നു. പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിൽ വെച്ച് ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ആന്റോ ആന്റണി എംപി, കെ.യു ജനീഷ് കുമാർ എംഎൽഎ, പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ജില്ലാ പൊലിസ് മേധാവി ആര്‍ ആനന്ദ് എന്നിവരും സ്വീകരിക്കാനെത്തി
രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമലയിൽ ദർശനം നടത്തി. പമ്പയിൽ നിന്നും പ്രത്യേക വാഹനത്തിൽ ഉച്ചയ്ക്ക് 11.45 ന് ശബരിമലയിൽ എത്തിയ രാഷ്ട്രപതി പതിനെട്ട്പടി കയറി സന്നിധാനത്തെത്തി. രാഷ്ട്രപതിക്കൊപ്പം മരുമകൻ ഗണേഷ് ചന്ദ്ര ഹേമ്പ്രാം, എഡിസി സൗരഭ് എസ് നായർ, പിഎസ്ഒ വിനയ് മാത്തൂർ എന്നിവരും പതിനെട്ടാം പടി ചവിട്ടി.
സന്നിധാനത്ത് രാഷ്ട്രപതിയെ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവന്റെ നേത്യത്വത്തിൽ പൂർണ കുംഭം നൽകി സ്വീകരിച്ചു. റവന്യു ദേവസ്വം സെക്രട്ടറി എം ജി രാജമാണിക്യം, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി എസ് പ്രശാന്ത്, ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, ശബരിമല മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരി എന്നിവരും സ്വീകരിക്കാനുണ്ടായിരുന്നു. അയ്യപ്പനെയും ഉപദേവതകളെയും തൊഴുത രാഷ്ട്രപതി മാളികപ്പുറവും വാവരുസ്വാമി നടയും സന്ദർശിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉപഹാരം മന്ത്രി വി എൻ വാസവൻ രാഷ്ട്രപതിക്ക് സമ്മാനിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, അംഗങ്ങളായ എ അജികുമാർ, പി ഡി സന്തോഷ് കുമാർ എന്നിവർ സന്നിഹിതരായിരുന്നു. ഉച്ചയ്ക്ക് 12.15 ന് പ്രത്യേക വാഹനത്തിൽ രാഷ്ട്രപതി പമ്പയിലേക്ക് മടങ്ങി.
നേരത്തെ ശബരിമലയിൽ അയ്യപ്പദർശനം നടത്താൻ പമ്പയിൽ നിന്ന് ഇരുമുടിക്കെട്ടുനിറച്ചാണ് രാഷ്ട്രപതി സന്നിധാനത്തേക്ക് പുറപ്പെട്ടത്. രാവിലെ 11 മണിയോടെ പ്രത്യേക വാഹനവ്യൂഹത്തിൽ പമ്പയിലെത്തിയ രാഷ്ട്രപതി പമ്പാ നദിയിൽ കാൽ കഴുകിയതിന് ശേഷം ഗണപതി ക്ഷേത്രത്തിലെത്തി. ക്ഷേത്രം മേൽശാന്തി വിഷ്ണുനമ്പൂതിരിയുടെ നേതൃത്വത്തിൽ രാഷ്ട്രപതിക്കും സംഘത്തിനും കെട്ടുനിറച്ചു നൽകി. രാഷ്ട്രപതിക്ക് പുറമെ എഡിസി സൗരഭ് എസ് നായർ, പി എസ് ഒ വിനയ് മാത്തൂർ, രാഷ്ട്രപതിയുടെ മരുമകൻ ഗണേഷ് ചന്ദ്ര ഹേമ്പ്രാം എന്നിവരും പമ്പയിൽ നിന്ന് കെട്ടുനിറച്ചു. തുടർന്ന് പ്രത്യേക വാഹന വ്യൂഹത്തിലാണ് സന്നിധാനത്തേക്ക് തിരിച്ചത്.
രാവിലെ 8.40ന് പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ എത്തിയ രാഷ്ട്രപതിയെ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ആന്റോ ആന്റണി എംപി, കെ.യു ജനീഷ് കുമാർ എംഎൽഎ, പ്രമോദ് നാരായൺ എംഎൽഎ, ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ, ജില്ലാ പൊലിസ് മേധാവി ആർ ആനന്ദ് എന്നിവരും സ്വീകരിക്കാനുണ്ടായിരുന്നു.


