വിലങ്ങാട് ഉരുള്‍പൊട്ടല്‍: ഇന്‍ഫാം നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ നിര്‍വഹിച്ചു

വിലങ്ങാട്: വയനാട്ടിലെ വിലങ്ങാട് പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലില്‍ വീടുനഷ്ടപ്പെട്ട കുടുംബത്തിന് ഇന്‍ഫാം നിര്‍മിച്ചു നല്‍കിയ വീടിന്റെ വെഞ്ചെരിപ്പും താക്കോല്‍ദാനവും ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ നിര്‍വഹിച്ചു. കെസിബിബിസി വിലങ്ങാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന 66 ഭവന പദ്ധതിയില്‍ കത്തോലിക്കാ സഭയുടെ കര്‍ഷക പ്രസ്ഥാനമായ ഇന്‍ഫാമിന്റേതായി നിര്‍മിച്ച ഭവനത്തിന്റെ വെഞ്ചെരിപ്പു കര്‍മമാണ് നിര്‍വഹിക്കപ്പെട്ടത്. ഉരുള്‍പൊട്ടലില്‍ തകര്‍ന്നുപോയ ജനതയുടെ പുനരധിവാസ പ്രക്രിയയില്‍ കര്‍ഷകസമൂഹവും ഭാഗഭാക്കാകണമെന്ന ഇന്‍ഫാം രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ചനാനിയുടെ ആഗ്രഹപ്രകാരമാണ് പദ്ധതിയില്‍ ഒരു വീടിന്റെ നിര്‍മാണം പൂര്‍ണമായും ഏറ്റെടുക്കാന്‍ ഇന്‍ഫാം തീരുമാനിച്ചത്.
വിലങ്ങാട് കരുകുളത്തു നടന്ന ചടങ്ങില്‍ ഇന്‍ഫാം ദേശീയ ജനറല്‍ സെക്രട്ടറി ഫാ. ജോസ് ചെറുകരക്കുന്നേല്‍, ഇന്‍ഫാം താമരശേരി രൂപത ഡയറക്ടര്‍ ഫാ. ബെന്നി മുണ്ടനാട്ട്, ഇന്‍ഫാം റീജണല്‍ ഡയറക്ടര്‍ ഫാ. ജോസ് പെണ്ണാപറമ്പില്‍, കെഎസ്എസ്എഫ് ഡയറക്ടര്‍ ഫാ. ജേക്കവ് മാവുങ്കല്‍, താമരശേരി സെന്റര്‍ ഫോര്‍ ഓവര്‍ഓള്‍ ഡവലപ്മെന്റ് (സിഒഡി) ഡയറക്ടര്‍ ഫാ. സായി പാറന്‍കുളങ്ങര, വിലങ്ങാട് സെന്റ് ജോര്‍ജ് ഫൊറോന വികാരി ഫാ. വില്‍സണ്‍ മുട്ടത്തുകുന്നേല്‍, ഇന്‍ഫാം ദേശീയ ട്രഷറര്‍ ജെയ്സണ്‍ ചെംബ്ലായില്‍, ദേശീയ എക്സിക്യൂട്ടീവ് മെംബര്‍മാരായ നെല്‍വിന്‍ സി. ജോയ്, മാത്യു മാമ്പറമ്പില്‍, ജോയ് തെങ്ങുംകുടി, സണ്ണി അരഞ്ഞാണിപുത്തന്‍പുരയില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും നാട്ടുകാരും ഉള്‍പ്പെടെ നിരവധിപ്പേര്‍ ചടങ്ങിനു സാക്ഷ്യംവഹിക്കാനെത്തിയിരുന്നു.
വയനാട്ടില്‍ ചൂരല്‍മലയിലും മുണ്ടക്കൈയിലും കോഴിക്കോട് വിലങ്ങാട് പ്രദേശങ്ങളിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് കേരള കത്തോലിക്കാസഭയുടെ നേതൃത്വത്തില്‍ നൂറു വീടുകളാണ് നിര്‍മിച്ചു നല്‍കുന്നത്.
ഫോട്ടോ
ഇന്‍ഫാം വയനാട്ടിലെ വിലങ്ങാട്ടില്‍ നിര്‍മിച്ചു നല്‍കിയ വീട്.