നവകേരള നിർമ്മിതിയിലെ മികച്ച പങ്കാളിയായി കിഫ്ബിയെ മുന്നോട്ട് കൊണ്ടുപോകണം: മുഖ്യമന്ത്രി

കിഫ്ബി രജതജൂബിലി ആഘോഷങ്ങൾ ഉദ്‌ഘാടനം ചെയ്തു

Nov 5, 2025
നവകേരള നിർമ്മിതിയിലെ മികച്ച പങ്കാളിയായി കിഫ്ബിയെ മുന്നോട്ട് കൊണ്ടുപോകണം: മുഖ്യമന്ത്രി
kifbi jubily

തിരുവനന്തപുരം :നവകേരള നിർമ്മിതിയിലെ ഏറ്റവും വലിയ ഒരു പങ്കാളിയായി കിഫ്ബിയെ മുന്നോട്ട് കൊണ്ടുപോകണമെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ.  സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് നിർണായക പങ്കുവഹിക്കുന്ന കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) രജതജൂബിലി ആഘോഷങ്ങൾ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ധനകാര്യവകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ ചടങ്ങിൽ അധ്യക്ഷനായി.

നവോത്ഥാന പ്രസ്ഥാനം കേരളത്തിലേതിനേക്കാൾ ശക്തമായി മറ്റു പല സംസ്ഥാനങ്ങളിലും ഉണ്ടായിരുന്നു. ആ സംസ്ഥാനങ്ങളിൽ ജാതീയമായ ഉച്ചനീചത്വവും മറ്റുതരത്തിലുള്ള വേർതിരിവുകളും എല്ലാം ശക്തമായി തുടരുകയാണ്. പക്ഷേ കേരളത്തിൽ അതിന് മാറ്റം വന്നിരിക്കുന്നു. അത് നവോത്ഥാനത്തിന് ശരിയായ പിന്തുടർച്ച ഇവിടെ ഉണ്ടായതുകൊണ്ടാണ്. സാമുദായികമായ ഉച്ചനീചത്വം അവസാനിപ്പിക്കാൻ നവോത്ഥാനം വലിയ തോതിൽ  ശ്രമിച്ചെങ്കിൽ സാമ്പത്തിക രംഗത്തുള്ള ഉച്ചനീചത്വങ്ങളും വേർതിരിവുകളും അവസാനിപ്പിക്കുന്നതിനുള്ള  ശ്രമവും കാര്യമായി തന്നെ നടന്നു. അതിന്റെ തുടർച്ചയായാണ് ഐക്യകേരളം രൂപം കൊള്ളുന്നത്. ഐക്യകേരളം രൂപം കൊണ്ടതിനു ശേഷം 1957ൽ വന്ന ഗവൺമെന്റ് നമ്മുടെ കേരളത്തിന്റെ ഇന്ന് കാണുന്ന വികസനത്തിനാകെ അടിത്തറയിട്ട ഒരു ഗവൺമെന്റ് ആയിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 കേരളത്തിന്റെ പ്രത്യേകതകളെക്കുറിച്ച് പിന്നീട് പഠിച്ച സാമൂഹ്യശാസ്ത്രജ്ഞരും സാമ്പത്തിക വിദഗ്ധരും എല്ലാം ഒരു കാര്യം ഉറപ്പിച്ചു പറഞ്ഞു. കേരളത്തിന് ഈ രീതിയിൽ അഭിവൃദ്ധി ഉണ്ടായത് ഭൂപരിഷ്‌കരണ നടപടികൾ കാരണമാണ്. അതോടൊപ്പം തന്നെ കേരളത്തിന്റെ പ്രത്യേകതയായി അടയാളപ്പെടുത്തുന്നതാണ് പ്രവാസം. പ്രവാസികൾ വീട്ടിലേക്ക് അയക്കുന്ന പൈസ  അവിടെ മാത്രം നിൽക്കുന്നതല്ല, അത്  സമൂഹത്തിൽ വ്യാപരിക്കും. ഇവിടെയും ഒരു കാര്യം ശ്രദ്ധിക്കണം, പ്രവാസ ജീവിതത്തിൽ വന്ന മാറ്റം. ആദ്യം കേരളത്തിൽ നിന്ന് കഠിനമായ മനുഷ്യാധ്വാനത്തിന് വേണ്ടിയായിരുന്നു ആളുകൾ പോയിരുന്നത്. എന്നാൽ കാലം മാറി. ആ മാറ്റത്തിന് 1957ൽ തന്നെ തുടക്കം കുറിച്ചു. അന്ന് ആദ്യത്തെ ഗവൺമെന്റ് സാർവത്രിക വിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കി. നടന്നെത്താവുന്ന ദൂരത്ത് സ്‌കൂളുകൾ വന്നു.

കൂടുതൽ വിദ്യാലയങ്ങൾ ആരംഭിച്ചത് വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റം കൊണ്ടുവന്നു. അതോടൊപ്പം തന്നെ ഉന്നതവിദ്യാഭ്യാസ രംഗത്തും വളർച്ചയുണ്ടായി. പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്ക് പഠിക്കാൻ ഉതകുന്ന ഫീ സൗജന്യം വന്നു. ഒരു പാവപ്പെട്ട കുടുംബത്തിലെ കുട്ടിക്ക് ആഗ്രഹിക്കുന്നിടം വരെ പഠിച്ചുയരാനുള്ള സൗകര്യം കേരളത്തിൽ ഉണ്ടായി. ഇതിന്റെ എല്ലാം ഭാഗമായി പ്രവാസജീവിതത്തിലും മാറ്റം വന്നു. ഇപ്പോൾ നോക്കിയാൽ കഠിനമായ മനുഷ്യാധ്വാനം വേണ്ടിടത്തേക്കല്ല നമ്മുടെ ആളുകൾ  പോകുന്നത്. ലോകത്തിലെ മിക്ക രാജ്യങ്ങളിലും മലയാളിയുണ്ട്. അവിടങ്ങളിലെല്ലാം തന്ത്രപ്രധാനമായ സ്ഥാനങ്ങളിൽ ശാസ്ത്രജ്ഞരായി, അക്കാദമിക് വിദഗ്ദ്ധരായി, സാങ്കേതിക വിദഗ്ദ്ധരായി എല്ലാം മലയാളികൾ പ്രവർത്തിക്കുകയാണ്. ഈ മാറ്റം വിദ്യാഭ്യാസ രംഗത്ത് വന്ന മാറ്റത്തിലൂടെ ഉണ്ടായതാണ്.

 വലിയ തോതിലുള്ള സാമ്പത്തിക ശേഷി കൈവരിക്കാതെ തന്നെ  നമ്മുടെ ജീവിത നിലവാരത്തിൽ മാറ്റം വന്നു എന്നത് രാജ്യവും ലോകവും ശ്രദ്ധിച്ചു.  അങ്ങനെയാണ് കേരള മോഡൽ എന്ന വിശേഷണം വന്നത്. പക്ഷേ ഒരു ഘട്ടം കഴിഞ്ഞപ്പോൾ കേരളം സ്തംഭനം നേരിട്ടു.  പുരോഗതിയില്ലാത്ത അവസ്ഥയായി. അതിന്റെ ഭാഗമായി നമ്മൾ പുറകോട്ടു പോകുന്ന അവസ്ഥ വന്നു. ആ പുറകോട്ടു പോക്ക് നമ്മുടേതു പോലൊരു നാടിന് ഉണ്ടാകേണ്ടതല്ല.

  1999-ൽ അന്നത്തെ ഗവൺമെന്റ് കിഫ്ബി എന്ന സംവിധാനം രൂപപ്പെടുത്തിയിരുന്നു.  പക്ഷേ  അതിന്റെ മറ്റു തുടർപ്രവർത്തനങ്ങൾ വലിയ രീതിയിൽ നടത്തിയിട്ടില്ല എന്നു കണ്ടു.  കിഫ്ബിയെ പുനർജീവിപ്പിച്ചാൽ നമുക്ക് ഒരു സാമ്പത്തിക സ്രോതസ്സാകും, നമ്മുടെ നാടിന് ആവശ്യമായ വിഭവങ്ങൾ വിവിധ വികസന പദ്ധതികൾ നടപ്പിലാക്കാനുള്ള ഫണ്ട് അതിലൂടെ കണ്ടെത്താനാകുമെന്ന  ചിന്തയിൽ നിന്നാണ് കേരളത്തിൽ കിഫ്ബിയെ  2016 ൽ പുനർജീവിപ്പിക്കുന്നത്. അതു കൊണ്ട് ഉദ്ദേശിച്ചത്  എല്ലാ മേഖലയിലും വികസനം കൊണ്ടുവരിക എന്നുള്ളതാണ്.

കിഫ്ബിയുടെ  പദ്ധതികൾ എല്ലാ നിയോജക മണ്ഡലങ്ങളിലും വ്യാപിച്ചു കിടക്കുകയാണ്. ഒരുതരത്തിലുള്ള വേർതിരിവുമില്ലാതെ നമ്മുടെ നാടിന്റെ വികസനത്തിൽ ഊന്നിക്കൊണ്ടുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തിന് വലിയ തോതിലുള്ള മാറ്റമുണ്ട്. നമ്മുടെ സംസ്ഥാനത്തെ വിദ്യാലയങ്ങൾ നവീകരിക്കപ്പെട്ടു. അതോടൊപ്പം ക്ലാസ്റൂമുകൾ പൂർണമായും സ്മാർട്ട് ക്ലാസുകളായി.  എല്ലാവിധ സൗകര്യങ്ങളും ഒരുക്കിക്കൊണ്ട് ഇങ്ങനെയുള്ള മാറ്റം കേരളത്തിൽ സംഭവിക്കാൻ ഇടയായത് കിഫ്ബിയുടെ പങ്കാളിത്തം കൊണ്ടാണ്.

 റോഡുകളുടെയും പാലങ്ങളുടെയും മറ്റു അടിസ്ഥാന സൗകര്യങ്ങളുടെയും കാര്യത്തിലും വലിയ  മാറ്റങ്ങൾ സാധ്യമായെന്നു മുഖ്യമന്ത്രി പറഞ്ഞു.  ആരോഗ്യരംഗത്ത്  വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. അവിടെയും  കിഫ്ബി പ്രധാന പങ്കുവഹിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങൾ ആക്കുന്നു. നമ്മുടെ താലൂക്ക് ആശുപത്രി മുതൽ മെഡിക്കൽ കോളേജ് ആശുപത്രി വരെ സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ ഒരുക്കുന്നു. ഓരോന്നിന്റെയും കണക്കെടുത്താൽ കിഫ്ബി വഹിച്ച പങ്ക് വലുതാണ്.

മാതൃമരണ നിരക്ക്, ശിശുമരണ നിരക്ക് ഇതെല്ലാം വലിയ തോതിൽ കുറച്ചു കൊണ്ടുവരാൻ കേരളത്തിന് കഴിഞ്ഞു.

ലോകത്തെ ഞെട്ടിച്ച കോവിഡ് മഹാമാരി വന്നപ്പോൾ ലോകത്തെ വൻകിട രാഷ്ട്രങ്ങൾ അടക്കം അതിന്റെ മുന്നിൽ മുട്ടുകുത്തിപ്പോയി. പക്ഷേ കോവിഡിന്റെ മൂർധന്യ  ദശയിലും നമ്മൾ ഒരുക്കിയ ആരോഗ്യരംഗത്തെ സൗകര്യങ്ങൾ മറികടന്നു പോകാൻ കോവിഡിന് കഴിഞ്ഞില്ല. അപ്പോഴും നമ്മുടെ ആശുപത്രികളിൽ ബെഡുകൾ ഒഴിവുണ്ടായിരുന്നു, ഓക്സിജൻ ബെഡുകൾ ഒഴിവുണ്ടായിരുന്നു, ഐസിയു ബെഡുകൾ ഒഴിവുണ്ടായിരുന്നു, വെന്റിലേറ്റർ ഒഴിവുണ്ടായിരുന്നു.

 ഇപ്പോൾ നമ്മുടെ  രണ്ട് യൂണിവേഴ്സിറ്റികൾ എ പ്ലസ് പ്ലസ് ഗ്രേഡ് നേടിയിരിക്കുകയാണ്. രാജ്യത്തെ 12 മികച്ച  യൂണിവേഴ്സിറ്റികൾ എടുത്താൽ അതിൽ മൂന്നെണ്ണം നമ്മുടെതാണ്.  ഏതെല്ലാം തരത്തിലുള്ള മാറ്റങ്ങളാണ് നമ്മുടെ സമൂഹത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഭാവി തലമുറക്ക് നമ്മളെ കുറ്റപ്പെടുത്താൻ ആകാത്ത രീതിയിലുള്ള വികസനമാണ് നമുക്ക്  ഇപ്പോൾ നടപ്പാക്കാൻ ആയിട്ടുള്ളത്. അതിൽ ഒരു പ്രധാന പങ്ക് വഹിച്ചത് കിഫ്ബിയാണ്. നല്ല രീതിയിൽ ആ ചുമതല കിഫ്ബിക്കു നിർവഹിക്കാൻ ആയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

കേരളത്തിൽ   ഓരോ പ്രദേശത്തും വികസനത്തിനു വേണ്ടി, കൂടാതെ  പുതിയ തലമുറയ്ക്ക് ഉപയുക്തമാകുന്ന ധാരാളം പരിപാടികൾ ഉൾപ്പെടെ നടപ്പിലാക്കാൻ കഴിയുന്ന തരത്തിലേക്ക് കിഫ്ബിയുടെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും എന്ന് വിശ്വസിക്കുന്നുവെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച  ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കിഫ്ബി 25 വർഷം പൂർത്തീകരിക്കുമ്പോൾ വലിയ നേട്ടങ്ങൾ നേടിയ നമുക്ക് കൂടുതൽ ഉയരങ്ങളിലേക്ക് പോകാൻ കിഫ്ബിയുടെ പ്രവർത്തനങ്ങൾ വഴി കാണിക്കട്ടെ  എന്നും മന്ത്രി കൂട്ടിച്ചേർത്തു.

കിഫ്ബി സ്മരണികയും  (ഇംഗ്ലീഷ്, മലയാളം) കിഫ്ബി മലയാളം മാസികയും മുഖ്യമന്ത്രി പ്രകാശനം ചെയ്തു. കിഫ്ബിയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭ്യമാക്കുന്ന ബോട്ട് സോഫ്റ്റ്‌വെയറും 'കിഫ്ബിവേഴ്‌സ്' എന്ന മെറ്റവേഴ്സ് പ്രദർശനവും മുഖ്യമന്ത്രി ലോഞ്ച് ചെയ്തു. മികച്ച പദ്ധതി നിർവഹണ ഏജൻസികൾ, കരാറുകാർ തുടങ്ങിയവർക്കുള്ള  പുരസ്‌കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

ചടങ്ങിൽ കിഫ്ബി അഡീഷണൽ സി.ഇ.ഒ. മിനി ആന്റണി സ്വാഗതം പറഞ്ഞു. കിഫ്ബിയുടെ സി.ഇ.ഒ. കെ.എം. എബ്രഹാം 'നവകേരള ദർശനവും കിഫ്ബിയും' എന്ന വിഷയത്തിൽ അവതരണം നടത്തി.

മന്ത്രിമാരായ ജി. ആർ. അനിൽ, കെ രാജൻ, ജെ ചിഞ്ചുറാണി, ചീഫ് വിപ്പ് എൻ. ജയരാജ്, ലോകയുക്ത ജസ്റ്റിസ് എൻ. അനിൽ കുമാർ, വി കെ പ്രശാന്ത് എംഎൽഎ,  ചീഫ് സെക്രട്ടറി എ. ജയതിലക്, ഫിനാൻസ് അഡിഷണൽ ചീഫ്  സെക്രട്ടറി കെ. ആർ. ജ്യോതിലാൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.