28,300 മുൻഗണനാ റേഷൻ കാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിച്ചു

വിശപ്പ് രഹിത കേരളം സൃഷ്ടിക്കുന്നതിൽ സിവിൽ സപ്ലൈസ് വകുപ്പ് വലിയ പങ്കുവഹിച്ചു: മന്ത്രി ജി. ആർ. അനിൽ

Nov 5, 2025
28,300 മുൻഗണനാ റേഷൻ കാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിച്ചു
priority ration card

തിരുവനന്തപുരം :28,300 മുൻഗണനാ റേഷൻ കാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം  തിരുവനന്തപുരം പ്രസ് ക്ലബ് കോൺഫറൻസ് ഹാളിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ നിർവഹിച്ചു.വിശപ്പ് രഹിത കേരളം സൃഷ്ടിക്കുന്നതിൽ സിവിൽ സപ്ലൈസ് വകുപ്പ്  വലിയ  പങ്കുവഹിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

അർഹരായ 28,300 കുടുംബങ്ങൾക്ക് കൂടി മുൻഗണനാ റേഷൻ കാർഡ് അനുവദിക്കുകയാണ്. ഈ സർക്കാർ അധികാരത്തിൽ വന്നതുമുതൽ മുൻഗണനാ  പട്ടിക ശുദ്ധീകരിക്കാനും അർഹരായ എല്ലാവർക്കും മുൻഗണനാ  കാർഡ് നൽകുവാനുമുള്ള നടപടികൾ പല ഘട്ടങ്ങളായി നടപ്പിലാക്കിവരികയാണെന്നും മന്ത്രി പറഞ്ഞു. 

 ഇതുവരെ  5,27,861 കുടുംബങ്ങൾക്ക് മുൻഗണനാ കാർഡുകൾ തരം മാറ്റി നൽകി. സംസ്ഥാനത്ത് അനർഹരായിട്ടുള്ള 1,72,000-ൽ പരം കുടുംബങ്ങൾ അവരുടെ കൈവശമുണ്ടായിരുന്ന കാർഡ് സറണ്ടർ ചെയ്തതുകൊണ്ടാണ് അർഹതയുള്ള കുടുംബങ്ങൾക്കായി  നമുക്ക് ഈ പ്രക്രിയ ആരംഭിക്കുവാൻ സാധിച്ചത്. നവംബർ 17 മുതൽ കാർഡ് തരം മാറ്റുന്നതിന് ഓൺലൈനായി അപേക്ഷിക്കാൻ വീണ്ടും അവസരം നൽകും.

 അതിദരിദ്രർക്ക്  ഉണ്ടായിരുന്ന ക്ലേശഘടകങ്ങൾ മാറ്റിയെടുത്തുകൊണ്ടാണ് ഗവൺമെന്റ് കേരളത്തെ  അതിദരിദ്രർ  ഇല്ലാത്ത നാടായി പ്രഖ്യാപിച്ചത്. ആ പ്രഖ്യാപനം നടത്താൻ കഴിയുന്ന തലത്തിലേക്ക് കേരളത്തെ മാറ്റുന്നതിൽ, വിശപ്പ് രഹിതമായ കേരളം സൃഷ്ടിക്കുന്നതിൽ സിവിൽ സപ്ലൈസ് വകുപ്പും വലിയ  പങ്കുവഹിച്ചതായി മന്ത്രി പറഞ്ഞു. 

 അർഹതയുള്ള കുടുംബങ്ങളുടെ കയ്യിൽ മുൻഗണനാ റേഷൻ കാർഡുകൾ  എത്തിക്കാൻ  കഴിഞ്ഞു. അതിലൂടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്ന ഭക്ഷ്യധാന്യങ്ങൾ  അവരിലേക്ക്  എത്തുന്നുവെന്ന്  ഉറപ്പുവരുത്താനായി. ആദിവാസി ഉന്നതികളിൽ ഗവൺമെന്റിന്റെ ചിലവിൽ സഞ്ചരിക്കുന്ന റേഷൻകട എത്തി അവശ്യസാധനങ്ങൾ കൊടുക്കുന്ന നിലപാട് സ്വീകരിച്ചു. അഗതിമന്ദിരങ്ങളിലും അനാഥാലയങ്ങളിലും ഭക്ഷ്യധാന്യം സൗജന്യമായി എത്തിക്കുന്നുണ്ട്. സുഭിക്ഷ ഹോട്ടലുകളിലൂടെ വിലകുറച്ച് ഉച്ചഭക്ഷണം നൽകുന്നുണ്ട്. ഇങ്ങനെ വിപുലമായ നടപടികളിലൂടെ നമുക്ക് ഭക്ഷ്യഭദ്രത ഉറപ്പുവരുത്താൻ കഴിയുന്ന പ്രവർത്തനങ്ങളിലേക്ക് പോകാൻ കഴിഞ്ഞത്. കേരളത്തിലെ 138 ആദിവാസി ഉന്നതികളിൽ സഞ്ചരിക്കുന്ന റേഷൻ കട ഇന്നിപ്പോൾ യാഥാർത്ഥ്യമാണെന്ന് മന്ത്രി പറഞ്ഞു.

 അതുപോലെ 1,631 സപ്ലൈകോ വിൽപനശാലകളിലൂടെ സബ്‌സിഡി ഉൽപന്നങ്ങൾ വിലകുറച്ച് ന്യായവിലയക്ക്  എല്ലാ കാർഡ് ഉടമകൾക്കും വാങ്ങാൻ കഴിയുന്ന സാഹചര്യം ഒരുക്കിയിട്ടുണ്ട്.  ഇതെല്ലാം വിലക്കയറ്റത്തിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസം പകരാൻ കഴിഞ്ഞ നടപടികളാണ്. അതുകൊണ്ട് ആ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമായി മുന്നോട്ടു കൊണ്ടുപോകണമെന്നാണ് ഭക്ഷ്യവകുപ്പ് ആഗ്രഹിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.  ആന്റണി രാജു എം.എൽ.എ. അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ ഹിമ കെ., ജില്ലാ സപ്ലൈ ഓഫീസർ സിന്ധു കെ. വി. തുടങ്ങിയവർ പങ്കെടുത്തു. 

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.