സംസ്ഥാനത്തെ സ്കൂളുകളിൽനിന്ന് പട്ടികവർഗ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ നടപടി തുടങ്ങി
കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവത്കരണം നൽകി വിട്ടുപോയവരെ തിരിച്ചെത്തിക്കാൻ ശ്രമിക്കും.
കൊല്ലം: സംസ്ഥാനത്തെ സ്കൂളുകളിൽനിന്ന് പട്ടികവർഗ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ നടപടി തുടങ്ങി. കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവത്കരണം നൽകി വിട്ടുപോയവരെ തിരിച്ചെത്തിക്കാൻ ശ്രമിക്കും. സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളും പഠനമികവും വർധിപ്പിക്കാനും നടപടികളുണ്ട്. കൂടാതെ പട്ടികവർഗ വിഭാഗത്തിലെ കുട്ടികൾക്ക് പ്രത്യേക പരിഗണന ഉറപ്പാക്കുന്ന വിധത്തിൽ അധ്യാപകർക്കും പരിശീലനം നൽകും.കഴിഞ്ഞ അക്കാദമികവർഷത്തിൽ വിട്ടുപോയ കുട്ടികളുടെ വിവരങ്ങളും കൊഴിഞ്ഞുപോക്കിന്റെ കാരണങ്ങളും ശേഖരിക്കാൻ വിദ്യാഭ്യാസവകുപ്പ് അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം കുട്ടികളെ തിരികെ സ്കൂളിലേക്ക് എത്തിക്കാനുള്ള നടപടി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തണം. ഇവർ മറ്റേതെങ്കിലും സ്ഥലത്തുപോയി പഠിക്കുന്നുണ്ടോയെന്നും പരിശോധിക്കും. പുതിയ അക്കാദമിക വർഷത്തിൽ പട്ടികവർഗ വിഭാഗത്തിൽനിന്നു ചേരേണ്ട കുട്ടികളുടെ എണ്ണം വില്ലേജ് വിദ്യാഭ്യാസ രജിസ്റ്ററിൽനിന്നു ശേഖരിച്ച് എല്ലാവരും പ്രവേശനം നേടിയെന്ന് ഉറപ്പാക്കണം.ആദിവാസിമേഖലയിൽ വിദ്യാർഥികൾക്ക് യാത്രാസൗകര്യം ഉറപ്പാക്കാൻ പട്ടികവർഗ വകുപ്പിനെ ചുമതലപ്പെടുത്തി. ഇവിടെയുള്ള എല്ലാ വിദ്യാലയങ്ങളിലും തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രഭാതഭക്ഷണം നൽകണം. കുട്ടികൾക്ക് മേയ് അവസാനവാരത്തോടെ പാഠപുസ്തകങ്ങളും യൂണിഫോമും എത്തിക്കണം. തദ്ദേശവകുപ്പിന്റെ സഹകരണത്തോടെ ഊരുകളിൽ രക്ഷാകർതൃയോഗം മേയ് മൂന്നാംവാരത്തിനകം ചേരുന്നതിനായി സ്പെഷ്യൽ ഗ്രാമസഭ/ഊരുകൂട്ടം നടത്തും. അധ്യാപക പരിശീലനത്തിൽ ട്രൈബൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പ്രത്യേക ക്ലാസുകളും ഉണ്ടായിരിക്കും.ആദിവാസിക്കുട്ടികൾ കൂടുതലുള്ള സ്കൂളുകളിൽ പ്രത്യേക പഠന പരിപോഷണ പരിപാടികൾ ജൂൺമുതൽ ഫെബ്രുവരിവരെ സംഘടിപ്പിക്കും. ഭാഷ, ഗണിതം, ശാസ്ത്രം എന്നിവയ്ക്ക് അധിക പരിശീലനം നൽകും. കുട്ടികൾക്ക് പ്രചോദനം നൽകുന്ന പരിപാടികൾ നടത്തും.