രാജ്യസഭാ സീറ്റ്; ജോസ് കെ.മാണിക്ക് വേണമെന്ന് കേരള കോണ്‍ഗ്രസ്,വിട്ടുവീഴ്ച വേണ്ടെന്നു സി.പി.ഐ
ജോസ് കെ. മാണിയുടെ കാലാവധി ജൂലായ് ഒന്നിന് കഴിയാറായതിനാല്‍ ഒഴിവ് വരുന്ന സീറ്റിലൊന്ന് തങ്ങള്‍ക്ക് നല്‍കണമെന്നാണ് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യം
തിരുവനന്തപുരം: രാജ്യസഭാ സീറ്റ് വിഷയത്തില്‍ ഇടതുമുന്നണിയില്‍ ചരട് വലി സജീവം. രാജ്യസഭയില്‍ ഒഴിവു വരുന്ന മൂന്ന് സീറ്റില്‍ ഒന്ന് നിലവിലെ എം.പി ജോസ് കെ മാണിക്ക് തന്നെ നല്‍കണമെന്ന കേരള കോണ്‍ഗ്രസ് ആവശ്യത്തിനിടെ സീറ്റില്‍ അവകാശമുന്നയിച്ച് സി.പി.ഐ യും രംഗത്തെത്തി. മുന്നണിയില്‍ രാജ്യസഭാ സീറ്റ് സി.പി.ഐയുടെതാണെന്നും അതില്‍ വിട്ടുവീഴ്ച വേണ്ടെന്നുമാണ് സി.പി.ഐ നിലപാട്.വിഷയം ഇതുവരെ ഇടത് മുന്നണി ചര്‍ച്ച ചെയ്തിട്ടില്ല. മുന്നണി യോഗത്തില്‍ സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് സി.പി.ഐക്കുള്ളിലെ പൊതുവികാരം. നിലവിലെ നിയമസഭയിലെ അംഗബലം അനുസരിച്ച് ഇടത് മുന്നണിക്ക് രണ്ട് സീറ്റില്‍ വിജയിക്കാനാകും. ഇതില്‍ ഒന്ന് സി.പി.എമ്മിനും മറ്റൊന്ന് ഘടക കക്ഷിക്കുമായാണ് പോവുക.ജോസ് കെ. മാണിയുടെ കാലാവധി ജൂലായ് ഒന്നിന് കഴിയാറായതിനാല്‍ ഒഴിവ് വരുന്ന സീറ്റിലൊന്ന് തങ്ങള്‍ക്ക് നല്‍കണമെന്നാണ് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യം. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാട് ഇടതുമുന്നിയില്‍ ഉന്നയിക്കാനാണ് സി.പി.ഐ നീക്കം.