സ്വപ്നഭൂരിപക്ഷത്തിൽ വയനാടിന്റെ പ്രിയങ്കരിയായി പ്രിയങ്ക ഗാന്ധി
വയനാട് : കന്നിയങ്കത്തിനായി വയനാടുചുരം കയറിയ പ്രിയങ്കയെ ആ നാട് ഇരുകൈകളും ചേർത്തുപിടിച്ചു. ആ സ്നേഹസ്പർശം പ്രിയങ്കയ്ക്ക് നൽകിയത് 4,08,036 എന്ന സ്വപ്നഭൂരിപക്ഷം. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സഹോദരൻ രാഹുൽ ഗാന്ധി നേടിയ ഭൂരിപക്ഷത്തെ മറികടക്കുന്നതായി പ്രിയങ്കയുടെ അരങ്ങേറ്റം. വയനാടിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷങ്ങളിൽ രണ്ടാമത്തേത്.2009-ല്‍ രൂപീകൃതമായ മണ്ഡലം. വലിയ തിരഞ്ഞെടുപ്പ് ചരിത്രമൊന്നും അവകാശപ്പെടാനില്ലാത്ത വയനാടിന്റെ ചരിത്രം മാറിയത് 2019-ല്‍ രാഹുല്‍ ഗാന്ധിയുടെ വരവോടെയാണ്. 2024-ല്‍ രാഹുല്‍ ഗാന്ധിയുടെ പിന്‍വാങ്ങലോടെ മണ്ഡലത്തിന്റെ ചരിത്രത്തിലെ ആദ്യ ഉപതിരഞ്ഞെടുപ്പിനും കളമൊരുങ്ങി. രാഹുല്‍ ഗാന്ധി സ്ഥാനമൊഴിയുമ്പോള്‍ പകരം ആര് എന്ന ചോദ്യത്തിന് വയനാടിന് പറയാന്‍ ഒരുത്തരമേ ഉണ്ടായിരുന്നുള്ളൂ പ്രിയങ്കാ ഗാന്ധി. അവസരങ്ങള്‍ നിരവധി ഉണ്ടായിട്ടും പാര്‍ലമെന്ററി രാഷ്ട്രീയത്തോട് മുഖം തിരിച്ച പ്രിയങ്ക വയനാട്ടില്‍ വന്നു മത്സരിക്കുമോ എന്നത് അപ്പോഴും ചോദ്യമായി. ചൂടുപിടിച്ച രാഷ്ട്രീയ ചര്‍ച്ചയായി. ഒടുവില്‍ രാഹുല്‍ ഗാന്ധി തന്നെ പ്രഖ്യാപിച്ചു, വയനാട് ഞാന്‍ എന്റെ സഹോദരിയെ ഏല്‍പ്പിക്കുന്നു.
ഉത്തരേന്ത്യയില്‍ നിന്നുള്ള ഒളിച്ചോട്ടമായി പ്രിയങ്കാ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ എതിരാളികള്‍ വിമര്‍ശിച്ചപ്പോള്‍ ഇന്ത്യയില്‍ എവിടെയും മത്സരിക്കാന്‍ കഴിവും പ്രാപ്തിയുള്ള പ്രിയങ്ക വയനാടിനെ കന്നിയങ്കത്തിന് തിരഞ്ഞെടുത്തത് തങ്ങളുടെ സൗഭാഗ്യമായി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തി. 5 ലക്ഷം വോട്ടിന് പ്രിയങ്കാ ഗാന്ധിയെ ജയിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ദേശീയ നേതാക്കള്‍ ഉള്‍പ്പടെ ക്യാമ്പ് ചെയ്ത് സ്ഥാനാര്‍ഥി മണ്ഡലത്തില്‍ താമസിച്ച് നേരിട്ട് വോട്ടര്‍മാരെ കണ്ട് പ്രചരണം നടത്തി. പക്ഷെ, തിരഞ്ഞെടുപ്പ് ദിവസം കോണ്‍ഗ്രസിനും ആശങ്കകളുടേതായിരുന്നു. ആളൊഴിഞ്ഞ ബൂത്തുകള്‍ ആശങ്കയായി. നിഷ്പക്ഷ വോട്ടര്‍മാര്‍ എത്താത്തത് വെല്ലുവിളിയും. ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളില്‍ ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പായിട്ട് പോലും പ്രിയങ്കാ ഗാന്ധിയും കോണ്‍ഗ്രസും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്.