തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിന് തിരിച്ചടി
ആന്റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതൽ കേസിൽ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി : തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിന് തിരിച്ചടി. കേസിൽ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി ഉത്തരവ്. ഹൈകോടതി വിധിക്കെതിരെ ആന്റണി രാജു നല്കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി. ഹൈകോടതി ഉത്തരവിൽ പിഴവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിചാരണ നേരിടണമെന്നും ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും കോടതി നിർദ്ദേശം നൽകി.
ജസ്റ്റിസ് സി.ടി. രവികുമാർ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. മുൻ ഗതാഗത മന്ത്രിയും അഭിഭാഷകനുമായ ആന്റണി രാജു മയക്കുമരുന്ന് കേസിലെ പ്രതിയായ വിദേശപൗരനെ രക്ഷിക്കാൻ തൊണ്ടിമുതൽ മാറ്റിയെന്ന ആരോപണം ഗുരുതരമാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.
1990 ഏപ്രില്‍ നാലിന് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച മയക്കുമരുന്നുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായ ആസ്ട്രേലിയന്‍ പൗരനെ രക്ഷിക്കാന്‍ കോടതിയിലിരുന്ന തൊണ്ടിമുതല്‍ മാറ്റിയെന്നാണ് കേസ്. സെഷന്‍സ് കോടതി ശിക്ഷിച്ച പ്രതിയെ ഹൈകോടതിയിൽ നിന്ന് രക്ഷപ്പെടുത്താന്‍ തൊണ്ടിയായ അടിവസ്ത്രം മാറ്റിവെച്ചുവെന്നാണ് ആന്റണി രാജുവിനെതിരായ കുറ്റാരോപണം.
മാറ്റിവെച്ച അടിവസ്ത്രം പ്രതിക്ക് പാകമല്ലെന്നു കണ്ട് ആസ്ട്രേലിയൻ പൗരനെ ഹൈകോടതി വെറുതെവിടുകയും ചെയ്തു. ആന്റണി രാജു, കോടതി ജീവനക്കാരനായ ജോസ് എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ.