ജൽ ജീവൻ മിഷൻ 2026 മാർച്ച് മാസത്തോടെ പൂർത്തിയാക്കി മുഴുവൻ കണക്ഷനും നൽകും
ജൽ ജീവൻ മിഷൻ പദ്ധതിയുടെ പുരോഗതി സംബന്ധിച്ചും പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ ഇട്ട റോഡുകളുടെ പുനരുദ്ധാരണം സംബന്ധിച്ചും നിയമസഭയിലെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്
കുറ്റ്യാടി: ജൽ ജീവൻ മിഷൻ പദ്ധതി 2026 മാർച്ച് മാസത്തോടെ പൂർത്തിയാക്കി അപേക്ഷ നൽകിയ മുഴുവൻ പേർക്കും കണക്ഷൻ നൽകാൻ കഴിയുമെന്ന് കെ.പി. കുഞ്ഞമ്മത് കുട്ടി എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ അറിയിച്ചു. കുറ്റ്യാടി നിയോജക മണ്ഡലത്തിൽ മാത്രം 521.97 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച ജൽ ജീവൻ മിഷൻ പദ്ധതി വഴി 48,821 കണക്ഷനുകൾ നൽകാൻ പദ്ധതിയുള്ളതായും, 2026 മാർച്ച് മാസത്തോടെ പദ്ധതി പൂർത്തിയാക്കി മുഴുവൻ കണക്ഷനും നൽകാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി അറിയിച്ചു.ജൽ ജീവൻ മിഷൻ പദ്ധതിയുടെ പുരോഗതി സംബന്ധിച്ചും പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ ഇട്ട റോഡുകളുടെ പുനരുദ്ധാരണം സംബന്ധിച്ചും നിയമസഭയിലെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. തിരുവള്ളൂർ, ആയഞ്ചേരി, മണിയൂർ പഞ്ചായത്തുകളിലെ ചില പ്രവൃത്തികൾ കരാറുകാർ ഏറ്റെടുക്കാത്ത സാഹചര്യമുണ്ടെന്നും നിയോജക മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലേക്ക് ജലവിതരണം നടത്താൻ പ്രധാനമായും മൂന്ന് പദ്ധതികൾ വഴിയാണ് സാധ്യമാക്കുന്നതെന്നും അറിയിച്ചു.കുറ്റ്യാടി നിയോജക മണ്ഡലത്തിലെ പുറമേരി, വേളം, വില്യാപ്പള്ളി പഞ്ചായത്തുകളിൽ വിതരണ ശൃംഖലയും ജലസംഭരണികളും സ്ഥാപിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നു. കിണർ, ശുദ്ധീകരണശാല, പ്രധാന ട്രാൻസ്മിഷൻ പൈപ്പ് ലൈൻ എന്നിവ ടെൻഡർ ചെയ്തു പ്രവൃത്തി നടത്താൻ ഉത്തരവ് നൽകിയിട്ടുമുണ്ട്. തിരുവള്ളൂർ, ആയഞ്ചേരി, മണിയൂർ പഞ്ചായത്തുകളിൽ ജലവിതരണം നടത്താൻ ഉദ്ദേശിക്കുന്ന വിതരണ ശൃംഖലകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ നടന്നുവരുന്നു. കിണർ, ശുദ്ധീകരണശാല, പ്രധാന പൈപ്പ് ലൈൻ, ബൂസ്റ്റർ സ്റ്റേഷൻ, ജലസംഭരണികൾ എന്നിവ നിർമിക്കേണ്ട പ്രവൃത്തികൾ നിരവധി തവണ ടെൻഡർ ചെയ്തെങ്കിലും, കരാറുകൾ ഏറ്റെടുക്കാത്ത അവസ്ഥയുണ്ട്. കുന്നുമ്മൽ ഗ്രാമപഞ്ചായത്തിൽ പ്രവൃത്തികൾ പൂർത്തീകരിച്ചു.