മുഖ്യമന്ത്രിയുമായി നബാർഡ് സിജിഎം കൂടിക്കാഴ്ച നടത്തി
കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും കാർഷിക മുന്നേറ്റത്തിനും നബാർഡിന്റെ പൂർണ പിന്തുണ തുടരുമെന്ന് നബാർഡ് കേരള റീജിയണൽ ചീഫ് ജനറൽ മാനേജർ നഗേഷ് കുമാർ അനുമാല നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന കൂടിക്കാഴ്ചയിൽ അറിയിച്ചു. സംസ്ഥാനത്ത് നബാർഡ് നടപ്പിലാക്കി വരുന്ന വിവിധ വികസന പദ്ധതികളുടെയും വരുംകാല പദ്ധതികളുടെയും പുരോഗതി സിജിഎം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു. സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച അടിസ്ഥാന സൗകര്യ വികസനം, തീരദേശ സംരക്ഷണം, കാർഷിക പുരോഗതി, കണക്റ്റിവിറ്റി പദ്ധതികൾ എന്നിവയ്ക്ക് നബാർഡിന്റെ ശക്തമായ പിന്തുണ ലഭ്യമാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, ജലജീവൻ മിഷന്റെ ഭാഗമായി കേരള വാട്ടർ അതോറിറ്റി നടപ്പിലാക്കുന്ന പദ്ധതികൾ, കിഫ്ബി, ഫുഡ് പാർക്കുകൾ എന്നിവയ്ക്കുള്ള നബാർഡിന്റെ ധനസഹായവും പങ്കാളിത്തവും ചർച്ചയിൽ പ്രധാന വിഷയങ്ങളായി. കേരളത്തിന്റെ വികസന രംഗത്ത് നബാർഡിന്റെ സാമ്പത്തിക സഹായം നിർണായക പങ്കാണ് വഹിച്ചുവരുന്നതെന്ന് കൂടിക്കാഴ്ചയിൽ വിലയിരുത്തി. നബാർഡ് മുഖേന നടപ്പിലാക്കുന്ന വിവിധ സർക്കാർ പദ്ധതികളുടെ പുരോഗതിയും സിജിഎം മുഖ്യമന്ത്രിയെ ധരിപ്പിച്ചു. കേരള സർക്കാരിന്റെ വികസന വീക്ഷണത്തോട് ചേർന്ന് കാർഷിക മേഖലയിലെ ആധുനികവത്കരണം, പുതിയ സാങ്കേതികവിദ്യകളുടെ പ്രചാരം, കാർഷിക സംരംഭങ്ങൾക്ക് പിന്തുണ, ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനം എന്നിവയിൽ നബാർഡ് സജീവ പങ്കാളിത്തം വഹിക്കുമെന്നും കൂടിക്കാഴ്ചയിൽ ഉറപ്പുനൽകി.


