936 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 8 സുപ്രധാന ദേശീയ അതിവേഗ റോഡ് ഇടനാഴി പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭായോഗത്തിന്റെ അംഗീകാരം

Union Cabinet approves 8 important National Expressway Corridor projects with a length of 936 km

Aug 3, 2024
936 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 8 സുപ്രധാന ദേശീയ അതിവേഗ റോഡ് ഇടനാഴി പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭായോഗത്തിന്റെ അംഗീകാരം
ലോജിസ്റ്റിക് കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും തിരക്ക് കുറയ്ക്കുന്നതിനും രാജ്യത്തുടനീളം സമ്പര്‍ക്കസൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനുമായി 50,655 കോടി രൂപ മൊത്തം മൂലധനച്ചെലവില്‍ 936 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 8 സുപ്രധാന ദേശീയ അതിവേഗ റോഡ് ഇടനാഴി പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭായോഗത്തിന്റെ അംഗീകാരം
ആഗ്രയ്ക്കും ഗ്വാളിയോറിനും ഇടയിലുള്ള യാത്രാ സമയം 50% കുറയും.

പശ്ചിമ ബംഗാളിന്റെയും വടക്കുകിഴക്കന്‍ മേഖലയുടെയും സമ്പദ്‌വ്യവസ്ഥയെ പരിവര്‍ത്തനം ചെയ്യാന്‍ ഖരഗ്പുര്‍ - മോർഗ്രാം ഇടനാഴി

കാണ്‍പുരിന് ചുറ്റുമുള്ള ഹൈവേ ശൃംഖലകളിലെ ഗതാഗതക്കുരുക്ക് കാണ്‍പുര്‍ റിങ് റോഡ് വഴി കുറയ്ക്കും

റായ്പുര്‍-റാഞ്ചി ഇടനാഴിയുടെ പൂര്‍ത്തീകരണത്തിലൂടെ ഝാര്‍ഖണ്ഡിന്റെയും ഛത്തീസ്ഗഡിന്റെയും വളര്‍ച്ചയ്ക്ക് കുതിപ്പേകും

തടസ്സമില്ലാത്ത തുറമുഖ സമ്പര്‍ക്കസൗകര്യത്തിനും ലോജിസ്റ്റിക് ചെലവ് കുറയ്ക്കുന്നതിനുമായി ഗുജറാത്തിലെ അതിവേഗ റോഡ് ശൃംഖല പൂര്‍ത്തിയാക്കാന്‍ ഥരാദിനും അഹമ്മദാബാദിനും ഇടയിൽ പുതിയ ഇടനാഴി

വടക്കുകിഴക്കന്‍ മേഖലയിലേക്കുള്ള തടസ്സമില്ലാത്ത പ്രവേശനം സുഗമമാക്കുന്നതിന് ഗുവാഹത്തി റിങ് റോഡ്

അയോധ്യയിലേക്കുള്ള യാത്രയ്ക്ക് ഇനി വേഗം കൂടും

പുണെയ്ക്കും നാസിക്കിനും ഇടയിലുള്ള 8 വരി എലിവേറ്റഡ് ഫ്‌ലൈഓവര്‍ ഇടനാഴി ഭാഗം ലോജിസ്റ്റിക് പേടിസ്വപ്നം ഇല്ലാതാക്കും
ന്യൂഡല്‍ഹി : 01 ഓഗസ്റ്റ്  2024

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ മന്ത്രിസഭാസമിതി രാജ്യത്തുടനീളം 50,655 കോടി രൂപ ചെലവില്‍ 936 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 8 സുപ്രധാന ദേശീയ അതിവേഗ ഇടനാഴി പദ്ധതികളുടെ വികസനത്തിന് അംഗീകാരം നല്‍കി. ഈ 8 പദ്ധതികള്‍ നടപ്പിലാക്കുന്നതിലൂടെ പ്രത്യക്ഷമായും പരോക്ഷമായും 4.42 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് കണക്കാക്കപ്പെടുന്നു.
പദ്ധതി സംഗ്രഹം:
1. ആറ് വരി ആഗ്ര- ഗ്വാളിയോര്‍ ദേശീയ അതിവേഗ ഇടനാഴി:
മൊത്തം 4,613 കോടി മൂലധനച്ചെലവില്‍ 88 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിവേഗ ഇടനാഴി, ബില്‍ഡ്-ക്യുപറേറ്റ്-ട്രാന്‍സ്ഫര്‍ (ബിഒടി) മോഡില്‍ പൂര്‍ണ്ണ പ്രവേശന നിയന്ത്രിത 6-വരി ഇടനാഴിയായി വികസിപ്പിക്കും. വടക്ക് തെക്ക് ഇടനാഴിയിലെ (ശ്രീനഗര്‍- കന്യാകുമാരി) ആഗ്ര- ഗ്വാളിയോര്‍ ഭാഗത്തില്‍ ഗതാഗത ശേഷി 2 മടങ്ങ് വര്‍ദ്ധിപ്പിക്കുന്നതിന് നിലവിലുള്ള 4-വരി ദേശീയ പാതയ്ക്ക് അനുബന്ധമായി ഈ പദ്ധതി വർത്തിക്കും. ഈ ഇടനാഴി ഉത്തര്‍പ്രദേശിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും (ഉദാ. താജ്മഹല്‍, ആഗ്ര കോട്ട, മുതലായവ) മധ്യപ്രദേശിലേക്കും (ഉദാ. ഗ്വാളിയോര്‍ കോട്ട മുതലായവ) സമ്പര്‍ക്കസൗകര്യം വര്‍ദ്ധിപ്പിക്കും. ഇത് ആഗ്രയും ഗ്വാളിയോറും തമ്മിലുള്ള ദൂരം 7% കുറയ്ക്കുകയും യാത്രാ സമയം 50% കുറയ്ക്കുകയും അതുവഴി ലോജിസ്റ്റിക്‌സ് ചെലവില്‍ ഗണ്യമായ കുറവ് വരുത്തുകയും ചെയ്യും.
ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഡിസൈൻ കിലോമീറ്റർ 0.000 (ആഗ്ര ജില്ലയിലെ ദേവറി ഗ്രാമത്തിന് സമീപം) നിന്നാരംഭിക്കുന്ന ആറുവരി പ്രവേശന നിയന്ത്രിത ആഗ്ര-ഗ്വാളിയർ ഗ്രീൻഫീൽഡ് ഹൈവേ ഡിസൈൻ കിലോമീറ്റർ 88-400 വരെയാണ്  (ആഗ്ര ജില്ലയിലെ ദേവറി ഗ്രാമത്തിന് സമീപം). എൻഎച്ച് -44 ന്റെ നിലവിലുള്ള ആഗ്ര-ഗ്വാളിയർ ഭാഗത്തിന്റെ ശക്തിപ്പെടുത്തൽ, മറ്റ് റോഡ് സുരക്ഷ, മെച്ചപ്പെടുത്തൽ ജോലികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
2. നാലുവരി ഖരഗ്പുർ - മോറെഗ്രാം ദേശീയ അതിവേഗ ഇടനാഴി:
ഖരഗ്പുരിനും മോർഗ്രാമിനും ഇടയിലുള്ള 231 കിലോമീറ്റർ 4-വരി പ്രവേശന നിയന്ത്രിത അതിവേഗ ഇടനാഴി ഹൈബ്രിഡ് ആന്വിറ്റി മോഡിൽ (എച്ച്എഎം) 10,247 കോടി രൂപ മൂലധനച്ചെലവിൽ വികസിപ്പിക്കും. ഖരഗ്പുരിനും മോർഗ്രാമിനുമിടയിൽ ഗതാഗത ശേഷി 5 മടങ്ങ് വർധിപ്പിക്കുന്നതിന് നിലവിലുള്ള രണ്ടുവരി ദേശീയ പാതയ്ക്ക് പുതിയ ഇടനാഴി അനുബന്ധമാകും. പശ്ചിമ ബംഗാൾ, ഒഡിഷ, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ തമ്മിലുള്ള ഗതാഗതത്തിന് ഇത് ഒരു ഭാഗത്തും, മറുവശത്ത് രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗവും തമ്മിലുള്ള കാര്യക്ഷമമായ സമ്പർക്കസൗകര്യം ഒരുക്കാൻ ഇതിനു കഴിയും. ഖരഗ്പുരിനും മോർഗ്രാമിനും ഇടയിലുള്ള ചരക്ക് വാഹനങ്ങൾക്ക് നിലവിൽ 9 മുതൽ 10 മണിക്കൂർ വരെയുള്ള യാത്രാ സമയം 3 മുതൽ 5 മണിക്കൂർ വരെയായി കുറയ്ക്കാൻ ഇടനാഴി സഹായിക്കും. അതുവഴി ലോജിസ്റ്റിക് ചെലവ് കുറയും.
3. ആറുവരി ഥരാദ് - ദീസ - മെഹ്‌സാന - അഹമ്മദാബാദ് ദേശീയ അതിവേഗ ഇടനാഴി:
214-കിലോമീറ്റർ ആറുവരി അതിവേഗ ഇടനാഴി ബിൽഡ് - ഓപ്പറേറ്റ് - ട്രാൻസ്ഫർ (ബിഒടി) മോഡിൽ 10,534 കോടി രൂപ മൂലധനച്ചെലവിൽ വികസിപ്പിക്കും. ഗുജറാത്ത് സംസ്ഥാനത്തെ രണ്ട് പ്രധാന ദേശീയ ഇടനാഴികളായ അമൃത്‌സർ - ജാംനഗർ ഇടനാഴി, ഡൽഹി - മുംബൈ അതിവേഗപാത എന്നിവ തമ്മിൽ കൂട്ടിയിണക്കാൻ ഥരാദ് - അഹമ്മദാബാദ് ഇടനാഴിക്കു കഴിയും. അതുവഴി പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലെ വ്യാവസായിക മേഖലകളിൽ നിന്ന് മഹാരാഷ്ട്രയിലെ പ്രധാന തുറമുഖങ്ങളിലേക്ക് (ജെഎൻപിടി, മുംബൈ, പുതുതായി അനുവദിച്ച വാധ്‌വൻ തുറമുഖം) ചരക്ക് വാഹനങ്ങൾക്ക് തടസ്സമില്ലാത്ത സമ്പർക്കസൗകര്യം നൽകും. ഇടനാഴി രാജസ്ഥാനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും (ഉദാ. മെഹ്‌റാൻഗഢ് കോട്ട, ദിൽവാര ക്ഷേത്രം മുതലായവ) ഗുജറാത്തിലേക്കും (ഉദാഹരണത്തിന്, റാണി കാ വാവ്, അംബാജി ക്ഷേത്രം മുതലായവ) സമ്പർക്കസൗകര്യമൊരുക്കും. ഇത് ഥരാദിനും അഹമ്മദാബാദിനും ഇടയിലുള്ള ദൂരം 20% കുറയ്ക്കുകയും യാത്രാ സമയം 60% കുറയ്ക്കുകയും അതുവഴി ലോജിസ്റ്റിക് കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യും.
4. നാലുവരി അയോദ്ധ്യ റിംഗ് റോഡ്:
ഹൈബ്രിഡ് ആന്വിറ്റി മാതൃകയിലാണ് (എച്ച്.എ.എം) മൊത്തം മൂലധചെലവ് 3,935കോടി രൂപയുള്ള 68-കിലോമീറ്റര്‍ നാലുവരി ആക്‌സസ്-നിയന്ത്രിത അയോദ്ധ്യ റിംഗ് റോഡ് വികസിപ്പിക്കുക. ഈ റിംഗ്‌റോഡ് എന്‍.എച്ച് 27 (കിഴക്കുപടിഞ്ഞാറന്‍ ഇടനാഴി), എന്‍.എച്ച് 227 എ, എന്‍.എച്ച് 227ബി, എന്‍.എച്ച് 330, എന്‍.എച്ച് 330എ, എന്‍.എച്ച് 135എ എന്നീ നഗരത്തിലൂടെ കടന്നുപോകുന്ന ദേശീയപാതകളുടെ തിരക്ക് കറുയ്ക്കുകയും അതിലൂടെ രാമക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടകര്‍ക്ക് അതിവേഗ സഞ്ചാരം സാദ്ധ്യമാക്കുകയും ചെയ്യും. ലഖ്നൗ അന്താരാഷ്ട്ര വിമാനത്താവളം, അയോദ്ധ്യ വിമാനത്താവളം, നഗരത്തിലെ പ്രധാന റെയില്‍വേ സ്‌റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ നിന്ന് എത്തുന്ന ദേശീയ അന്തര്‍ദേശീയ വിനോദസഞ്ചാരികള്‍ക്ക് റിംഗ് റോഡ് തടസ്സമില്ലാത്ത ബന്ധിപ്പിക്കല്‍ ലഭ്യമാക്കും.
5. റായ്പൂര്‍-റാഞ്ചി ദേശീയപാത അതിവേഗ ഇടനാഴിയിലെ പഥല്‍ഗാവിനും ഗുംലയ്ക്കും ഇടയിലുള്ള നാലുവരി ഭാഗം:
റായ്പൂര്‍ - റാഞ്ചി ഇടനാഴിയിലെ 137-കി.മി 4-ലെയ്ന്‍ ആക്‌സസ് നിയന്ത്രിത പാതല്‍ഗാവ് - ഗുംല വിഭാഗം ഹൈബ്രിഡ് ആന്വിറ്റി മാതൃകയി (എച്ച്.എ.എം) വികസിപ്പിക്കും. ഈ ഇടനാഴി മുഴുവനും പൂര്‍ത്തിയാക്കാന്‍ 4,473 കോടിരൂപയാണ് മൂലധനചെലവ്. ഇത് ഗുംല, ലോഹര്‍ദാഗ, റായ്ഗഡ്, കോര്‍ബ, ധന്‍ബാദ് എന്നിവിടങ്ങളിലെ ഖനന മേഖലകളും റായ്പൂര്‍, ദുര്‍ഗ്, കോര്‍ബ, ബിലാസ്പൂര്‍, ബൊക്കാറോ, ധന്‍ബാദ് എന്നിവിടങ്ങളിലെ വ്യാവസായിക, ഉല്‍പ്പാദന മേഖലകളും തമ്മിലുള്ള ബന്ധം വര്‍ദ്ധിപ്പിക്കും.
ദേശീയ പാത-43-ന്റെ പാതല്‍ഗാവ്-കുങ്കുന്‍-ഛത്തീസ്ഗഡ്/ജാര്‍ഖണ്ഡ് ബോര്‍ഡര്‍-ഗുംല-ഭാര്‍ദ ഭാഗത്തിന്റെ 4-വരി, തുറുവ അമാ ഗ്രാമത്തിന് സമീപം ദേശീയ പാത-130എ യുടെ അവസാന പോയിന്റില്‍ നിന്ന് ആരംഭിച്ച് റായ്പൂര്‍-ധന്‍ബാദ് സാമ്പത്തിക ഇടനാഴിയുടെ ഭാഗമായ ഭദ്ര ഗ്രാമത്തിന് സമീപമുള്ള പല്‍മ-ഗുംല റോഡില്‍ ചൈനേജ് 82 - 150-ല്‍ അവസാനിക്കും.
6. ആറുവരി കാണ്‍പൂര്‍ റിംഗ് റോഡ്:
കാണ്‍പൂര്‍ റിംഗ് റോഡിന്റെ ആക്‌സസ്-നിയന്ത്രിത 47-കിലോമീറ്റര്‍ ആറുവരി വിഭാഗം മൊത്തം 3,298 കോടിരൂപയുടെ മൂലധന ചെലവില്‍ എന്‍ജിനീയറിംഗ്, പ്രൊക്യുര്‍മെന്റ് (സംഭരണം), കണ്‍സ്ട്രക്ഷന്‍ (നിര്‍മ്മാണം) മാതൃകയില്‍ (ഇ.പി.സി) വികസിപ്പിക്കും. കാണ്‍പൂരിന് ചുറ്റുമുള്ള 6-വരി ദേശീയപാത വളയം ഈ ഭാഗം പൂര്‍ത്തിയാക്കും. എന്‍.എച്ച് 19 ഗോള്‍ഡന്‍ ക്വാഡ്രിലാറ്ററല്‍, എന്‍.എച്ച് 27 കിഴക്കുപടിഞ്ഞാറന്‍ ഇടനാഴി, എന്‍.എച്ച് 34 എന്നീ പ്രധാനപ്പെട്ട ദേശീയപാതകളിലേയും, വരാനിരിക്കുന്ന ലഖ്നൗ - കാണ്‍പൂര്‍ അതിവേഗ പാത, ഗംഗ അതിവേഗ പാത എന്നിവിടങ്ങളിലെ ദീര്‍ഘദൂര ഗതാഗതത്തെ നഗരത്തിലേക്കുള്ള ട്രാഫിക്കില്‍ നിന്ന് വേര്‍തിരിക്കുന്നതിന് റിംഗ് റോഡ് സഹായിക്കും. അതുവഴി ഉത്തര്‍പ്രദേശ്, ഡല്‍ഹി, ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലേയ്ക്കുള്ള ചരക്ക് യാത്രയുടെ ലോജിസ്റ്റിക് കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യും.
ആറുവരി ഗ്രീന്‍ഫീല്‍ഡ് കാണ്‍പൂര്‍ റിംഗ് റോഡ് ഡിസൈന്‍ ചെയിനേജ് (സി.എച്ച്) 23-325 മുതല്‍ ഡിസൈന്‍ സി.എച്ച് 68-650 (നീളം = 46.775 കി.മീ)വരെ യായിരിക്കും വിമാനത്താവള ബന്ധിത റോഡിനൊപ്പം (നീളം = 1.45 കി.മീ).
7. നാലുവരി വടക്കന്‍ ഗുവാഹത്തി ബൈപാസും നിലവിലുള്ള ഗുവാഹത്തി ബൈപാസിന്റെ വീതി കൂട്ടലും/മെച്ചപ്പെടുത്തലും:
മൊത്തം മൂലധന ചെലവ് 5,729 കോടി രൂപ വരുന്ന 121-കിലോമീറ്റര്‍ ഗുവാഹത്തി റിംഗ് റോഡ് ബില്‍ഡ് ഓപ്പറേറ്റ് ടോള്‍ (ബി.ഒ.ടി) മാതൃകയില്‍ വികസിപ്പിക്കും. . നാലുവരി ആക്‌സസ്-നിയന്ത്രിത വടക്കന്‍ ഗുവാഹത്തി ബൈപാസ് (56 കി.മീ), എന്‍.എച്ച് 27ല്‍ നിലവിലുള്ള നാലുവരി ബൈപാസ് 6 ലെയ്‌നുകളാക്കി വീതികൂട്ടുക (8 കി.മീ.), എന്‍.എച്ച് 27ല്‍ നിലവിലുള്ള ബൈപാസ് മെച്ചപ്പെടുത്തുക (58 കിലോമീറ്റര്‍) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ ഭാഗമായി ബ്രഹ്‌മപുത്ര നദിക്ക് കുറുകെ ഒരു വലിയ പാലവും നിര്‍മ്മിക്കും. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയിലേക്കുള്ള പ്രവേശന കവാടമായ ദേശീയ പാത 27-യിലൂടെ (കിഴക്ക് പടിഞ്ഞാറന്‍ ഇടനാഴി) യുള്ള ദീര്‍ഘദൂര ഗതാഗതത്തിന് ഗുവാഹത്തി റിംഗ് റോഡ് തടസ്സമില്ലാത്ത ബന്ധിപ്പിക്കല്‍ നല്‍കും. മേഖലയിലെ പ്രധാന നഗരങ്ങള്‍/പട്ടണങ്ങളായ സിലിഗുരി, സില്‍ച്ചാര്‍, ഷില്ലോങ്, ജോര്‍ഹട്ട്, തേസ്പൂര്‍, ജോഗിഗോഫ, ബാര്‍പേട്ട എന്നീവയെ ബന്ധിപ്പിച്ചുകൊണ്ട്, ഗുവാഹത്തിക്ക് ചുറ്റുമുള്ള പ്രധാന ദേശീയ പാതകളിലെ തിരക്ക് റിങ്് റോഡ് ലഘൂകരിക്കും.
8.  പൂനെയ്ക്കു സമീപം നാസിക് ഫാട്ട - ഖേദ് എട്ടു വരി എലവേറ്റഡ് ഇടനാഴി:
നാസിക് ഫാട്ട മുതല്‍ പൂനെയ്ക്ക് സമീപം ഖേഡ് വരെ, 30 കിലോമീറ്റര്‍ 8 വരി എലിവേറ്റഡ് ദേശീയ അതിവേഗ ഇടനാഴി, ബിഒടി (നിര്‍മിച്ചു പ്രവര്‍ത്തിപ്പിച്ചു കൈമാറുക) പ്രകാരം മൊത്തം 7,827 കോടി മൂലധനച്ചെലവില്‍ വികസിപ്പിക്കും. പൂനെയ്ക്കും നാസിക്കിനും ഇടയിലുള്ള എന്‍എച്ച്-60-ലെ ചകന്‍, ഭോസാരി തുടങ്ങിയ വ്യാവസായിക കേന്ദ്രങ്ങളില്‍ നിന്നുള്ള ഗതാഗതത്തിന് തടസ്സമില്ലാത്ത അതിവേഗ സൗകര്യം എലിവേറ്റഡ് ഇടനാഴി നല്‍കും. മാത്രമല്ല, പിംപ്രിക്കും ചിഞ്ച്വാഡിന് ചുറ്റുമുള്ള ഗുരുതരമായ ഗതാഗതക്കുരുക്ക് തിരക്ക് ലഘൂകരിക്കുകയും ചെയ്യും.
മഹാരാഷ്ട്ര സംസ്ഥാനത്തെ ചഒ60 ന്റെ ഭാഗത്തെ കടല്‍പ്പാലത്തിലെ ഒന്നാം നിര 8-വരി എലിവേറ്റഡ് മേല്‍പ്പാത, നാസിക് ഫാറ്റയുടെ ഇരുവശങ്ങളിലും ഖേഡിലേക്കുള്ള 2 വരി സര്‍വീസ് റോഡും ഉള്‍പ്പെടെ 4/6 വരിയായി നവീകരിക്കും.
പശ്ചാത്തലം:
അടിസ്ഥാന സൗകര്യ വികസനം ഒരു രാജ്യത്തിന്റെ സാമ്പത്തിക അഭിവൃദ്ധിയുടെ അടിത്തറയാണ്, പൗരന്മാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് അത് നിര്‍ണായകമാണ്. അടിസ്ഥാന സൗകര്യ വികസനത്തിനായി ചെലവഴിക്കുന്ന ഓരോ രൂപയ്ക്കും ജിഡിപിയില്‍ ഏകദേശം 2.5-3.0 മടങ്ങ് ഗുണനഫലമുണ്ട്.
രാജ്യത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക വളര്‍ച്ചയില്‍ അടിസ്ഥാന സൗകര്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ കേന്ദ്ര ഗവണ്‍മെന്റ് കഴിഞ്ഞ പത്ത് വര്‍ഷമായി രാജ്യത്ത് ലോകോത്തര റോഡ് അടിസ്ഥാന സൗകര്യം നിര്‍മ്മിക്കുന്നതിന് വന്‍തോതില്‍ നിക്ഷേപം നടത്തുന്നു. 2013-14 ലെ 0.91 ലക്ഷം കിലോമീറ്ററില്‍ നിന്ന് ഇപ്പോള്‍ 1.46 ലക്ഷം കിലോമീറ്ററായി ദേശീയ പാതകളുടെ (എന്‍എച്ച്) നീളം 6 മടങ്ങ് വര്‍ദ്ധിച്ചു. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ദേശീയ പാതകള്‍ അനുവദിക്കുന്നതിന്റെയും നിര്‍മ്മാണത്തിന്റെയും വേഗതയില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.  ഉദാഹരണത്തിന്, എന്‍എച്ച് കരാറുകളുടെ ശരാശരി വാര്‍ഷിക വേഗത 2004-14 ലെ 4,000 കിലോമീറ്ററില്‍ നിന്ന് 2.75 മടങ്ങ് വര്‍ദ്ധിച്ച് 2014-24ല്‍ 11,000 കിലോമീറ്റര്‍ ആയി. അതുപോലെ, ദേശീയ പാതകളുടെ ശരാശരി വാര്‍ഷിക നിര്‍മ്മാണവും 2004-14ലെ ഏകദേശം 4,000 കിലോമീറ്ററില്‍ നിന്ന് 2014-24 ല്‍ ഏകദേശം 9,600 കിലോമീറ്ററായി 2.4 മടങ്ങ് വര്‍ദ്ധിച്ചു. സ്വകാര്യ നിക്ഷേപം ഉള്‍പ്പെടെ ദേശീയ പാതകളിലെ മൊത്തം മൂലധന നിക്ഷേപം 2013-14ലെ 50,000 കോടി രൂപയില്‍ നിന്ന് 2023-24ല്‍  ആറു മടങ്ങ് വര്‍ധിച്ച് 3.1 ലക്ഷം കോടി രൂപയായി.
കൂടാതെ, പ്രാദേശിക തിരക്ക് പരിഹരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്, നേരത്തെയുള്ള പദ്ധതി അധിഷ്ഠിത വികസന സമീപനവുമായി താരതമ്യപ്പെടുത്തുമ്പോള്‍, സ്ഥിരമായ മാനദണ്ഡങ്ങള്‍, ഉപഭോക്തൃ സൗകര്യം, ചരക്കു ഗതാഗത കാര്യക്ഷമത എന്നിവ ഉറപ്പാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഇടനാഴി അടിസ്ഥാനമാക്കിയുള്ള ദേശീയ പാതാ അടിസ്ഥാനസൗകര്യ വികസന സമീപനമാണ് ഗവണ്‍മെന്റ് സ്വീകരിച്ചിരിക്കുന്നത്.  ഈ ഇടനാഴി വികസന സമീപനം 2047-ഓടെ 30+ ലക്ഷം കോടി ഡോളര്‍ സമ്പദ്വ്യവസ്ഥയായി ഇന്ത്യയെ മാറ്റുന്നതിന് പിന്തുണയ്ക്കു ന്നതിനായി ജിഎസ്റ്റിഎന്‍, ടോള്‍ ഡാറ്റ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രീയ ഗതാഗത പഠനത്തിലൂടെ 50,000 കിലോമീറ്റര്‍ അതിവേഗ ഹൈവേ ഇടനാഴികളുടെ ഒരു ശൃംഖല രൂപപ്പെടുത്തുന്നതിലേക്ക് നയിച്ചു.
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.