തെരുവുനായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ തീര്‍പ്പാക്കി സുപ്രീംകോടതി
023-ലെ എബിസി ചട്ടങ്ങള്‍ നിലവില്‍ വന്ന സാഹചര്യത്തില്‍ പഴയ ചട്ടങ്ങളെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് കോടതി പറഞ്ഞു.
ന്യൂഡല്‍ഹി: തെരുവുനായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ തീര്‍പ്പാക്കി സുപ്രീംകോടതി. 2023-ലെ എബിസി(അനിമല്‍ ബെര്‍ത്ത് കണ്ട്രോള്) ചട്ടങ്ങള്‍ നിലവില്‍ വന്ന സാഹചര്യത്തില്‍ പഴയ ചട്ടങ്ങളെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് കോടതി പറഞ്ഞു.പുതിയ ചട്ടങ്ങള്‍ സംബന്ധിച്ച് എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ അതത് ഹൈക്കോടതികളെ സമീപിക്കാനും കോടതി നിര്‍ദേശം നല്കി. ജസ്റ്റീസ് ജെ.കെ.മഹേശ്വരി, ജസ്റ്റീസ് സഞ്ജയ് കരോള്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്, കേരള സര്‍ക്കാര്‍ എന്നിവരടക്കം നല്കിയ ഹര്‍ജികൾ പരിഗണിച്ചത്.തെരുവുനായ പ്രശ്നവുമായി ബന്ധപ്പെട്ടുള്ള കേരള, കര്‍ണാടക, ബോംബെ ഹൈക്കോടതികളുടെ വിധിയിലെ ശരിതെറ്റുകളില്‍ ഇടപെടാനില്ലെന്ന് കോടതി വ്യക്തമാക്കി. കേസില്‍ വിശദമായ ഉത്തരവ് പിന്നീട് പുറത്തിറക്കുമെന്നും സുപ്രീംകോടതി അറിയിച്ചു.