വംശനാശഭീഷണി നേരിടുന്ന നാടൻ മത്സ്യങ്ങളുടെ സംരക്ഷണത്തിന് നൂതന പദ്ധതിയുമായി സംസ്ഥാന ജൈവവൈവിധ്യ ബോർഡ്
കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിന്റെയും (കുഫോസ്) അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പിന്റെയും കേരള വനം വകുപ്പിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് വംശനാശ ഭീഷണി നേരിടുന്ന നാടൻ ശുദ്ധജല മത്സ്യ ഇനങ്ങളെ സംരക്ഷിക്കാൻ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് (കെഎസ്ബിബി) നൂതന പദ്ധതി നടപ്പിലാക്കുന്നു. ഗവേഷകരെയും പ്രാദേശിക മത്സ്യത്തൊഴിലാളി സമൂഹത്തേയും ജൈവവൈവിധ്യ പരിപാലന സമിതികളേയും (ബിഎംസി) ഉൾപ്പെടുത്തിക്കൊണ്ട് കേരളത്തിന്റെ തനതായ ജല ജൈവവൈവിധ്യം സംരക്ഷിക്കാനാണ് 'ഉൾനാടൻ ജല ജൈവവൈവിധ്യ സംരക്ഷണവും ഭാവി മത്സ്യങ്ങളുടെ പ്രജനന കേന്ദ്രങ്ങൾ സ്ഥാപിക്കലും' എന്ന പേരിൽ ഈ സംരംഭം ആരംഭിക്കുന്നത്. ശുദ്ധജല മത്സ്യ സംരക്ഷണത്തിനായുള്ള ബോധവൽക്കരണവും നയ-തല ഇടപെടലുകളും ലക്ഷ്യമിട്ടുകൊണ്ട് 2025 ഫെബ്രുവരി 5-ന് കാര്യവട്ടത്തെ അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പിൽ ലോക തണ്ണീർത്തട ദിനാചരണവുമായി ബന്ധപ്പെട്ട ഒരു കൺസൾട്ടേറ്റീവ് വർക്ക്‌ഷോപ്പ് കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ഇതിനായി സംഘടിപ്പിച്ചു. പ്രാദേശിക സമൂഹങ്ങളെ ശാക്തീകരിക്കുന്നതിനൊപ്പം കേരളത്തിന്റെ ജല പൈതൃകം സംരക്ഷിക്കുന്നതിനുള്ള കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഇത് നടപ്പിലാക്കുന്നത്.
ക്യാപ്റ്റീവ് ബ്രീഡിംഗ്, നാടൻ മത്സ്യ ഇനങ്ങളുടെ എണ്ണം വർധിപ്പിക്കൽ, സുസ്ഥിരമായ ഉപജീവനമാർഗം പ്രോത്സാഹിപ്പിക്കൽ എന്നിവയിൽ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കും. വംശനാശഭീഷണി നേരിടുന്ന 10 മത്സ്യ ഇനങ്ങളെ സംരക്ഷിക്കുന്നതിനാണ് കെഎസ്ബിബി പ്രാരംഭ ഘട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ചെമ്പൻ കൂരൽ, ആശ്ചര്യ പരൽ, കരിംകഴുത്തൻ മഞ്ഞേട്ട, ചാലക്കുടി പരൽ, മോടോൻ, നാടൻ മുശി, ഈറ്റിലക്കണ്ട, കരിമ്പാച്ചി, കരിയാൻ, ചെങ്കണിയാൻ/മിസ് കേരള എന്നിവയാണ് അവ.
കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിന്റെയും (കുഫോസ്) അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പിന്റെയും കേരള വനം വകുപ്പിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കമ്മ്യൂണിറ്റി അധിഷ്ഠിത പ്രവർത്തനങ്ങളായ കപ്പാസിറ്റി-ബിൽഡിംഗ് വർക്ക്ഷോപ്പുകൾ, പ്രാദേശിക പങ്കാളികളുമായുള്ള സഹകരണം എന്നിവയും ഇതിന്റെ ഭാഗമായി നടപ്പിലാക്കും. വൈവിധ്യമാർന്ന കാർഷിക രീതികളിലൂടെ പ്രാദേശിക സമൂഹങ്ങൾക്ക് ബദൽ വരുമാന മാർഗ്ഗങ്ങൾ സൃഷ്ടിക്കാൻ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ഇതിലൂടെ ലക്ഷ്യമിടുന്നു.
അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആൻഡ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ വർക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ. അനിൽകുമാർ അധ്യക്ഷനായ ചടങ്ങിൽ മെമ്പർ സെക്രട്ടറി ഡോ. വി ബാലകൃഷ്ണൻ സ്വാഗതവും അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് ഡിപ്പാർട്ട്‌മെന്റ് സീനിയർ പ്രൊഫസർ ആൻഡ് ഹെഡ് ഡോ. എ. ബിജു കുമാർ നന്ദിയും രേഖപ്പെടുത്തി. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മുൻ ചെയർമാൻ ഡോ. ഉമ്മൻ വി ഉമ്മൻ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് നടന്ന വിവിധ സെഷനുകളിൽ ഡോ. എ. ബിജുകുമാർ, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷൻസ്റ്റഡീസ് മാനേജ്‌മെന്റ് സെന്ററിലെ ഡോ. രാജീവ് രാഘവൻ, ഡോ. അൻവർ അലി പി. എച്ച്., എന്നിവർ പങ്കെടുത്തു. വംശനാശ ഭീഷണി നേരിടുന്ന മത്സ്യങ്ങളെ സംരക്ഷിക്കുമ്പോൾ നാം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ജർമ്മനിയിലെ ബെർലിൻ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ ഡോ. ജോർജ് ഫ്രഹോഫ് ക്ലാസ് എടുത്തു. സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ. അനിൽകുമാറിന്റെ അധ്യക്ഷതയിൽ നടന്ന പാനൽ ഡിസ്‌കഷനിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബെൻസൺ കെ., ഡോ. എസ്. എം. റാഫി, ഡോ. പ്രമോദ് കിരൺ ആർ. ബി., ഡോ. മിഥുൻ സുകുമാരൻ, ഡോ. കുര്യൻ മാത്യു എബ്രഹാം, ഡോ. ഉമ്മൻ വി. ഉമ്മൻ, കുഫോസിലെ ഡോ. രാജീവ് രാഘവൻ, ഡോ. അൻവർ അലി എന്നിവർ പങ്കെടുത്തു. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിലെ പ്രിൻസിപ്പൽ സയന്റിഫിക് ഓഫീസർ ഡോ. സി. എസ്. വിമൽ കുമാർ നന്ദി പറഞ്ഞു.