ചെങ്കോട്ട സ്‌ഫോടനം: ചാന്ദ്നി ചൗക്ക് മാര്‍ക്കറ്റ് ചൊവ്വാഴ്ച അടച്ചിടും, സ്‌ഫോടനത്തില്‍ 13 മരണം
ന്യൂദല്‍ഹി: ചെങ്കോട്ട സ്‌ഫോടനം കണക്കിലെടുത്ത് ദല്‍ഹിയിലെ ചാന്ദ്നി ചൗക്ക് മാര്‍ക്കറ്റ് ചൊവ്വാഴ്ച അടച്ചിടും. മാര്‍ക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സഞ്ജയ് ഭാര്‍ഗവ് ആണ് ഇക്കാര്യം അറിയിച്ചത്.
രാജ്യ തലസ്ഥാനത്തെ തിരക്കേറിയ പഴയ ദല്‍ഹി പ്രദേശത്താണ് ചെങ്കോട്ടയും ചാന്ദ്നി ചൗക്ക് മാര്‍ക്കറ്റും സ്ഥിതി ചെയ്യുന്നത്. ദല്‍ഹിയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ചെങ്കോട്ട.
ദല്‍ഹിയിലെ ഏറ്റവും പഴക്കമേറിയ, തിരക്കേറിയ മാര്‍ക്കറ്റുകളില്‍ ഒന്നാണ് ചാന്ദ്നി ചൗക്ക് മാര്‍ക്കറ്റ്, ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണിത്.
ചെങ്കോട്ടയിലെ സ്‌ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.എട്ട് മരണം ഔദ്യോഗികമായ് സ്ഥിരീകരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. മെല്ലെ വന്ന ഐ 20 കാര്‍ ട്രാഫിക് സിഗ്‌നലില്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തുവരുന്നതായി രഹസ്യറിപ്പോര്‍ട്ട്. എന്നാൽ ഇയാളെക്കുറിച്ചുള്ളവിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
സ്ഫോടനം ഐഇഡി ഉപയോഗിച്ചാണെന്ന് പറയപ്പെടുന്നു. ദില്ലിയിൽ നടന്നത് ഭീകരാക്രമണമാണെന്ന സൂചകളാണ് പുറത്തുവരുന്നത്. ദേശീയ സുരക്ഷാ ഏജന്‍സിയുടെ (എന്‍എസ്എ) ഒരു സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
ചെങ്കോട്ടയ്‌ക്ക് സമീപമുള്ള സ്ഫോടനത്തിൽ പ്രധാനമന്ത്രി മോദിയുടെ ആദ്യ പ്രതികരണം വന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് അദ്ദേഹം തന്റെ പ്രതികരണം പോസ്റ്റ് ചെയ്തത്.
“ഇന്ന് വൈകുന്നേരം ദൽഹിയിലുണ്ടായ സ്ഫോടനത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് എന്റെ അനുശോചനം. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. ദുരിതബാധിതരെ അധികൃതർ സഹായിക്കുന്നുണ്ട്. ആഭ്യന്തരമന്ത്രി അമിത് ഷായുമായും മറ്റ് ഉദ്യോഗസ്ഥരുമായും സ്ഥിതിഗതികൾ അവലോകനം ചെയ്തു.” – അദ്ദേഹം പറഞ്ഞു.


