ശബരിമല വിമാനത്താവളം: അന്തിമ സാമൂഹികാഘാത പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചു
പദ്ധതി ബാധിതർ 481 കുടുംബങ്ങൾ
∙ ഭൂമിയേറ്റെടുക്കൽ നടപടികൾ താമസിച്ചാൽ കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, ബിസിനസ്, കൃഷി, മറ്റ് ഉപജീവന മാർഗങ്ങൾ എന്നിവയ്ക്ക് ബാങ്ക് വായ്പ എടുക്കാനും സ്ഥലങ്ങളുടെ ക്രയവിക്രയം നടത്തുന്നതിനും തടസ്സങ്ങൾ നേരിടും. അതിനാൽ ഭൂമി ഏറ്റെടുക്കൽ പ്രക്രിയ കാലതാമസം കൂടാതെ നടത്തണം.
∙ ഭൂമി ഏറ്റെടുക്കലിൽ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ നിയമം 2013, ഇതോടനുബന്ധിച്ചുള്ള സർക്കാർ ഉത്തരവുകൾ എന്നിവ പാലിച്ചുവേണം സ്ഥലം ഏറ്റെടുക്കാൻ.
∙കഴിയുന്നത്ര വേഗം നഷ്ടപരിഹാരം കൈമാറണം.
∙പദ്ധതി പ്രദേശത്തുനിന്ന് മാറിത്താമസിക്കേണ്ടി വരുന്നത് കഠിനമായ പ്രത്യാഘാതമായി പരിഗണിച്ച് അവർക്കു മുൻഗണന നൽകണം.
∙പ്രദേശത്തെ മുതിർന്നവർ, വിധവകൾ, ഒറ്റപ്പെട്ടു കഴിയുന്നവർ എന്നിവർക്കു പുനരധിവാസ പദ്ധതികൾ നടപ്പാക്കണം.
∙പ്രദേശത്തെ സ്കൂൾ ഏറ്റെടുക്കുന്നതിനാൽ വിദ്യാർഥികളുടെ വിദ്യാഭ്യാസം തുടരുന്നതിനും അധ്യാപകരുടെയും ജീവനക്കാരുടെയും തൊഴിൽ നിലനിർത്തുന്നതിനും നടപടി വേണം.
∙പ്രദേശത്തെ 7 ആരാധനാലയങ്ങൾ സംരക്ഷിക്കാനോ മാറ്റിസ്ഥാപിക്കാനോ നടപടി സ്വീകരിക്കുന്നതിനൊപ്പം ഇവിടത്തെ ജീവനക്കാരുടെ തൊഴിൽ സംരക്ഷിക്കുകയും വേണം.
∙ഏറ്റെടുക്കുന്ന ഭൂമിയിലെ മുറിച്ചുമാറ്റപ്പെടുന്ന ഫലവൃക്ഷങ്ങൾ, മരങ്ങൾ എന്നിവയുടെ നഷ്ടപരിഹാരം ഭൂവുടമകൾക്കു നൽകണം.
ചെറുവള്ളി പശുക്കളെ ബാധിക്കുമെന്ന് റിപ്പോർട്ട്
ചെറുവള്ളി എസ്റ്റേറ്റിൽ മാത്രം കാണുന്ന ചെറുവള്ളി പശു എന്ന തദ്ദേശീയ ഗോവംശത്തെയും പദ്ധതി ബാധിക്കും. എസ്റ്റേറ്റിലെ തൊഴിലാളികളുടെ അനുബന്ധ വരുമാനമാർഗം കൂടിയാണിത്. പദ്ധതിക്കായി എസ്റ്റേറ്റ് തൊഴിലാളികളെ മാറ്റിപ്പാർപ്പിക്കേണ്ടിവരുമ്പോൾ ഈ ഇനം പശുവിന്റെ ആവാസ വ്യവസ്ഥയ്ക്ക് വ്യത്യാസം വരാനുള്ള സാധ്യതയുണ്ടെന്നു റിപ്പോർട്ടിൽ പറയുന്നു.
പദ്ധതി ബാധിതർ 481 കുടുംബങ്ങൾ
481 കുടുംബങ്ങളെയാണ് പദ്ധതി ബാധിക്കുക. 242 കുടുംബങ്ങൾ സ്വന്തം ഉടമസ്ഥതയിലുള്ള ഭൂമിയിലും 238 തൊഴിലാളികളും അവരുടെ കുടുംബങ്ങളും ചെറുവള്ളി എസ്റ്റേറ്റിലെ ലയങ്ങളിലും താമസിക്കുന്നു. ഒരു കുടുംബം വാടക വീട്ടിലാണ് താമസിക്കുന്നത്.