എ.ഡി.ജി.പി അജിത് കുമാർ ആളുകളെ തല്ലിക്കും, കൊല്ലിക്കും; എസ്.പി സുജിത് ദാസിനും സ്വർണക്കടത്തിൽ പങ്കെന്ന് പി.വി അൻവർ എം.എൽ.എ
 
                                മലപ്പുറം: എ.ഡി.ജി.പി അജിത് കുമാറിനും എസ്.പി സുജിത് ദാസിനുമെതിരെ ഗുരുതര ആരോപണങ്ങൾ തുടർന്ന് പി.വി അൻവർ എം.എൽ.എ. സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് അജിത് കുമാർ ആളുകളെ തല്ലിക്കുകയും കൊല്ലിക്കുകയും ചെയ്തിട്ടുണ്ടെന്ന് അന്‍വര്‍ ആരോപിച്ചു. അതിന് തെളിവുണ്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ടാണ് ഈ കൊലകൾ നടന്നത്. ഇതിൽ പ്രതികളായ ആളുകളെയുൾപ്പെടെ മാധ്യമങ്ങൾക്കു മുന്നിൽ അടുത്ത ദിവസം ഹാജരാക്കും. അജിത്കുമാർ ദേശദ്രോഹിയാണെന്നും എം.എൽ.എ പറഞ്ഞു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇപ്പോൾ പത്തനംതിട്ട എസ്.പിയും മുൻ മലപ്പുറം എസ്.പിയുമായിരുന്ന സുജിത് ദാസിനെതിരെയും ഗുരുതര ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചത്. എസ്.പി സുജിത് ദാസിനും സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് അൻവർ ആരോപിച്ചു. നേരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം ഈ സ്വാധീനം ഉപയോഗിച്ചാണ് കോഴിക്കോട് വിമാനത്താവളത്തില്‍ സ്വർണക്കടത്ത് നടത്തിയത്. സ്വര്‍ണം വരുമ്പോൾ ഒറ്റുകാര്‍ വഴി സുജിത് ദാസിന് വിവരം കിട്ടും.കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്‌കാനിങ്ങില്‍ സ്വര്‍ണം കണ്ടാലും അവര്‍ അത് കണ്ടതായി നടിക്കില്ല. പകരം ഇവര്‍ പുറത്തിറങ്ങുമ്പോള്‍ പൊലീസിന് വിവരം കൈമാറും. സുജിത് ദാസ് നിയോഗിച്ച പൊലീസ് സംഘം ഇവരെ പിന്തുടര്‍ന്ന് പിടികൂടും. പിടികൂടിയ സ്വര്‍ണത്തിന്‍റെ 60 ശതമാനം പൊലീസ് അടിച്ചുമാറ്റും. ബാക്കി കുറച്ചു സ്വർണമാണ് കസ്റ്റംസിന്റെ രേഖയിൽ വരുന്നത്. കള്ളക്കടത്ത് സ്വർണമായതിനാൽ ആരും പരാതിയുമായി പോകില്ല. ഇതാണ് ഇവരുടെ രീതിയെന്നും അന്‍വര്‍ പറഞ്ഞു. എസ്.പി അവധിയിൽ പോയത് തെളിവുകൾ നശിപ്പിക്കാനാണെന്നും എം.എൽ.എ ആരോപിച്ചു. അതേസമയം, വിവാദങ്ങള്‍ക്കിടെ പത്തനംതിട്ട എസ്.പിയായ സുജിത് ദാസ് അവധിയില്‍ പ്രവേശിച്ചിരുന്നു. മൂന്ന് ദിവസത്തേക്കാണ് അവധി അപേക്ഷ നല്‍കിയത്. പി.വി അന്‍വർ എം.എല്‍.എയുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയാണ് അവധിയില്‍ പ്രവേശിച്ചത്. മലപ്പുറം എസ്.പി ക്യാംപ് ഓഫീസിലെ മരം മുറിച്ചുകടത്തിയെന്ന കേസിലെ പരാതി പിന്‍വലിച്ചാല്‍ ജീവിത കാലം മുഴുവന്‍ താന്‍ കടപ്പെട്ടിരിക്കുമെന്ന് എം.എല്‍.എയോട് മലപ്പുറം മുന്‍ എസ്.പിയായിരുന്ന സുജിത് ദാസ് പറയുന്ന ഫോണ്‍ സന്ദേശമാണ് കഴിഞ്ഞദിവസം പുറത്തുവന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            