വനിതാ കമ്മീഷൻ പബ്ലിക് ഹിയറിംഗിൽ തുറന്നു പറച്ചിലുകളുമായി ബഡ്സ് സ്കൂൾ അധ്യാപികമാർ
കേരള വനിതാ കമ്മിഷൻ മലപ്പുറം ജില്ലയിൽ സംഘടിപ്പിച്ച പബ്ലിക് ഹിയറിംഗിൽ ബഡ്സ് സ്കൂളുകളിലെ അനുഭവങ്ങളും ആവശ്യങ്ങളും പങ്കുവച്ച് ബഡ്സ് സ്കൂൾ അധ്യാപികമാർ. മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പബ്ലിക് ഹിയറിംഗിൽ നൂറോളം ടീച്ചർമാരാണ് തങ്ങൾ നേരിടുന്ന പ്രയാസങ്ങൾ വനിതാ കമ്മീഷനുമായി പങ്കുവച്ചത്. ചർച്ചകളിൽ ഉരുത്തിരിഞ്ഞ നിർദേശങ്ങൾ ഉൾപ്പെടുത്തി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് വനിതാ കമ്മീഷൻ അംഗം വി.ആർ. മഹിളാമണി പറഞ്ഞു. വിവിധ തൊഴിൽ മേഖലകളിലെ വനിതാ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ നേരിൽ കേട്ട് മനസിലാക്കുന്നതിനാണ് കേരള വനിതാ കമ്മിഷൻ പബ്ലിക് ഹിയറിംഗുകൾ സംഘടിപ്പിക്കുന്നത്. അവകാശങ്ങളെക്കുറിച്ച് അവരെ ബോധ്യപ്പെട്ടുത്തുന്നതിനൊപ്പം ഇവരുടെ പ്രശ്നങ്ങൾ സർക്കാരിന് മുന്നിലേക്ക് കൊണ്ടുവരുകയും അതിലൂടെ പ്രശ്നപരിഹാരം കണ്ടെത്തുകയുമാണ് ലക്ഷ്യം. ഇതിൻ്റെ ഭാഗമായാണ് ബഡ്സ് സ്കൂൾ അധ്യാപികമാരുടെ പബ്ലിക് ഹിയറിംഗ് മലപ്പുറത്ത് സംഘടിപ്പിച്ചതെന്നും വി.ആർ. മഹിളാമണി പറഞ്ഞു. പബ്ലിക് ഹിയറിംഗ് ഉദ്ഘാടനം രാവിലെ 10 ന് വനിതാ കമ്മീഷൻ അംഗം വി.ആർ. മഹിളാമണി നിർവഹിച്ചു.