അതിശക്തമായ മഴ : കൊച്ചിയിൽ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു

കൊച്ചി : അതിശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ മലയാറ്റൂര്‍ വനം ഡിവിഷനു കീഴിലുളള ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിടുന്നു. കാലടി മഹാഗണിത്തോട്ടം, ഭൂതത്താന്‍കെട്ട്, പാണിയേലിപോര് എന്നീ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ ബുധന്‍, വ്യാഴം, വെള്ളി ( ജൂലൈ 31, ഓഗസ്റ്റ് 1, 2) ദിവസങ്ങളിലാണ് അടച്ചിടുക. കൊച്ചിയിൽ മഴക്കെടുതി തുടരുകയാണ്.
പറവൂർ, ആലുവ, കോതമംഗലം പ്രദേശങ്ങളിലായി നിരവധി വീടുകളിൽ വെള്ളം കയറി. ഭൂതത്താൻകെട്ട് ഡാമിൻ്റെ എല്ലാ ഷട്ടറുകളും തുറന്നിട്ടുണ്ട്. പെരിയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. പെരിയാറിൽ നിന്ന് കൈവഴികളിലൂടെ സമീപത്തെ പാടശേഖരങ്ങളിലേക്കും താഴ്ന്നഭാഗങ്ങളിലേക്കും വെള്ളം കയറി തുടങ്ങി. കല്ലാർകുട്ടി ഡാമിന്റെ നാല് ഷട്ടറുകൾ 90 സെൻറീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്.മുതിരപ്പുഴയാർ, പെരിയാർ നദികളുടെ തീരങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. കാലടി, മാർത്താണ്ഡവർമ പാലം എന്നിവിടങ്ങളിലെ ജലനിരപ്പ് മുന്നറിയിപ്പിനും മുകളിലായിട്ടുണ്ട്. പാതാളം ആർ സി ബിയുടെ പന്ത്രണ്ട് ഷട്ടറുകൾ ഉയർത്തി. കണക്കൻ കടവ് ആർ സി ബിയുടെ പത്ത് ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്.