കൊതുക് ജന്യ, ജലജന്യ രോഗങ്ങള്‍ വര്‍ധിക്കുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ജില്ലയില്‍ ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ കൊതുക് ജന്യ രോഗങ്ങളും മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ രോഗങ്ങളും വര്‍ധിക്കുന്നതായി കണക്കുകള്‍ കാണിക്കുന്നു.

May 6, 2024
കൊതുക് ജന്യ, ജലജന്യ രോഗങ്ങള്‍ വര്‍ധിക്കുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്
mosquito-borne-and-water-borne-diseases-are-on-the-rise-health-department-to-be-cautious

കണ്ണൂർ  : ജില്ലയില്‍ കടുത്ത വേനലിനെ തുടര്‍ന്ന് കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തിലും ഇടവിട്ട് മഴ ലഭിച്ച സാഹചര്യത്തിലും കൊതുക് ജന്യ, ജല ജന്യ രോഗങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യതയുണ്ടെന്നും ഇത്തരം രോഗങ്ങള്‍ക്ക് എതിരെ ജാഗ്രത വേണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ജില്ലയില്‍ ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ കൊതുക് ജന്യ രോഗങ്ങളും മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ രോഗങ്ങളും  വര്‍ധിക്കുന്നതായി കണക്കുകള്‍ കാണിക്കുന്നു.
ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാകുന്നുണ്ട്. ഈ വര്‍ഷം ഇതുവരെ ജില്ലയില്‍ 1149 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. 2023 ല്‍ 79 ഉം 2022 ല്‍ 40 ഉം മാത്രമായിരുന്നു ഡെങ്കിപ്പനി ബാധിച്ചവര്‍.
ജില്ലയിലെ സാംക്രമിക രോഗങ്ങളുടെ നിലവിലെ സ്ഥിതി ചര്‍ച്ച ചെയ്യുന്നതിനും മഴക്കാല പൂര്‍വ്വ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ വിവിധ വകുപ്പുകളുമായി ഏകോപിച്ച് നടപ്പിലാക്കുന്നതിനും ആയി എഡിഎം നവീന്‍ ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് ഈ വിലയിരുത്തല്‍. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സി സച്ചിന്‍ ജില്ലയിലെ സ്ഥിതിവിവര കണക്കുകള്‍ അവതരിപ്പിച്ചു.
ഹെപ്പറ്റൈറ്റിസ്-എ അഥവാ മഞ്ഞപ്പിത്ത രോഗവും ജില്ലയില്‍ വര്‍ധിക്കുന്നതായാണ് കണക്ക്. 2023 ല്‍ 28 പേര്‍ക്കാണ് രോഗം ബാധിച്ചതെങ്കില്‍ ഈ വര്‍ഷം 145 പേര്‍ക്ക് മഞ്ഞപ്പിത്ത ബാധയുണ്ടായി. ജില്ലയിലെ ചില പ്രദേശങ്ങളില്‍ മഞ്ഞപ്പിത്ത ഔട്ട് ബ്രേക്ക് തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ് രോഗ തോത് വര്‍ധിക്കാനുള്ള കാരണം. മലിനമായ കിണറുകളും വിവാഹം തുടങ്ങിയ പാര്‍ട്ടികളിലെ വെല്‍ക്കം ഡ്രിങ്ക് തുടങ്ങിയവയും മേളകളില്‍ വില്‍ക്കപ്പെടുന്ന ഐസ് ജ്യൂസ് എന്നിവയും രോഗം പകരുന്നതിന് കാരണമാകുന്നുണ്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ എലിപ്പനി കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

പ്രതിരോധ നിര്‍ദേശങ്ങള്‍

കൊതുകുകള്‍ പെരുകുന്നത് തടയാന്‍ വെള്ളക്കെട്ടുകള്‍ ഒഴിവാക്കി ഉറവിട നശീകരണം ഫലപ്രദമായി ചെയ്യുക, കൊതുക് കടിയേല്‍ക്കാതിരിക്കാനാവശ്യമായ ലേപനങ്ങളോ വലയോ ഉപയോഗിക്കുക, വെള്ളം ശേഖരിച്ചുവെക്കുന്ന പാത്രങ്ങള്‍ അടച്ചുസൂക്ഷിക്കുക. ആഴ്ചയില്‍ ഒരു ദിവസം ഡ്രൈഡേ ആചരിക്കുക എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍.
വീടുകളിലെ ഇന്‍ഡോര്‍ പ്ലാന്റുകളുടെ വെള്ളം ആഴ്ചയില്‍ ഒരു ദിവസം നിര്‍ബന്ധമായും മാറ്റണം. ജില്ലയില്‍ പലയിടത്തും വീടുകളുടെ അകത്തു സൂക്ഷിച്ചിരിക്കുന്ന ഇന്‍ഡോര്‍ പ്ലാന്റുകളിലെ വെള്ളത്തില്‍ കൊതുക് വളരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അതിനാല്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ഉണ്ടാകണമെന്നും ഡോ. കെ സി സച്ചിന്‍ പറഞ്ഞു.
കടുത്ത വേനലിനെ തുടര്‍ന്ന് കുടിവെള്ളമടക്കം മലിനമാകാനുള്ള സാധ്യത വര്‍ധിച്ചിട്ടുണ്ട്. അതിനാല്‍ ഇക്കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശം.
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാനും പാചകത്തിനും ഉപയോഗിക്കുക, കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുക, തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം ഒഴിവാക്കുക, മലമൂത്ര വിസര്‍ജന ശേഷം കൈകാലുകള്‍ കഴുകുക, ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും കൈകള്‍ കഴുകുക, പൊതു ടാപ്പുകളും കിണറുകളും വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ജലജന്യ രോഗങ്ങള്‍ വരാതിരിക്കാനുള്ള മുന്‍കരുതലായി നിര്‍ദേശിച്ചിട്ടുള്ളത്.
എലികളാണ് എലിപ്പനി പടര്‍ത്തുന്നത്. അതിനാല്‍ എലി മൂത്രം കലരാന്‍ സാധ്യതയുള്ള വെള്ളവുമായി സമ്പര്‍ക്കമുണ്ടാകുന്നത് ഒഴിവാക്കുകയാണ് പ്രധാനം. ശരീരത്തില്‍ മുറിവോ വിണ്ട് കീറിയ പാദങ്ങളോ ഉള്ളവര്‍ എലി മൂത്രം കലര്‍ന്ന വെള്ളത്തില്‍ കാല്‍വെക്കുകയോ കുളിക്കുകയോ ചെയ്താല്‍ ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കും. അതിനാല്‍ ഇത്തരമാളുകള്‍ മലിന ജലത്തില്‍ ചവിട്ടുന്നത് പോലും ഒഴിവാക്കണം. കണ്ണുകള്‍, വായ എന്നിവയിലൂടെയും ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കാം.
എലി പെറ്റുപെരുകുന്ന സാഹചര്യം ഒഴിവാക്കുക, ശരീരത്തില്‍ മുറിവ്, വിണ്ടുകീറിയ പാദം എന്നിവ ഉള്ളവര്‍ മലിന ജല സമ്പര്‍ക്കം ഒഴിവാക്കാന്‍ ശ്രദ്ധിക്കുക എന്നിവയാണ് എലിപ്പനി പ്രതിരോധത്തിനുള്ള മാര്‍ഗങ്ങള്‍. തൊഴിലുറപ്പ് തൊഴിലാളികള്‍, കര്‍ഷ തൊഴിലാളികള്‍, തെങ്ങുകയറ്റ തൊഴിലാളികള്‍, കര്‍ഷകര്‍, മൃഗ പരിപാലകര്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങി മലിന ജല സമ്പര്‍ക്ക സാധ്യതയുള്ള തൊഴില്‍ ചെയ്യുന്നവര്‍ തുടങ്ങിയവര്‍ ആഴ്ചയില്‍ ഒരിക്കല്‍ ഡോക്‌സി സൈക്ലിന്‍-200 മില്ലിഗ്രാം ഗുളിക ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം കഴിച്ചാല്‍ രോഗ സാധ്യത തടയാനാകും.

കൊതുക് ജന്യ രോഗങ്ങള്‍ തടയാന്‍
ഡ്രൈ ഡേ ആചരണം പ്രധാനം

കൊതുകുകളുടെ ഉറവിട നശീകരണത്തിന് പ്രധാമാണ് ഡ്രൈഡേ ആചരണം. 7മുതല്‍ 10 ദിവസം വരെയാണ് ഒരു കൊതുക് മുട്ടയിട്ട്  പൂര്‍ണ്ണ വളര്‍ച്ച എത്തിയ കൊതുക് ആയി മാറുന്നതിനുള്ള സമയം. അതിനിടയില്‍ കൊതുകിന്റെ ഉറവിടം നശിപ്പിക്കപ്പെട്ടു കഴിഞ്ഞാല്‍ ആ പ്രദേശത്ത് കൊതുക് വളരാനുള്ള സാധ്യത ഇല്ലാതാക്കാനാകും. ഇതിനാണ് ഡ്രൈ ഡേ ആചരിക്കുന്നത്.
കൊതുക് വളരാന്‍ സാധ്യതയുള്ള ഉപേക്ഷിക്കപ്പെട്ട പാത്രങ്ങള്‍, ചിരട്ടകള്‍, ടാങ്കുകള്‍ ഇവ ആഴ്ചയില്‍ ഒരു ദിവസം  വൃത്തിയാക്കുക, കുടിവെള്ളവും മറ്റും സൂക്ഷിക്കുന്നതിനായി ഉള്ള പാത്രങ്ങള്‍ ഒരു ദിവസം ഉരച്ച് വൃത്തിയാക്കി കഴുകി വെയിലത്ത് ഉണക്കുക. നിര്‍മ്മാണ കേന്ദ്രങ്ങളിലെ  ജല സംഭരണികള്‍ ആഴ്ചയില്‍ ഒരു ദിവസം വൃത്തിയാക്കുക. വീടുകളിലെ ഇന്‍ഡോര്‍ പ്ലാന്റുകള്‍, ഫ്രിഡ്ജ് ട്രെ എന്നിവയിലെ വെള്ളം ആഴ്ചയില്‍ ഒരു ദിവസം നിര്‍ബന്ധമായും മാറ്റുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഡ്രൈഡേ ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്. ജില്ലയില്‍ പലയിടത്തും വീടുകളുടെ അകത്തു സൂക്ഷിച്ചിരിക്കുന്ന ഇന്‍ഡോര്‍ പ്ലാന്റുകളിലെ വെള്ളത്തില്‍ കൊതുക് വളരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അതിനാല്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ഉണ്ടാകണമെന്നും ഡെപ്യൂട്ടി ഡി എം ഒ ഡോ. കെ സി സച്ചിന്‍ പറഞ്ഞു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.