കേരളം, രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനം: വീണാ ജോർജ്ജ്

തിരുവനന്തപുരം : രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനമാണ് കേരളമെന്ന് ആരോഗ്യ - വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ. 2022-23ലെ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് സർവേയുടെ ഡാറ്റാ പ്രകാരം രാജ്യത്ത് ചികിത്സാ ചെലവ് ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്. 2021ൽ രണ്ടര ലക്ഷം പാവപ്പെട്ട രോഗികൾക്ക് സൗജന്യ ചികിത്സ നൽകിയിട്ടുണ്ട്.2024 അവസാനമാകുമ്പോൾ ആറരലക്ഷം ചികിത്സാ ക്ലെയിമുകളാണ് നൽകിയത്. മറ്റ് ആശുപത്രികളിൽ നിന്ന് മെഡിക്കൽ കോളേജുകളിലേക്ക് രോഗികളെ കൂടുതലായി റഫർ ചെയ്യുന്നത് മെഡിക്കൽ കോളേജുകളിൽ രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിന് ഇടയാക്കുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിന് ജില്ലാ-താലൂക്ക് തല ആശുപത്രികളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.കേരളത്തിന്റെ ആരോഗ്യമേഖലയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വികസന പ്രവർത്തനങ്ങൾ നടന്നത് കഴിഞ്ഞ എട്ടര വർഷ കാലയളവിലാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 100 കോടി ചെലവിൽ നിർമ്മിക്കുന്ന എംഎൽടി ബ്ലോക്ക് 80 ശതമാനം പൂർത്തിയായി. സർജിക്കൽ ബ്ലോക്കിന്റെ നിർമ്മാണം ഉടൻ തുടങ്ങും. റീജ്യണൽ കാൻസർ സെന്ററിൽ 200 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന 14 നില കെട്ടിടം 2025ൽ നാടിന് സമർപ്പിക്കും.ആരോഗ്യ രംഗത്ത് ഓരോ തലത്തിലും 'നിര്‍ണയ' എന്ന പേരിൽ ആരംഭിക്കുന്ന ലാബ് ശ്യംഖലയും 2025ൽ ഉദ്ഘാടനം ചെയ്യും. രോഗം ഭേദമായിട്ടും വീട്ടുകാർ ഏറ്റെടുക്കാത്ത തിരുവനന്തപുരം സർക്കാർ മാനസികാരോഗ്യകേന്ദ്രത്തിലെ ആളുകളെ പുനരധിവസിപ്പിക്കുന്നതിനും മറ്റ് വികസന പ്രവർത്തനങ്ങൾക്കുമായി 94 കോടി കിഫ്ബി ഫണ്ട് അനുവദിച്ചിട്ടുണ്ട്. കേരളത്തിലെ മാനസികാരോഗ്യ ചികിത്സയിലെ വലിയ ചുവടുവെയ്പ്പാണിതെന്നും വീണാ ജോർജ്ജ് പറഞ്ഞു.പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയില്‍ ലക്ഷ്യ മാനദണ്ഡ പ്രകാരം സജ്ജമാക്കിയ ലേബര്‍ റൂം കോംപ്ലക്‌സ്, പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ്, പാലിയേറ്റീവ് കെയര്‍ വാര്‍ഡ്, നവീകരിച്ച ഒ.പി. വിഭാഗം, അത്യാഹിത വിഭാഗം എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്.8.30 കോടി രൂപ ചെലവഴിച്ചുള്ള കെട്ടിടത്തില്‍ ലിഫ്റ്റ് ഉള്‍പ്പെടെയുള്ള സൗകര്യത്തോടെയാണ് വാര്‍ഡുകളും പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡുകളും സജ്ജമാക്കിയിരിക്കുന്നത്. ആര്‍ദ്രം പദ്ധതി വഴി ഒപിഡി ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 80 ലക്ഷം രൂപ ചെലവാക്കിയാണ് ഒപി വിഭാഗവും 15 കിടക്കകളുള്ള ഒബ്സര്‍വേഷന്‍ റൂമോടുകൂടിയ ആധുനിക അത്യാഹിത വിഭാഗവും സജ്ജമാക്കിയിരിക്കുന്നത്.കിടത്തി ചികിത്സ ആവശ്യമായ പാലിയേറ്റീവ് കെയര്‍ രോഗികളുടെ പരിചരണം ലക്ഷ്യമിട്ടാണ് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ പാലിയേറ്റീവ് വാര്‍ഡ് നിർമ്മിച്ചത്. ഡേ കെയര്‍ കീമോ തെറാപ്പിയും ഇവിടെ ഒരുക്കും . ലക്ഷ്യ മാനദണ്ഡ പ്രകാരം 1.96 കോടി രൂപ ചെലവാക്കിയാണ് അത്യാധുനിക ലേബര്‍ റൂം കോംപ്ലക്‌സ് ഒരുക്കിയിരിക്കുന്നത്. പ്രത്യേക പരിചരണം ആവശ്യമായ ഗര്‍ഭിണികള്‍ക്കുള്ള ലേബര്‍ റൂം സൗകര്യവും ഉണ്ട്. നാല് കിടക്കകളുള്ള രണ്ട് എല്‍.ഡി.ആര്‍ യൂണിറ്റ്, ഓപ്പറേഷന്‍ തീയറ്റര്‍ വിത്ത് ഇമ്മിഡിയേറ്റ് റിക്കവറി, എന്‍.ബി.എസ്.യു, ട്രയാജ് എന്നിവയും ഉണ്ട്. 36 കോടി രൂപ കൂടി അനുവദിച്ച് പുതിയ നിലകൾ നിർമ്മിച്ച് സൗകര്യങ്ങൾ കൂടുതൽ വിപുലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.