ഒരു ലക്ഷം കടന്നു എരുമേലിയിൽ ശുചിമുറി മാലിന്യ സംസ്‌കരണം : നാട് കടന്നത് ആറര ടൺ പ്ലാസ്റ്റിക്.
64910 കിലോഗ്രാം ജൈവ മാലിന്യങ്ങളും 1485 കിലോഗ്രാം അജൈവ മാലിന്യങ്ങളുമാണ് ഇതിനോടകം എരുമേലിയിൽ നിന്ന് നീക്കിയത്.
എരുമേലി : ശബരിമല സീസണിലെ മാലിന്യ സംസ്ക്കരണത്തിന് ഇതാദ്യമായി കൺട്രോൾ റൂം തുറന്ന
എരുമേലി പഞ്ചായത്തിൽ ഇതുവരെ ശുചിമുറി മാലിന്യങ്ങൾ സംസ്‌ക്കരിച്ചത് 128360 ലിറ്റർ. ശബരിമല ഇടത്താവളങ്ങളായ ഏറ്റുമാനൂരിൽ 191250 ലിറ്ററും വൈക്കത്ത് 8100 ലിറ്ററും സംസ്‌ക്കരിച്ചു. ഒപ്പം എരുമേലിയിൽ പ്ലാസ്റ്റിക്, പാഴ് അജൈവ വസ്തുക്കൾ ഉൾപ്പെട്ട ആറര ടൺ ലോഡ് ഏജൻസി മുഖേനെ നീക്കി. 64910 കിലോഗ്രാം ജൈവ മാലിന്യങ്ങളും 1485 കിലോഗ്രാം അജൈവ മാലിന്യങ്ങളുമാണ് ഇതിനോടകം എരുമേലിയിൽ നിന്ന് നീക്കിയത്. ശബരിമല പാതകളിൽ പ്രവർത്തിക്കുന്ന 12 ഹരിത ചെക്ക് പോസ്റ്റുകൾ വഴി സമാഹരിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പടെ സാധനങ്ങൾ എംസിഎഫിൽ എത്തിച്ച് ലോഡ് ചെയ്തു വിടാനും നടപടികൾ ആരംഭിച്ചിട്ടുണ്ടന്ന് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, വൈസ് പ്രസിഡന്റ് വി ഐ അജി എന്നിവർ അറിയിച്ചു. ദേവസ്വം ബോർഡ്, മുസ്ലിം ജമാഅത്ത്, പൊതു സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിലെയും സ്വകാര്യ വ്യക്തികളുടെയും ഉൾപ്പടെ ശൗചാലയങ്ങളിലെ സെപ്റ്റിക്ക് ടാങ്കുകൾ ആണ് ശുചീകരിച്ചത്. കക്കൂസ് മാലിന്യങ്ങൾ തോടുകളിൽ കലരുന്നത് സംബന്ധിച്ച് മുൻകാല ശബരിമല തീർത്ഥാടന സീസണുകളിൽ പരാതികൾ ഏറെയായിരുന്നു. ഇത്തവണ പരാതികൾ ഉണ്ടാകരുതെന്നും കൃത്യമായി ശുചിമുറികളിലെ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌ക്കരിക്കണമെന്നും മന്ത്രി വി എൻ വാസവൻ പ്രത്യേക നിർദേശം നൽകിയിരുന്നു. ഇതേതുടർന്ന് ജില്ലാ ഭരണകൂടം നേരിട്ട് ഇടപെടുകയും തദ്ദേശ സ്വയം ഭരണ വകുപ്പ് കോട്ടയം ജോയിന്റ് ഡയറക്ടർ ബിനു ജോൺ നേതൃത്വം നൽകി കൺട്രോൾ റൂം തുടങ്ങുകയും ജില്ലാ ശുചിത്വ മിഷന്റെ മേൽനോട്ടത്തിൽ ചങ്ങനാശ്ശേരി നഗരസഭയുടെ മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് എരുമേലി പഞ്ചായത്തിന് ശബരിമല സീസൺ കാലത്തേക്ക് വാടക നിരക്കിൽ കൈമാറുകയും ചെയ്തു. ഈ പ്ലാന്റ് ഉപയോഗിച്ച് ആണ് ഒരു ലക്ഷത്തിൽ പരം ലിറ്റർ ശുചിമുറി മാലിന്യം ഇപ്പോൾ സംസ്ക്കരിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും കക്കൂസ് മാലിന്യ സംസ്ക്കരണത്തിന് ബന്ധപ്പെടാൻ കാൾ സെന്റർ നമ്പറുകൾ ചുവടെ.
9447785747, 9605023545.
ചിത്രം.
എരുമേലിയിൽ ശബരിമല സീസണിൽ പ്രവർത്തിക്കുന്ന ദേവസ്വം ബോർഡിന്റെ ടോയ്‌ലെറ്റ് കോംപ്ലക്സിന്റെ സെപ്റ്റിക് ടാങ്കിൽ നിന്നുള്ള മാലിന്യങ്ങൾ മൊബൈൽ ട്രീറ്റ്മെന്റ് പ്ലാന്റ് ഉപയോഗിച്ച് സംസ്‌ക്കരിക്കുന്നു