ദേശീയ വിരവിമുക്ത ദിനാചരണത്തിൻ്റെ ഭാഗമായി ജനുവരി ആറിന് ജില്ലയിലെ 19 വയസ്സ് വരെയുള്ള എല്ലാ കുട്ടികൾക്കും ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ വിരവിമുക്ത ഗുളികയായ ആൽബൻഡസോൾ നൽകും. വിരബാധയില്ലാത്ത കുട്ടികൾ, ആരോഗ്യമുള്ള കുട്ടികൾ എന്ന സന്ദേശവുമായി കുട്ടികളിലെ വിരബാധ ഇല്ലാതാക്കി ശരിയായ പോഷണത്തിലേക്കും ആരോഗ്യത്തിലേക്കും നയിക്കുകയാണ് ലക്ഷ്യം. ജില്ലയിൽ 2,25,000 കുട്ടികളെയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ജനുവരി ആറിന് ഉച്ചഭക്ഷണ ശേഷം ജില്ലയിലെ അങ്കണവാടികൾ, സ്‌കൂളുകൾ എന്നിവയിലെ കുട്ടികളെ വിരവിമുക്ത ഗുളിക കഴിപ്പിക്കും. വിട്ടുപോയ കുട്ടികൾക്ക് ജനുവരി 12 ന് ഗുളിക നൽകും. വനിതാ ശിശു വികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ഇതര വകുപ്പുകൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വിരവിമുക്ത ദിനാചരണം ജില്ലാതല ഉദ്ഘാടനം ആറിന് ഉച്ചയ്ക്ക് രണ്ടിന് മാനന്തവാടി ഗവ യു.പി സ്‌കൂളിൽ നടക്കും. വിരബാധ കുട്ടികളിൽ പോഷണക്കുറവിനും വിളർച്ചക്കും ദഹന പ്രശ്നങ്ങൾക്കുമുള്ള ക്ഷീണം, ഉത്സാഹക്കുറവ്, പഠനക്കുറവ്, വളർച്ചാ പ്രശ്നങ്ങൾ എന്നിവയ്ക്കും കാരണമാകുന്നു. വിരബാധ തടയാൻ താഴെ പറയുന്ന ആരോഗ്യ ശീലങ്ങൾ ജീവിതത്തിൻ്റെ ഭാഗമാക്കുക
- ഭക്ഷണത്തിനു മുമ്പും ശൗചാലയത്തിൽ പോയതിനു ശേഷവും കൈകൾ സോപ്പിട്ട് വൃത്തിയായി കഴുക്കുക
- കുടിക്കാൻ ശുദ്ധജലം മാത്രം
- കുടിവെള്ളം തിളപ്പിച്ചാറിയത് മാത്രം കുടിക്കുക
- പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി മാത്രം കഴിക്കുക
- മതിയായ പാദരക്ഷകൾ ഉപയോഗിക്കുക
- നഖങ്ങൾ വെട്ടിയും കൈ ശുദ്ധമായും സൂക്ഷിക്കുക
- ശൗചാലയങ്ങൾ വൃത്തിയുള്ളതും ശുചിയായും സൂക്ഷിക്കുക
- കുട്ടികൾക്ക് 6 മാസത്തിലൊരിക്കൽ വിരനശീകരണ ഗുളിക - ആൽബൻഡസോൾ നൽകുക. സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ഇത് സൗജന്യമായി ലഭിക്കുന്നു
- കുട്ടികളെ ചെറുപ്പത്തിൽ തന്നെ ശരിയായ ആരോഗ്യ ശീലങ്ങൾ പഠിപ്പിക്കുക