ജോയിന്റ് സി.എസ്.ഐ.ആർ.-യു.ജി.സി. നെറ്റ് ഡിസംബർ 2024 സെഷന് അപേക്ഷിക്കാം
കംപ്യൂട്ടർ അധിഷ്ഠിതരീതിയിൽ നടത്തുന്ന മൂന്നുമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷ ഫെബ്രുവരി 16 മുതൽ 28 വരെയുള്ള കാലയളവിലായി നടത്തും.
തിരുവനന്തപുരം : ശാസ്ത്രവിഷയങ്ങളിലെ ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെ.ആർ.എഫ്.), അസിസ്റ്റന്റ് പ്രൊഫസർ നിയമന അർഹത, പിഎച്ച്.ഡി. പ്രവേശന അർഹത എന്നിവയ്ക്കായി കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സി.എസ്.ഐ.ആർ.), യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷൻ (യു.ജി.സി.) എന്നിവ സംയുക്തമായി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) വഴി നടത്തുന്ന ജോയിന്റ് സി.എസ്.ഐ.ആർ.-യു.ജി.സി. നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) ഡിസംബർ 2024 സെഷന് അപേക്ഷിക്കാം.സയൻസ്, ഇന്റർഡിസിപ്ലിനറി മേഖലകൾ എന്നിവയിലെ വിവിധ വിഷയങ്ങളിലെ ഫെലോഷിപ്പോടെയുള്ള ഗവേഷണ അവസരം, അസിസ്റ്റന്റ് പ്രൊഫസർ നിയമനം എന്നിവ സർവകലാശാലാ വകുപ്പുകൾ, ദേശീയ ലബോറട്ടറികൾ, മറ്റ് അംഗീകൃത ഗവേഷണസ്ഥാപനങ്ങൾ, കോളേജുകൾ എന്നിവയിലൊക്കെ ആകാം. യൂണിവേഴ്‌സിറ്റികൾ, ഐ.ഐ.ടി.കൾ, പോസ്റ്റ് ഗ്രാജ്വേറ്റ് കോളേജുകൾ, സി.എസ്.ഐ.ആർ. ഉൾപ്പെടെയുള്ള സർക്കാർ ഗവേഷണസംവിധാനങ്ങൾ, അംഗീകൃത പബ്ലിക്/പ്രൈവറ്റ് സെക്ടർ ഇൻഡസ്ട്രിയൽ അണ്ടർടേക്കിങ്ങുകൾ, മറ്റ് അംഗീകൃതസ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഗവേഷണസംവിധാനങ്ങൾ എന്നിവയിലൊക്കെ ഫെലോഷിപ്പിന് സാധുതയുണ്ട്.
മൂന്ന് കാറ്റഗറികൾ
(i) ജെ.ആർ.എഫ്. അവാർഡിനും അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനും
(ii) അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനും പിഎച്ച്.ഡി. പ്രവേശനത്തിനും
(iii) പിഎച്ച്.ഡി. പ്രവേശനത്തിനു മാത്രം
ഇതിൽ കാറ്റഗറി ഒന്നിൽ അർഹത നേടുന്നവർക്ക് ഫെലോഷിപ്പോടെ പിഎച്ച്.ഡി. പ്രവേശനത്തിന് അർഹത ഉണ്ടാകും. യു.ജി.സി. വ്യവസ്ഥകൾ/റഗുലേഷൻസ് പ്രകാരമുള്ള ഒരു ഇന്റർവ്യൂ ഇവർ അഭിമുഖീകരിക്കേണ്ടി വരും.
കാറ്റഗറി രണ്ട്, മൂന്ന് എന്നിവപ്രകാരമുള്ള യു.ജി.സി. നെറ്റ് യോഗ്യത, പിഎച്ച്.ഡി. പ്രവേശനത്തിനായി സർവകലാശാലകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്ന പരീക്ഷകൾക്കു പകരമുള്ള ഒരു പ്രവേശനപരീക്ഷയായി പരിഗണിക്കാവുന്നതാണ്. ഈ രണ്ടു കാറ്റഗറികളിൽ യോഗ്യത നേടുന്നവരുടെ കാര്യത്തിൽ പിഎച്ച്.ഡി. പ്രവേശനപ്രക്രിയയിൽ റാങ്ക് പട്ടിക തയ്യാറാക്കുമ്പോൾ നെറ്റിൽ ലഭിച്ച മാർക്കിന് 70-ഉം യൂണിവേഴ്‌സിറ്റി/ഉന്നതവിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന ഇന്റർവ്യൂ/വൈവയ്ക്ക് 30-ഉം ശതമാനം വെയ്‌റ്റേജ് നൽകി സംയുക്ത മെറിറ്റ് കണക്കാക്കി റാങ്ക് ലിസ്റ്റ് തയ്യാറാക്കി പ്രവേശനത്തിനായി പരിഗണിക്കും.
ഈ രണ്ട് വിഭാഗക്കാരുടെയും കാര്യത്തിൽ പിഎച്ച്.ഡി. പ്രവേശനത്തിന് നെറ്റിൽ ലഭിക്കുന്ന മാർക്കിന്, നെറ്റ് ഫലപ്രഖ്യാപന തീയതിമുതൽ ഒരുവർഷത്തേക്ക് സാധുതയുണ്ടാകും. നെറ്റ് ഫലപ്രഖ്യാപനത്തിൽ അപേക്ഷകർക്കു പരീക്ഷയിൽലഭിച്ച മാർക്കും പെർസന്റൈൽ സ്കോറും ലഭിക്കും.
ഈ പരീക്ഷവഴി ജെ.ആർ.എഫ്. യോഗ്യത നേടുന്നവർക്ക് ഗവേഷണത്തിന്റെ ആദ്യരണ്ടുവർഷം പ്രതിമാസസ്റ്റൈപ്പെൻഡ് ആയി 37,000 രൂപ അനുവദിക്കും. കണ്ടിൻജൻസി ഗ്രാന്റ് ആയി പ്രതിവർഷം 20,000 രൂപയും. രണ്ടുവർഷ ജെ.ആർ.എഫ്. കഴിയുമ്പോൾ പിഎച്ച്.ഡി.ക്ക് രജിസ്റ്റർചെയ്താൽ ഫെലോഷിപ്പ് സീനിയർ റിസർച്ച് ഫെലോഷിപ്പ് (എസ്.ആർ.എഫ്.)-നെറ്റ് ആയി മാറ്റും. വിലയിരുത്തലുകൾക്കു വിധേയമായി, െസ്റ്റെപ്പെൻഡ് തുക പ്രതിമാസം 42,000 രൂപയായി വർധിപ്പിക്കും. വിദഗ്ധസമിതി എസ്.ആർ.എഫിന് ശുപാർശചെയ്യാതിരിക്കുകയോ, പിഎച്ച്.ഡി.ക്ക് രജിസ്റ്റർചെയ്യാതിരിക്കുകയോ ചെയ്താൽ മൂന്നാം വർഷവും 37,000 രൂപ പ്രതിമാസനിരക്കിൽ സ്റ്റൈപ്പെൻഡ് അനുവദിക്കും. വിദഗ്ധസമിതി ഫെലോഷിപ്പ് നിർത്തലാക്കാൻ ശുപാർശചെയ്യുന്നപക്ഷം ഫെലോഷിപ്പ് നിർത്തലാക്കും.
പരീക്ഷാവിഷയങ്ങൾ
(i) കെമിക്കൽ സയൻസസ് (ii) എർത്ത് അറ്റ്‌മോസ്ഫറിക് ഓഷ്യൻ ആൻഡ് പ്ലാനറ്ററി സയൻസസ് (iii) ലൈഫ് സയൻസസ് (iv) മാത്തമാറ്റിക്കൽ സയൻസസ് (v) ഫിസിക്കൽ സയൻസസ്
പരീക്ഷാഘടന, തീയതി
കംപ്യൂട്ടർ അധിഷ്ഠിതരീതിയിൽ നടത്തുന്ന മൂന്നുമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷ ഫെബ്രുവരി 16 മുതൽ 28 വരെയുള്ള കാലയളവിലായി നടത്തും. സമയം പിന്നീട് അറിയിക്കും. പരീക്ഷയ്ക്ക് ഒരു പേപ്പറാണുള്ളത്. വിശദമായ പരീക്ഷാഘടന വെബ്‌സൈറ്റിലെ ഇൻഫർമേഷൻ ബുള്ളറ്റിനിൽ ലഭിക്കും.
കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശ്ശൂർ. അപേക്ഷിക്കുമ്പോൾ, നാല് പരീക്ഷാകേന്ദ്രങ്ങൾ (സ്ഥിരം മേൽവിലാസം/നിലവിലെ മേൽവിലാസം അടിസ്ഥാനമാക്കിയുള്ള സംസ്ഥാനത്തെ കേന്ദ്രങ്ങളിൽനിന്നും) തിരഞ്ഞെടുത്തു നൽകണം.ജെ.ആർ.എഫിന് ഉയർന്ന പ്രായപരിധിയുണ്ട്. 1.2.2025-ന് 30 വയസ്സ് കവിഞ്ഞിരിക്കരുത്. ചില സംവരണവിഭാഗക്കാർക്കും വനിതകൾക്കും ഗവേഷണപരിചയമുള്ളവർക്കും അഞ്ചുവർഷംവരെ ഉയർന്ന പ്രായപരിധിയിൽ ഇളവുലഭിക്കും.അസിസ്റ്റന്റ് പ്രൊഫസർ അർഹതയ്ക്കും പിഎച്ച്.ഡി. പ്രവേശനത്തിനും അപേക്ഷിക്കാൻ ഉയർന്ന പ്രായപരിധിയില്ല.