കരിമ്പിൻതോടിലെ 9500 തേക്ക് മരങ്ങൾ ഇനി പാറാമ്പുഴയിലെ ലേലഡിപ്പോയിൽ
36.75 ഹെക്ടർ സ്ഥലത്താണ് കരിമ്പിൻതോട് വനത്തിൽ 1981 കാലത്ത് തേക്ക് മരങ്ങൾ നട്ടത്
എരുമേലി: 43 വർഷം മുമ്പ് വനത്തിൽ നട്ട 9500 തേക്ക് മരങ്ങൾ എരുമേലി കടക്കുകയാണ്. ഇന്നലെ ആദ്യ ലോഡുകൾ പുറപ്പെട്ടു. എരുമേലി ഫോറസ്റ്റ് റേഞ്ചിലെ കരിമ്പിൻതോട് വനമേഖലയിൽ 1981 കാലത്ത് നട്ട 9500 തേക്ക് മരങ്ങളാണ് കരാർ നൽകി ചുവടെ മുറിച്ചുനീക്കി കയറ്റിവിട്ടുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ മേയ് ആദ്യ ആഴ്ചയോടെയാണ് മരങ്ങൾ മുറിച്ചു തുടങ്ങിയത്. വളർച്ച കുറഞ്ഞവയാണ് വെട്ടി മാറ്റിയത്. വളർച്ചയിൽ മികവുള്ള മരങ്ങൾ നിലനിർത്തി. ഈ മരങ്ങൾ നന്നായി വളരുന്നതിന് വേണ്ടിയാണ് ഇവയുടെ ഇടയിലുള്ള ചെറുതും വലുതുമായ 9500 മരങ്ങൾ മുറിച്ചു നീക്കിയതെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ പറഞ്ഞു. മുറിച്ചു നീക്കുന്നതിൽ വലുപ്പം കൂടിയവയാണ് ഇപ്പോൾ ലോഡ് ചെയ്ത് കയറ്റി വിടുന്നത്. ഇവ കോട്ടയം പാറമ്പുഴയിലെ വനംവകുപ്പിന്റെ തടി ഡിപ്പോയിൽ എത്തിച്ച ശേഷം ലേലം ചെയ്യും. മറ്റുള്ളവ കരിമ്പിൻതോട് വനത്തിൽ തന്നെ സൂക്ഷിച്ചു ലേലം ചെയ്യാനാണ് തീരുമാനം. വലുപ്പം കൂടിയ മരങ്ങൾ ആറ് മീറ്റർ നീളത്തിലാണ് മുറിച്ചിടുന്നത്. മരങ്ങൾ ലോഡ് ആക്കി നീക്കുന്നതിനും കരാർ നൽകിയിട്ടുണ്ട്.
36.75 ഹെക്ടർ സ്ഥലത്താണ് കരിമ്പിൻതോട് വനത്തിൽ 1981 കാലത്ത് തേക്ക് മരങ്ങൾ നട്ടത്. ഇപ്പോൾ 43 വർഷം പിന്നിട്ടപ്പോൾ ഇടതൂർന്ന നിലയിൽ എല്ലാം വളർന്നത് മൂലം ഇടമുറിക്കൽ നടത്തിയില്ലെങ്കിൽ മരങ്ങൾക്ക് പൂർണ വളർച്ച കിട്ടില്ലെന്നായി. വളർച്ച തടസപ്പെട്ട മരങ്ങൾ ഇത് മൂലമാണ് മുറിച്ചു നീക്കാൻ തീരുമാനിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കുറഞ്ഞത് 60 വർഷമാണ് തേക്ക് മരങ്ങൾക്ക് പൂർണ വളർച്ചയെത്താനുള്ള കാലപരിധി. 60 വർഷം പൂർത്തിയാകുന്ന 2041ന് ശേഷമാണ് ഇനി ബാക്കിയുള്ള വലിയ തേക്ക് മരങ്ങൾ മുറിച്ചു നീക്കുക.
ഇനി വനത്തിൽ തേക്ക് ഉൾപ്പെടെ മരങ്ങൾ നട്ടുപിടിപ്പിച്ച് വളർത്തി വെട്ടി വിൽക്കുന്ന പ്ലാന്റേഷൻ രീതി വേണ്ടെന്നാണ് വനംവകുപ്പിലെ തീരുമാനമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. സ്വാഭാവിക വനം നിലനിർത്താൻ പ്ലാന്റേഷൻ പാടില്ലെന്നാണ് പൊതു അഭിപ്രായം. വനത്തിന്റെ ആവാസ വ്യവസ്ഥയ്ക്ക് പ്ലാന്റേഷൻ തടസമാണ്. വില്പന മൂല്യം കൂടിയ മരങ്ങൾ വനത്തിൽ നട്ട് വളർത്തി വിൽക്കുന്ന നിലയിലുള്ള പ്ലാന്റേഷൻ ബ്രിട്ടീഷ് കാലത്ത് തുടങ്ങിവച്ചതാണ്. ഈ രീതി പിന്നീട് വർധിച്ചതോടെ ഫലവൃക്ഷങ്ങളും വന വിഭവങ്ങളും വെള്ളവും ഭക്ഷണവും വനത്തിൽ കുറഞ്ഞു. വനത്തിലെ ആവാസ വ്യവസ്ഥ തന്നെ തകിടം മറിഞ്ഞു. വനത്തിൽ തീറ്റ ഇല്ലാതെ മൃഗങ്ങൾ കാടിറങ്ങുന്ന പ്രവണത വർധിച്ചത് ഇതുമൂലമാണ്.
വനമേഖലയ്ക്കുള്ളിൽ സ്വാഭാവിക വനത്തിന്റെ നിലനിൽപ്പ് സംരക്ഷിക്കുന്നതിന് പ്രാധാന്യം നൽകിയുള്ള മരങ്ങൾ നട്ട് വളർത്തുന്ന പ്ലാന്റേഷനാണ് ഇനി നടപ്പിലാക്കാൻ നിർദേശം ഉയർന്നിരിക്കുന്നത്.