ഡയറക്ട് സെല്ലിങ് കമ്പനികളെ നിയന്ത്രിക്കുന്നതിനുള്ള മോണിറ്ററിങ് മെക്കാനിസത്തിന്റെ മാർഗ്ഗരേഖ മുഖ്യമന്ത്രി പ്രകാശനം ചെയ്യും

Feb 18, 2025
ഡയറക്ട് സെല്ലിങ് കമ്പനികളെ നിയന്ത്രിക്കുന്നതിനുള്ള മോണിറ്ററിങ് മെക്കാനിസത്തിന്റെ മാർഗ്ഗരേഖ മുഖ്യമന്ത്രി പ്രകാശനം ചെയ്യും
CM PINARAYI VIJAYAN

ഡയറക്ട് സെല്ലിങ് കമ്പനികളെ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള മോണിറ്ററിങ് മെക്കാനിസത്തിന്റെ മാർഗ്ഗരേഖാ പ്രകാശനം ഫെബ്രുവരി 19ന് വൈകിട്ട് 5.30ന് സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഡയറക്ട് സെല്ലിങ് കമ്പനികളുടെ എൻറോൾമെന്റിനായി തയ്യാറാക്കിയ വെബ്പോർട്ടലിന്റെ ഉദ്ഘാടനം, ഡയറക്ട് സെല്ലിങ് മേഖലയുമായി ബന്ധപ്പെടുന്ന ഉപഭോക്താക്കൾക്ക് ബോധവൽക്കരണം നൽകുന്നതിനുള്ള വീഡിയോകളുടെ പ്രകാശനം എന്നിവയും മുഖ്യമന്ത്രി നിർവഹിക്കും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി എന്നിവർ വിശിഷ്ഠാതിഥികളായി പങ്കെടുക്കും.

വിതരണക്കാരുടെ ശൃംഖല സൃഷ്ടിച്ച് ഉൽപ്പന്നങ്ങളും സേവനങ്ങളും നേരിട്ട് ഉപഭോക്താക്കളിൽ എത്തിക്കുന്ന രീതിയാണ് ഡയറക്ട് സെല്ലിംഗ്. നൂതന വ്യാപാര സമ്പ്രദായങ്ങളും ഓൺലൈൻ വ്യാപാരവും വർദ്ധിച്ചു വരുന്ന ഈ കാലത്ത് ഉപഭോക്താക്കൾ നേരിടുന്ന ചൂഷണവും കബളിപ്പിക്കലും വലിയ ഒരു സാമൂഹിക പ്രശ്‌നമായി മാറിയിട്ടുണ്ട്. ഡയറക്ട് സെല്ലിംഗ് രംഗവും ഇതിൽ നിന്നും വിഭിന്നമല്ല. ഡയറക്റ്റ് സെല്ലിംഗ് മേഖലയിലെ കള്ളനാണയങ്ങളെ തിരിച്ചറിഞ്ഞ് അവരിൽ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന് ഒരു സർക്കാർ സംവിധാനം ഒരുക്കുക എന്നത് മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു.

ഈ വ്യാപാരമേഖല പുതിയതും സമ്പദ്ഘടനയ്ക്ക് ചെറുതല്ലാത്ത സംഭാവന നൽകുന്നതുമായ ഒന്നാണ്. അതുകൊണ്ടുതന്നെ വ്യവസായം എന്ന നിലയിലും തൊഴിൽമേഖല എന്ന നിലയിലും നിയമവിധേയമായി പ്രവർത്തിക്കുന്ന ഡയറക്ട് സെല്ലിങ് സ്ഥാപനങ്ങൾക്ക് സംരക്ഷണം നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

2019 ൽ നമ്മുടെ രാജ്യത്ത് പുതിയ ഉപഭോക്തൃ സംരക്ഷണനിയമം നിലവിൽ വന്നു. ഡയറക്ട് സെല്ലിംഗ് മേഖലയിലെ അനഭിലഷണീയ കച്ചവട പ്രവണതകൾ തടയുന്നതിനും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുമായി 2021 ൽ നിലവിൽ വന്ന ഡയറക്ട് സെല്ലിംഗ് കേന്ദ്രചട്ടങ്ങൾ നിഷ്‌കർഷിക്കുന്നത് സംസ്ഥാന സർക്കാരുകൾ ഈ മേഖലയിൽ ഒരു മോണിറ്ററിംഗ് സംവിധാനം രൂപീകരിക്കണം എന്നാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ്  സംസ്ഥാനത്തും മോണിറ്ററിങ് അതോറിറ്റിയും പ്രവർത്തന മാർഗ്ഗരേഖയും തയ്യാറാക്കിയത്. ഈ രംഗത്ത് പ്രവർത്തിക്കുന്നവരുടെയും വിദഗ്ധരുടെയും അഭിപ്രായ സ്വരൂപണം നടത്തിയാണ് മോണിറ്ററിംഗ് മെക്കാനിസവും മാർഗ്ഗരേഖയും ഉപഭോക്തൃകാര്യ വകുപ്പ് തയ്യാറാക്കിയിട്ടുള്ളത്.

രാജ്യത്തിന് തന്നെ മാതൃകയായ തരത്തിലുള്ള ഒന്നാണ് കേരളം തയ്യാറാക്കിയ മാർഗരേഖ. ഉപഭോക്തൃ സംരക്ഷണം മുൻനിർത്തി ഡയറക്ട് സെല്ലിംഗ് രംഗത്തെ ചതിക്കുഴികൾ തടയുവാനാണ് ശക്തമായ മോണിറ്ററിംഗ് സംവിധാനവും മാർഗ്ഗരേഖയും തയ്യാറാക്കിയിട്ടുള്ളത്. പോലീസ്, ലീഗൽ മെട്രോളജി, ഫുഡ് സേഫ്റ്റി, കേന്ദ്ര-സംസ്ഥാന ജി.എസ്.ടി കമ്മീഷണർമാർ എന്നിവർ അംഗങ്ങളായിട്ടുള്ള മോണിറ്ററിംഗ് അതോറിറ്റി കുറ്റക്കാർക്കെതിരെ കൃത്യതയാർന്ന നിയമ നടപടികൾ ഉറപ്പുവരുത്തുന്നു.

നിലവിലെ മാർഗരേഖ പ്രകാരം സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഡയറക്ട് സെല്ലിംഗ് കമ്പനികൾ മോണിറ്ററിംഗ് അതോറിറ്റി മുൻപാകെ എൻറോൾ ചെയ്യണമെന്ന് നിഷ്‌കർഷിക്കുന്നുണ്ട്. ഡയറക്ട് സെല്ലിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾ സമർപ്പിക്കുന്ന അപേക്ഷയും മറ്റ് അനുബന്ധ രേഖകളും പരിശോധിച്ച് കമ്പനിയുടെ വിശ്വാസ്യത ഉറപ്പുവരുത്തി എൻറോൾ ചെയ്യുകയും അത്തരം കമ്പനികളുടെ ലിസ്റ്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു.

ഇതിലൂടെ ഉപഭോക്താക്കൾക്ക് ശരിയായ ഡയറക്ട് സെല്ലിംഗ് കമ്പനികളെ തിരിച്ചറിയാനും തട്ടിപ്പിനിരയാകാതെ സ്വയം സംരക്ഷിക്കാനും സാധിക്കും. നിയമാനുസൃതം പ്രവർത്തിക്കുന്ന കമ്പനികൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യുകയും നിയമവിരുദ്ധമായി ഡയറക്ട് സെല്ലിങ് എന്ന മറ ഉപയോഗിച്ച് മണി ചെയിനുകൾ, പിരമിഡ് സ്‌കീമുകൾ തുടങ്ങിയവ നടത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുക എന്നതാണ് സർക്കാർ നയം.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.