ന്യൂഡൽഹി : 2025 ഒക്ടോബർ 14
1. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ (ECI) 2025 ഒക്ടോബർ 6 ന് ബീഹാർ നിയമസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന്റെയും 6 സംസ്ഥാനങ്ങളിലെ 8 നിയമസഭാ മണ്ഡലങ്ങളിലേക്കും ജമ്മു & കശ്മീർ കേന്ദ്രഭരണ പ്രദേശങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പുകളുടേയും ഷെഡ്യൂൾ പ്രഖ്യാപിച്ചു.
2. എല്ലാ രജിസ്റ്റർ ചെയ്ത/ദേശീയ, സംസ്ഥാന രാഷ്ട്രീയ പാർട്ടികളും മത്സരിക്കുന്ന എല്ലാ സ്ഥാനാർത്ഥികളും സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് മാധ്യമങ്ങളിലെ എല്ലാ രാഷ്ട്രീയ പരസ്യങ്ങളുടെയും പ്രസിദ്ധീകരണത്തിന് മുമ്പ് മുൻകൂർ സാക്ഷ്യപ്പെടുത്തലിനായി മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിക്ക് (എംസിഎംസി) അപേക്ഷ നൽകണമെന്ന് 2025 ഒക്ടോബർ 9-ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചു.
3. നിർദ്ദിഷ്ട മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് രാഷ്ട്രീയ പരസ്യങ്ങളുടെ മുൻകൂർ-സാക്ഷ്യപ്പെടുത്തലിനായി ജില്ലാ, സംസ്ഥാന തലങ്ങളിൽ എംസിഎംസികൾ രൂപീകരിച്ചിട്ടുണ്ട്.
4. രാഷ്ട്രീയ പാർട്ടികളോ സ്ഥാനാർത്ഥികളോ എംസിഎംസിയിൽ നിന്നുള്ള മുൻകൂർ സർട്ടിഫിക്കറ്റ് നേടാതെ, സോഷ്യൽ മീഡിയ വെബ്‌സൈറ്റുകൾ ഉൾപ്പെടെയുള്ള ഇന്റർനെറ്റ് അധിഷ്ഠിത മാധ്യമങ്ങളിലോ വെബ്‌സൈറ്റുകളിലോ രാഷ്ട്രീയ പരസ്യങ്ങൾ പ്രസിദ്ധീകരിക്കാൻ പാടില്ല.
5. മാധ്യമങ്ങളിൽ പണം നൽകി വാർത്തകൾ പ്രചരിക്കുന്നതായി സംശയിക്കുന്ന കേസുകളിൽ എംസിഎംസികൾ കർശനമായ നിരീക്ഷണം നടത്തുകയും ഉചിതമായ നടപടി സ്വീകരിക്കുകയും വേണം.
6. കൂടാതെ, തെരഞ്ഞെടുപ്പ് രംഗത്ത് സോഷ്യൽ മീഡിയയുടെ കടന്നുകയറ്റം കണക്കിലെടുത്ത്, നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന സമയത്ത് സ്ഥാനാർത്ഥികൾ അവരുടെ ആധികാരിക സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിശദാംശങ്ങൾ പങ്കുവയ്ക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
7. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 77(1) ഉം സുപ്രീം കോടതിയുടെ നിർദ്ദേശങ്ങളും അനുസരിച്ച്, നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയായി 75 ദിവസത്തിനുള്ളിൽ രാഷ്ട്രീയ പാർട്ടികൾ സോഷ്യൽ മീഡിയ വെബ്‌സൈറ്റുകൾ ഉൾപ്പെടെയുള്ള ഇന്റർനെറ്റ് വഴിയുള്ള പ്രചാരണത്തിന് ചെലവഴിച്ചതിന്റെ വിശദാംശങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കണം.
8. അത്തരം ചെലവുകളിൽ, മറ്റ് കാര്യങ്ങൾക്കൊപ്പം, ഇന്റർനെറ്റ് കമ്പനികൾക്കും വെബ്‌സൈറ്റുകൾക്കും പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിനായി നൽകിയ പണവും, ഉള്ളടക്ക വികസനത്തിനായുള്ള പ്രചാരണവുമായി ബന്ധപ്പെട്ട ചെലവുകളും അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിപാലിക്കുന്നതിനുള്ള പ്രവർത്തന ചെലവുകളും ഉൾപ്പെടുന്നു.